ഡി.ഐ.ജിയുടെ നേതൃത്വത്തിൽ കടുവയെ പിടിക്കാൻ തിരച്ചിൽ ശക്തമാക്കിയെന്ന് എ.കെ ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം : വയനാട് വാച്ചർ മുതൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെയുള്ള ഉദ്യോഗസ്ഥരുടെ വലിയ സംഘം ഡി.ഐ.ജിയുടെ നേതൃത്വത്തിൽ കടുവയെ പിടിക്കാനായി തിരച്ചിൽ നടത്തുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മയക്കുവെടിവെച്ചോ കൂട്ടിൽ കെണിയൊരുക്കിയോ പിടികൂടുകയാണ് ലക്ഷ്യം. കടുവയെ വെടിവെച്ചു കൊല്ലുന്നതിന് ഒട്ടേറെ നിയമതടസങ്ങൾ ഉണ്ട്.
കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് സഹായധനം ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ജോലി ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. രൂക്ഷമായ കുരങ്ങ് ശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിലെ വെറ്ററിനറി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. മൃഗസംരക്ഷണ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉടൻ ലഭ്യമാക്കും.
വന്യമൃഗങ്ങൾ തുടർച്ചയായി വനാതിർത്തിയിൽ താമസിക്കുന്ന കർഷകരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. വയനാട്ടിൽ കടുവ ആക്രമിച്ച് കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധത്തെയും വികാരത്തെയും മനസിലാക്കുന്നു. എന്നാൽ പ്രക്ഷോഭം അതിരുവിടരുതെന്ന് മന്ത്രി അഭ്യർഥിച്ചു.
കടുവയെ തേടുന്ന സ്ഥലത്ത് ഒട്ടേറെ ജനങ്ങൾ കൂട്ടമായി എത്തിയാൽ പിടികൂടുക സാധ്യമല്ല. ഇത് തിരിച്ചറിഞ്ഞ് ആളുകൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം. വർധിച്ച വന്യമൃഗശല്യം നേരിടാൻ കൂടുതൽ അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും വകുപ്പിന് ലഭ്യമാക്കും. നിരീക്ഷണ ക്യാമറകളുടെ എണ്ണം വർധിപ്പിക്കുക, ദ്രുതകർമ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രകൃതിയും വനവും വന്യജീവികളെയും സംരക്ഷിക്കുക എന്നതിനൊപ്പം പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇതു രണ്ടും ഏകോപിപ്പിച്ചു കൊണ്ട്, സംഘർഷം ഒഴിവാക്കാനുള്ള നടപടികൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്ന് മാത്രമായി 500 പേരെ വകുപ്പിലേക്ക് നിയമിക്കുന്ന പ്രവൃത്തി പൂർത്തിയായതായി. അവരെ ഉടൻ തന്നെ ജില്ലാതലത്തിൽ വിന്യസിക്കും. ജീവനക്കാരുടെ എണ്ണം കൂടുമ്പോൾ അവശ്യഘട്ടങ്ങളിലേക്ക് താത്ക്കാലിക ദ്രുതകർമ്മ ടീം രൂപീകരിക്കാനാകും. കടുവ പ്രശ്നത്തിൽ സർക്കാർ ഏറെ ഫലപ്രദമായാണ് പ്രവർത്തിക്കുന്നതെന്നും വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.