Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightആന-മനുഷ്യ സംഘർഷം...

ആന-മനുഷ്യ സംഘർഷം ഒഴിവാക്കാൻ കാട്ടാനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാൻ ബംഗാൾ വനംവകുപ്പ്

text_fields
bookmark_border
ആന-മനുഷ്യ സംഘർഷം ഒഴിവാക്കാൻ കാട്ടാനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാൻ ബംഗാൾ വനംവകുപ്പ്
cancel

കൊൽക്കത്ത: സംസ്ഥാന സർക്കാറിന് തലവേദന തീർത്ത് ബംഗാളിൽ ക്രമാതീതമായി അധികരിക്കുന്ന ആന-മനുഷ്യ സംഘർഷം ഒഴിവാക്കാൻ കാട്ടാനകളെ റേഡിയോ കോളർ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ബംഗാളിലെ വനം വകുപ്പിന്റെ തീരുമാനം. ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വഴിതെറ്റിയെത്തുന്നത് തടയാൻ നടപടി സ്വീകരിക്കാൻ വനം വകുപ്പിനോട് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നിർണായക നീക്കം.

2024ൽ ബംഗാളിലെ കാട്ടുപ്രദേശങ്ങൾക്ക് സമീപമുള്ള ഗ്രാമങ്ങളിൽ ആനകൾ ഇടഞ്ഞതിനെ തുടർന്ന് 11 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ഏക്കറിലെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ആന-മനുഷ്യ സംഘർഷം മൂലം കുടുംബങ്ങൾ തകരുന്നത് ഇവിടെ പതിവായി. ദീർഘകാലമായി ആന സാന്നിധ്യമുള്ള മേഖലകളിലെ ആളുകൾ ആനകളെ ശത്രുക്കളായി കണക്കാക്കാൻ തുടങ്ങുന്നു. ഇത് ആനകളുടെ സുരക്ഷയെയും അപകടത്തിലാക്കുന്നു. ആന-മനുഷ്യ സംഘർഷം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വനംവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെത്തുടർന്ന് വിശദമായ പദ്ധതി തയ്യാറാക്കിയതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബംഗാളിൽ നിലവിൽ 800 ആനകളുണ്ടെന്ന് വനംവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 10ഉം 12ഉം ആനകൾ കൂട്ടമായി സഞ്ചരിക്കുമ്പോൾ, ആനക്കൂട്ടത്തിലെ ഒരു ആനയെയെങ്കിലും റേഡിയോ കോളർ വെച്ച് ടാഗ് ചെയ്യാനാണ് പ്രാഥമിക പദ്ധതി. പദ്ധതി പൂർത്തിയാക്കാൻ 75-80 റേഡിയോ കോളറുകൾ ആവശ്യമാണ്. തദ്ദേശീയ റേഡിയോ കോളറുകൾ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിപണിയിൽ ലഭിക്കുമെന്നതിനാൽ ഇത് വളരെ ചെലവേറിയ കാര്യമായിരിക്കില്ലെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുമ്പ് ഓരോ റേഡിയോ കോളറിനും 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മാസത്തിനകം പണി പൂർത്തിയാക്കാനാണ് വകുപ്പിന്റെ ശ്രമം.

മൃഗങ്ങളുടെ കഴുത്തിൽ റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു കോളർ ഇടുന്നതാണ് പ്രക്രിയ. റേഡിയോ കോളറിങ് ചെയ്തുകഴിഞ്ഞാൽ മൃഗത്തെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിദൂരമായി നിരീക്ഷിക്കാൻ കഴിയും. കൂട്ടത്തിൽനിന്ന് ഏതെങ്കിലുമൊന്ന് ജനവാസ മേഖലക്കടുത്ത് വന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തെത്തി ഗ്രാമവാസികളെ ബോധവത്കരിക്കാനാകും. കൂടാതെ, ആനകളെ പ്രദേശത്തുനിന്നും പിന്തിരിപ്പിക്കുന്നതിനുള്ള നടപടികളും ഉദ്യോഗസ്ഥർക്ക് ആരംഭിക്കാനാവും.

