സംസ്ഥാനത്ത് ആനത്താരകൾക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയെന്ന് എ.കെ ശശീന്ദ്രൻ
text_fieldsകോഴിക്കോട് : സംസ്ഥാനത്ത് ആനത്താരകൾക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്ത് ഏഴ് ആനത്താരകളാണ് നിലവിലുള്ളതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. തിരുനെല്ലി-കുദ്രക്കോട്, നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം, നിലമ്പൂർ-അപ്പൻ കാപ്പ്, മുതമല-നിലമ്പൂർ 'ഒ' വാലി, പേര്യ- പക്രാന്താളം, ബേഗൂർ- ബ്രഹ്മഗിരി, കൊട്ടിയൂർ- പേരിയ എന്നിവയാണ് ഈ ആനത്താരകൾ.
തിരുനെല്ലി-കുദ്രക്കോട് ആനത്താര കേരളത്തിന്റേതു മാത്രമാണ്. ഇതിന്റെ നീളം ആറ് കി.മീറ്ററും, വീതി ഒന്നു മുതൽ ഒന്നര കി.മീറ്ററും ആണ്. ഈ ആനത്താര പൂർണമായി ഏറ്റെടുത്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആനത്താര വയനാട് വന്യജീവി സങ്കേതത്തിൽ കീഴിൽ വരുന്ന തിരുൾക്കുന്ന് വനം വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച് 3.53 ഏക്കറും വലിയ എമ്മടി വന്യജീവി സങ്കേതമായി 6.1 ഏക്കറും കോട്ടപ്പടി റിസർവ് ഫോറസ്റ്റായി 8.37 ഏക്കറും ഏറ്റെടുത്തു.
നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം ആനത്താരയും കേരളത്തിന്റേതു മാത്രമാണ്. ഈ ആനത്താരക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. ഇതിന്റെ നീളം ഒരു കി.മീറ്ററും വീതി അര കി.മീറ്ററും ആണ്. നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം, ആനത്താരയിലൂടെ കടന്നു നിലമ്പൂർ, ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ആന റോഡ് മുറിച്ച് കടക്കുന്ന സ്ഥലങ്ങളിൽ താഴ്ന്ന ഭാഗങ്ങളിൽ റാമ്പുകൾ ഒരുക്കിയും ഉയർന്ന ഭാഗങ്ങളിൽ മൺതിട്ടകൾ നിരപ്പാക്കിയും റോഡിന്റെ പാർശ്വഭിത്തിയുടെ ഉയരം കുറച്ചും ആനകളുടെ സഞ്ചാരത്തിന് സൗകര്യമൊരുക്കി. അതോടൊപ്പം ആനകൾ റോഡ് മുറിച്ച് കടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പൊതുജന അവബോധത്തിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആനകൾ ഉൾപ്പടെയുളള വന്യജീവികളുടെ സഞ്ചാരം നീരീക്ഷിക്കുന്നതിന് നിശ്ചിത കാലയളവുകളിൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു.
നിലമ്പൂർ നോർത്ത് ഡിവിഷനിൽ കാട്ടാനകൾ മനുഷ്യവാസ പ്രദേശത്ത് ഇറങ്ങുന്നത് ഒഴിവാക്കുന്നതിന് നിലമ്പൂർ-അപ്പൻ കാപ്പ് ഇടനാഴി നിർമിക്കുന്നതിന് പദ്ധതി തയാറാക്കി. ഈ ഇടനാഴി നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ, വഴിക്കടവ് റേഞ്ചുകളെ ബന്ധിപ്പിക്കുന്നതാണ്. ഈ ഇടനാഴി കേരള - തമിഴിനാട് അന്തര-സംസ്ഥാന അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ആനകൾ സൗത്ത് വയനാട് ഡിവിഷനിൽനിന്നും തമിഴ്നാട്ടിലെ ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷൻ വഴി നിലമ്പൂർ സൗത്ത് ഡിവിഷനിലേക്കും ഈ ഇടനാഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട്.
ഈ ഇടനാഴിയ്ക്ക് 0.4 കി.മീ. നീളവും 0.5 കി.മീ. വീതിയുമുണ്ട്. ഈ പദ്ധതിക്ക് നിലമ്പൂർ നോർത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന നിലമ്പൂർ താലൂക്കിലെ പോത്തുങ്കൽ വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ആറ് എസ്റ്റേറ്റുകളിൽ നിന്നായി 22.82 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം.
