അട്ടപ്പാടിയിൽ പരിസ്ഥിതി ദുർബല മേഖലയിൽ വ്യാപക കുന്നിടിക്കൽ
text_fieldsകോഴിക്കോട്: പാലക്കാട് അട്ടപ്പാടിയിൽ പരിസ്ഥിതി ദുർബല മേഖലയിൽ വ്യാപക കുന്നിടിക്കൽ നടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ. പരിസ്ഥിതിലോല പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് കുന്നിടിച്ച് നിരപ്പാക്കുന്നുവെന്നാണ് ആദിവാസികൾ പറയുന്നത്. ഇത് സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ ആക്ഷൻ കൗൺസിൽ പുറത്ത് വിട്ടു. പാരിസ്ഥിതികമായി വലിയ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് കുന്നിടിക്കൽ നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.
സ്വകാര്യ വ്യക്തികൾ പരിസ്ഥിതി ലോല പ്രദേശമാണെന്നത് പരിഗണിക്കാതെയാണ് ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ വൻതോതിൽ കുന്നുകൾ ഇടിച്ച് നിരത്തുന്നത്. പാടവയൽ വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ ഇതിനെല്ലാം കൂട്ടുനിൽക്കുകയാണെന്നും ആദിവാസികൾ ആരോപിക്കുന്നു. പരാതി നൽകിയാലും ഉദ്യോഗസ്ഥർ ആരും ഈ പ്രദേശത്തേക്ക് വരില്ല. പരിസ്ഥിതി നിയമവും ചട്ടവുമെല്ലാം അട്ടിമറിച്ചാണ് കുന്നിടിക്കൽ തുടരുന്നത്.
ഭൂമാഫികളുടെ കൈവശം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച റവന്യൂ രേഖകളുണ്ടെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. വ്യാജരേഖകളുടെ മറവിൽ വനം, പൊലീസ്, റവന്യൂ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെ പിന്തുണയോടെയാണ് പരിസ്ഥിതി ദുർബല മേഖലയിൽ കൈയേറ്റം നടന്നത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയും ഇവർക്ക് ലഭിക്കുന്നു.
വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമിയാണ് കൈയേറിയിരിക്കുന്നത്. ആദിവാസികളുടെ പൂർവികർ കൊത്തുകാട് കൃഷി നടത്തിയിരുന്ന ഭൂമിയാണിത്. നിലവിൽ ആടുമാടുകളുടെ മേച്ചിൽ പുറങ്ങളുമാണ്. 2006ലെ വനാവകാശ നിയമ പ്രകാരം സാമൂഹിക വനാവകാശത്തിന്റെ പരിധിയിൽ വരുന്ന ഭൂമികളെല്ലാം വളരെ വ്യാപകമായ തോതിൽ അനധികൃതമായി കൈയേറ്റം നടത്തി തട്ടിയെടുക്കുകയാണിവിടെ.
രാത്രിയും പകലുമായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്നുകൾ ഇടിച്ചു നിരപ്പാക്കുകയാണ്. സ്വാഭാവികമായി പരിസ്ഥിതിക്ക് വൻ തകർച്ചയുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. റിസോർട്ട് നിർമാണത്തിനാണ് ഈ മേഖലയിൽ കുന്നുകൾ നിരപ്പാക്കുന്നത്. വനാന്തരങ്ങളിൽ നിന്നും കുടിവെള്ളം തേടി പാരമ്പര്യ വഴികളിലൂടെ വരുന്ന ആനകളുടെ വഴിത്താരകൾ അനധികൃതമായി തടസപ്പെടുത്തിയാണ് ഫെൻസിങ് സ്ഥാപിക്കുന്നത്.
കൈയേറിയ ഭൂമിക്ക് വളരെ ബലമുള്ള സൗരോർജ്ജ വേലി സ്ഥാപിച്ചതിനാൽ ആനകൾ വഴിമാറി സഞ്ചരിച്ച് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. കുടിവെള്ളം തേടി വനങ്ങളിൽ നിന്ന് എത്തുന്ന ആനകളുടെ സഞ്ചാരം തടയുന്നതിന്റെ ഫലമായി അക്രമം കൂടുകയാണ്. ആനകൾ അട്ടപ്പാടി ജനവാസ മേഖലയിൽ എത്തുന്നത് നിത്യസംഭവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.