ചൂട് കൂടുന്നു; വില്ലനായി ഈർപ്പം, ഉച്ചക്ക് 33 സെന്റിഗ്രേഡിലേക്കുവരെ കുതിക്കുന്നു
text_fieldsതൃശൂർ: മഴക്കു പിന്നാലെ കേരളം ചൂടിൽ വലയുന്നു. മുമ്പ് സെപ്റ്റംബർ മാസത്തിൽ 25 മുതൽ 26 വരെ സെന്റിഗ്രേഡിലായിരുന്നു ചൂടെങ്കിൽ നിലവിൽ രാവിലെത്തന്നെ 28 സെന്റിഗ്രേഡ് രേഖപ്പെടുത്തുന്നു. പുലർച്ച ചെറിയ തോതിലുണ്ടാവുന്ന മഞ്ഞിന് പിന്നാലെയാണ് ചൂട് കനക്കുന്നത്. ഉച്ചക്ക് 33 സെന്റിഗ്രേഡിലേക്കുവരെ കുതിക്കുന്നുമുണ്ട്. അതേസമയം, വൈകീട്ട് 31ലേക്ക് മാത്രമേ ചുരുങ്ങുന്നുള്ളൂ.
പകൽച്ചൂടിന് അനുസരിച്ച് രാത്രിചൂടും കൂടുകയാണ്. മഞ്ഞിനു പിന്നാലെയുള്ള ചൂട് ശാരീരിക പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലേതിന് തുല്യമായ ഉഷ്ണമാണ് മൺസൂൺ കാലത്ത് അനുഭവപ്പെടുന്നത്. മാപിനികളിൽ രേഖപ്പെടുത്തുന്ന അളവിനെക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസിൽ അധികമാണ് ചൂട് അനുഭവപ്പെടുന്നത്.
കഴിഞ്ഞ 10 ദിവസത്തോളമായി മഴ മാറിനിൽക്കുകയാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സജീവ സാന്നിധ്യമുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പ സാന്നിധ്യമാണ് ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ പറഞ്ഞു. തെക്കോട്ടു നീങ്ങുന്ന ദക്ഷിണായനത്തിൽ സൂര്യൻ ഭൂമധ്യ രേഖക്ക് നേർ മുകളിലാണുള്ളത്.
ഇത് ഭൂമിയിലേക്ക് നേരിട്ട് സൂര്യന്റെ ചൂട് എത്താൻ കാരണമാണ്. മലനാടിനൊപ്പം ഇടനാടും ഇതിൽനിന്ന് വിഭിന്നമല്ല. അതേസമയം, തീരപ്രദേശങ്ങളിൽ ഇതര മേഖലകളെക്കാൾ കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്. കാലവർഷത്തിന്റെ അടയാളമായി ഇടക്കിടെ ഉണ്ടാവുന്ന മൂടിക്കെട്ടിയ അന്തരീക്ഷം ആശ്വാസം നൽകുന്നതാണെങ്കിലും പുഴുക്ക് കൂട്ടുന്നതാണ്. ഒക്ടോബറോടെ തുലാവർഷം കനത്താൽ ആശ്വാസം പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.