മുതമല-നിലമ്പൂർ 'ഒ' വാലി അന്തർ സംസ്ഥാന ആനത്താരയാണ്. ഇതിൽ കേരള സംസ്ഥാനത്തിന്റെ ഭാഗം വരുന്ന സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. ഇത് നിലമ്പൂർ നോർത്ത് ഡിവിഷനും തമിഴ്നാട്ടിലെ മുതുമലൈ ടൈഗർ റിസർവുമായിബന്ധപ്പെട്ടിട്ടുള്ള ഒരു ഇടനാഴിയാണ്. ഇതിന് 35 കി.മീ. നീളവും 0.1 കി.മീ. വീതിയുണ്ട്.
പേര്യ- പക്രാന്താളം കേരളത്തിന്റെ ആനത്താരയാണ്. ഇതിന്റെ നീളം 3.5 കി.മീറ്ററും, വീതി 0.2 കി.മീറ്ററും ആണ്. ഈ ആനത്താരയുടെ സ്ഥലം ഏറ്റെടുക്കുവാനുണ്ട്. ഇത് വയനാട് നോർത്ത് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ആനത്താരയാണ്.
ബേഗൂർ- ബ്രഹ്മഗിരി അന്തർ സംസ്ഥാന ആനത്താരയാണ്. ഇതിന്റെ നീളം ഒരു കി.മീറ്ററും, വീതി 0.8 കി.മീറ്ററും ആണ്. ആനത്താരയുടെ സ്ഥലം ഏറ്റെടുക്കാനുണ്ട്. ഇത് കേരളത്തിലെ വയനാട് വന്യജീവി സങ്കേതവും കർണ്ണാടകത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും നാഗർഹോള ടൈഗർ റിസർവുമായും ബന്ധപ്പെട്ട് കിടക്കുന്നു.
കൊട്ടിയൂർ- പേര്യ സംസ്ഥാനത്തിന്റെ ആനത്താരയാണ്. ഇതിന്റെ നീളം 3.0 കി.മീറ്ററും, വീതി 0.1 കി.മീറ്ററും ആണ്. ഈ ആനത്താരയുടെ സ്ഥലം ഏറ്റെടുക്കണം. ഇത് കണ്ണൂർ ഡിവിഷന്റെ വയനാട് നോർത്ത് ഡിവിഷന്റെ ഭാഗമായിട്ടുള്ള ആനത്തരയാണ്. കൊട്ടിയൂർ പേര്യ ആനത്താരയിൽപ്പെട്ട സി.ആർ.പി കുന്ന് എന്ന സ്ഥലത്ത് 4.8 ഹെക്ടർ ഭൂമി, ഇതുവരെ വനം വകുപ്പ് ഏറ്റെടുത്തു. കൊട്ടിയൂർ- പേര്യ ആനത്താരയിൽ ഉൾപ്പെട്ട റവന്യൂ ഏറ്റെടുക്കുന്നതിന് വയനാട് കലക്ടറെ നിയോഗിച്ചു.
സൗത്ത് വയനാട് ഡിവിഷനിൽ ആനത്താരയുടെ പുനസ്ഥാപനത്തിനായി, തരിയോട് ആനത്താര പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിനായി കൽപ്പറ്റ റെയിഞ്ചിൽ പടിഞ്ഞാറത്തറ സെക്ഷനിൽ വരുന്നതും വൈത്തിരി താലൂക്ക് തരിയോട് വില്ലേജിൽ റീസർവേ ബ്ലോക്ക് നാലിൽ വരുന്ന 86.87 ഹെക്ടർ സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനം വകുപ്പിന് കൈമാറിയിരുന്നു. ഈ ഭൂമി റവന്യൂ രേഖകളിൽ വനഭൂമിയായി തരംമാറ്റുന്നതിന് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടു. ഈ നടപടി പൂർത്തിയായിട്ടില്ല. നോർത്ത് വയനാട് ഡിവിഷനിൽ പേര്യ റെയിഞ്ച് പരിധിയിലെ കൊട്ടിയൂർ-പേര്യ ആനത്താരയിൽപ്പെട്ട 95 ഹെക്ടർ ഭൂമിയും, പേര്യ-പക്രന്തളം ആനത്താരയിൽപ്പെട്ട 12.87 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നതിനുള്ള നടപടികളും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.