തേനീച്ച കർഷകർക്ക് പ്രഹരമായി വ്യാജന്റെ കടന്നുകയറ്റം
text_fieldsകോട്ടയം: അന്തർ സംസ്ഥാനങ്ങളിൽനിന്ന് വ്യാജനും ഗുണമേന്മ കുറഞ്ഞതുമായ തേനുകളുടെ കടന്നുകയറ്റം വിപണിയിൽ തേൻ കർഷകർക്ക് തിരിച്ചടിയാകുന്നു. വൻകിട കമ്പനികളുടെയും വരവും പ്രതികൂല കാലാവസ്ഥയും വ്യാജ പ്രചാരണങ്ങളും നാടൻ കർഷകർക്ക് വിപണിയിൽ വെല്ലുവിളിയാകുന്നു. മുമ്പ് തേൻ എടുക്കാൻ ഖാദി കമീഷന്റെ ഹണി മാർക്കറ്റിങ്ങിനായി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് ഹണി ഡിപ്പോ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു.
പഞ്ചസാര ലായനി ചേർത്താണ് തേൻ ഉൽപാദിപ്പിക്കുന്നതെന്ന വ്യാജ പ്രചാരണവും ഈ മേഖലയിൽ സജീവമാണ്. നേരത്തേയെത്തിയ വേനൽമഴയെ തുടർന്ന് തേനുൽപാദനം കുറഞ്ഞതും കർഷകരെ പ്രതിസന്ധിയിലാക്കി.
വർഷത്തിൽ രണ്ട് തവണയാണ് തേനുൽപാദനം നടക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസമാണ് വിളവെടുപ്പ് കാലം. എന്നാൽ, രണ്ട് വർഷമായി ഉൽപാദനം നടക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ഹോർട്ടികോർപ്, റബർ ബോർഡ്, ഖാദി ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ തേനീച്ച കർഷകർക്ക് പ്രോത്സാഹന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഉൽപാദനത്തിൽ വലിയ കുറവാണുണ്ടായത്. ജില്ലയിൽ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് തേൻകൃഷി കൂടുതലായുള്ളത്. 12 കിലോ തേൻ വരെ ഒരു പെട്ടിക്കുള്ളിൽനിന്ന് ലഭിക്കും. ഇപ്പോൾ, നാല് കിലോയിൽ താഴെയാണ് ലഭിക്കുന്നത്. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്.
150 രൂപയിൽ താഴെയാണ് ഒരു കിലോ തേനിന്റെ മൊത്തവ്യാപാര വില. ഒരു കിലോ ചെറുതേനിന് 3000 രൂപയാണ് വില. പെട്ടി നിർമിക്കാൻ 650 രൂപയും തൊഴിലാളികൾക്ക് 1000 രൂപയും ചെലവാകുന്നുണ്ട്.
വെല്ലുവിളിയായി കാലാവസ്ഥവ്യതിയാനം
കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം പൂവും പൂമ്പൊടിയും ലഭ്യമല്ല. ഇതിനാൽ കർഷകർ പഞ്ചസാര ലായനിയാക്കിയാണ് തീറ്റയായി നൽകുന്നത്. ഒരുമാസം മൂന്ന് തവണയാണ് തീറ്റ നൽകേണ്ടത്. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരക്കിലോയിലധികം പഞ്ചസാരയാണ് വേണ്ടിവരുന്നത്. പണിക്കൂലി വർധനയും ചെലവും പഞ്ചസാരയുടെ വില വർധനയും പ്രതിസന്ധിയാണ്.
തൊഴിലാളികൾ ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. തേൻ എടുക്കാനും മറ്റും പരിശീലനം ലഭിച്ചവരുടെയും അഭാവവും ഉണ്ട്. ഫുഡ് ആൻഡ് സേഫ്റ്റിയുടെ പുതിയ നിർദേശമനുസരിച്ച്, തേനിൽ 20 ശതമാനത്തിൽ കൂടുതൽ ജലാംശം പാടില്ലെന്നാണ്. അതിനാൽ, പഞ്ചസാര ലായനി തേനീച്ചയുടെ വർഷകാല ഭക്ഷണമായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. തേൻ കൂടുതലായും മരുന്നായാണ് ഉപയോഗിക്കുന്നത്. ഉപോൽപന്നങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ജാം, ശീതളപാനീയങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളും ഉപയോഗിച്ചാൽ തേൻ കർഷകർക്ക് വിപണി സജീവമാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.