ഒഡിഷയിയെ കടുവ സ​ങ്കേതത്തിൽനിന്നു കടന്ന് മൂന്ന് സംസ്ഥാനങ്ങളിലൂടെ അഞ്ചരിച്ച ‘സീനത്ത്’ എന്ന കടുവയെ ബംഗാളിൽ കണ്ടെത്തിയതാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘സീനത്ത്’ റേഡിയോ കോളർ ധരിച്ചിരുന്നു. മൃഗത്തെ ട്രാക്ക് ചെയ്യാനായതിനാൽ ഇത് സഞ്ചരിച്ച മേഖലകളിലെല്ലാം മനുഷ്യ-കടുവ സംഘർഷം ഒഴിവാക്കാനായെന്ന് ഒരു മുതിർന്ന വനപാലകൻ പറഞ്ഞു. റേഡിയോ കോളറിലൂടെ കടുവയെ നിരീക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അതിന്റെ മുന്നിൽപ്പെടുന്നതിൽനിന്ന് ഗ്രാമവാസികളെ തടഞ്ഞു.

ആനകളിലും റേഡിയോ കോളറുകൾ സമാനമായി പ്രവർത്തിക്കുമെന്ന് ഉ​ദ്യോഗസ്ഥർ പറഞ്ഞു. ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിച്ചത് എങ്ങനെയെന്ന് അറിയാൻ ഉദ്യോഗസ്ഥ സംഘത്തെ കർണാടകയിലേക്ക് അയക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളമുള്ള ആനകളെ ഇത്തരത്തിൽ ട്രാക്ക് ചെയ്യുക മാത്രമല്ല, വനങ്ങൾ കൂടുതൽ ഇടതൂർന്നതും മനുഷ്യ-ആന സംഘർഷങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ വടക്കൻ ബംഗാളിൽ ആനകൾക്കായി സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളുമുണ്ട്. ആനകൾ സഞ്ചരിക്കുന്ന ഏഴ് ഇടനാഴികൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ ഇടനാഴികളിൽ ഫെൻസിങ് സ്ഥാപിക്കാനും സസ്യങ്ങൾ വളർത്താനും ആനകൾക്ക് ആവശ്യത്തിന് തീറ്റ ലഭ്യത ഉറപ്പുവരുത്താനുമാണ് പദ്ധതി. ഇങ്ങനെ ചെയ്താൽ സമീപ ഗ്രാമങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും അവക്ക് ഭക്ഷണത്തിനായി അലഞ്ഞുതിരിയേണ്ട ആവശ്യമുണ്ടാവി​ല്ലെന്നും വനംവകുപ്പ് പറയുന്നു. ഇടനാഴികളിൽ സ്ഥാപിക്കുന്ന ഫെൻസിങ്ങിന് ഓരോന്നിനും 400 മീറ്റർ വീതിയും 5-7 കിലോമീറ്റർ നീളവും ഉണ്ടാകും.

കൂടാതെ, ആന-മനുഷ്യ സംഘർഷം ഒഴിവാക്കാൻ ഇടനാഴിക്ക് സമീപമുള്ള ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും വനംവകുപ്പ് വിപുലമായ ബോധവൽക്കരണ പരിപാടി നടത്തും. ചിലർ ലഹരിയിൽ കാട്ടിലേക്ക് പോകുന്നതും ആനകളുടെ ആക്രമണത്തിന് ഇരയാകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബോധവൽക്കരണ പരിപാടി ഇത്തരം സംഭവങ്ങൾ തടയുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:radio collarsWild elephants attackman-elephant conflictBengal forest department
News Summary - Bengal forest department to tag wild elephants with radio collars to avoid man-elephant conflict
Next Story