കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ വനങ്ങളിൽ കഴുകന്മാരുടെ എണ്ണത്തിൽ വർധനവ്
text_fieldsചെന്നൈ: കഴുകന്മാരുടെ കണക്കെടുപ്പിൽ കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് വനംവകുപ്പ്. തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിലെ ഏഴ് കടുവാ സങ്കേതങ്ങളിലെയും വനമേഖലകളിലെയും കഴുകന്മാരുടെ എണ്ണം 2023 ഫെബ്രുവരിയിൽ 246 ആയിരുന്നത് ഡിസംബറിൽ 308 ആയി ഉയർന്നു. ലോങ് ബില്‍ഡ് വള്‍ച്ചര്‍, റെഡ് ഹെഡഡ് വള്‍ച്ചര്‍, ഈജിപ്ഷ്യന്‍ വള്‍ച്ചര്‍, ഹിമാലയന്‍ വള്‍ച്ചര്‍ എന്നീ ഇനങ്ങളെ സര്‍വേയ്ക്കിടെ കണ്ടെത്തിയിരുന്നു.
മുതുമല കടുവ സങ്കേതം, സത്യമംഗലം കടുവ സങ്കേതം, ബന്ദിപ്പുര്‍ കടുവ സങ്കേതം, ബി.ആര്‍ടി. കടുവ സങ്കേതം, നാഗര്‍ഹോളെ കടുവ സങ്കേതം, വയനാട് വന്യജീവി സങ്കേതം തുടങ്ങിയ പ്രദേശങ്ങളില്‍ ഡിസംബര്‍ 30, 31 തീയതികളിലാണ് സര്‍വേ സംഘടിപ്പിച്ചത്. മുതുമലയിലാണ് ഏറ്റവുമധികം കഴുകന്മാര്‍ വാസമുറപ്പിച്ചിരിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി. 78 എണ്ണത്തിനെയാണ് മുതുമല കടുവ സങ്കേതത്തില്‍ നിന്ന് കണ്ടെത്തിയത്. സത്യമംഗലം (70), ബന്ദിപ്പുര്‍ (65), ബി.ആര്‍.ടി (14) , നാഗര്‍ഹോളെ (38), വയനാട് (51) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍. ഗുരുതര വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സര്‍വേ.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം ചെറിയ വർധന പോലും പ്രതീക്ഷാജനകമാണെന്ന് സർവേ ഫലം പുറത്തുവിട്ടുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി (പരിസ്ഥിതി, വനം) സുപ്രിയ സാഹു പറഞ്ഞു. സംസ്ഥാനതല സമിതി രൂപീകരിക്കുക, ഫാർമസിസ്റ്റുകൾക്കും മൃഗഡോക്ടർമാർക്കും പരിശീലനം നൽകൽ, കഴുകൻ കൂടുണ്ടാക്കൽ എന്നിവയ്ക്ക് സഹായകമായ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കഴുകന്മാരുടെ എണ്ണം നിരീക്ഷിക്കുന്നതിനായി വർഷത്തിൽ രണ്ടുതവണയോ കുറഞ്ഞത് ഒരിക്കലെങ്കിലും ഇത്തരം സെൻസസ് നടത്തണമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.