ഏപ്രില്‍ പത്തിനകം വീടുകളിൽ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ കർമപദ്ധതി
text_fieldsകൊച്ചി: ഏപ്രില്‍ പത്തിനകം മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ട് പോകാൻ തീരുമാനം. എറണാകുളത്തെ മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും പി.രാജീവിന്റെയും നേതൃത്വത്തില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഭവനസന്ദര്‍ശന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി സന്ദര്‍ശന സംഘത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 23, 24 തീയതികളിലായി പരിശീലനം നല്‍കും.ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എന്‍.എസ്.എസ് വൊളണ്ടിയേഴ്സ്, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സംഘമാണ് ബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നത്. മാര്‍ച്ച് 25, 26 തീയതികളില്‍ കൊച്ചി നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അടങ്ങിയ നോട്ടീസും വിതരണം ചെയ്യും.
ഇതേ മാതൃകയില്‍ മറ്റ് തദേശ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ മന്ത്രി നിര്‍ദേശിച്ചു. എല്ലാ ആഴ്ചയിലും പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ബോധവത്കരണത്തിന് ശേഷം മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.
ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങള്‍ വീടുകളിലുണ്ടോ, ഉണ്ടെങ്കില്‍ അവ കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അപര്യാപ്തമായ തദേശ സ്ഥാപനങ്ങള്‍ ഉടന്‍ കുറവ് നകത്തണം. മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളുടെ (എം.സി.എഫ്) എണ്ണം കുറവുള്ള തദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം.
മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. കർമപദ്ധതി പ്രകാരം ഇതുവരെ ചെയ്ത കാര്യങ്ങള്‍ ജില്ലയിലെ എല്ലാ നഗരസഭകളോടും മന്ത്രി എം.ബി. രാജേഷ് ചോദിച്ചറിഞ്ഞു. ജില്ലയിലെ എല്ലാ നഗരസഭകളിലും കർമപദ്ധതി പ്രകാരമുള്ള പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.