ജൈവവൈവിധ്യ സംരക്ഷണം: പത്തുവർഷത്തെ കർമപദ്ധതി തയാറാകുന്നു
text_fieldsതൊടുപുഴ: സംസ്ഥാനത്തിെൻറ ജൈവ വൈവിധ്യം സംരക്ഷിക്കാൻ സമഗ്ര കർമപദ്ധതി തയാറാക്കുന്നു. ഒന്നര പതിറ്റാണ്ടിനുശേഷം ജൈവവൈവിധ്യ ബോർഡാണ് യു.എൻ.ഡി.പിയുടെ പിന്തുണയോടെ സംസ്ഥാനതലത്തിൽ പത്തുവർഷത്തേക്കുള്ള പദ്ധതിക്ക് രൂപംനൽകുന്നത്. പദ്ധതിയുടെ കരട് ഫ്രെബുവരിയോടെ തയാറാകും.
2005-2007ലാണ് ജൈവവൈവിധ്യ സംരക്ഷണത്തിന് സംസ്ഥാനത്ത് ആദ്യ കർമപദ്ധതി നിലവിൽ വന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് സാഹചര്യം, ആവാസ വ്യവസ്ഥയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ എന്നിവയും ശേദീയ-പ്രാദേശിക തലങ്ങളിലെ സമീപകാല പ്രതിഭാസങ്ങളും ഉൾക്കൊണ്ട് പുതിയ കാലത്തിന് യോജിച്ച കർമപദ്ധതിയാകും തയാറാക്കുകയെന്ന് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സർക്കാർ വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ആദിവാസി സമൂഹം തുടങ്ങിയവയുമായി കൂടിയാലോചന നടത്തും. ഇതിനായി ശാസ്ത്രജ്ഞരും വിദഗ്ധരുമടങ്ങുന്ന അഞ്ച് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ ഏതെങ്കിലും ഒരു പഞ്ചായത്തിൽ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കും. മൂന്നാർ കേന്ദ്രീകരിച്ചും ഇതിെൻറ പ്രവർത്തനങ്ങളുണ്ടാകും.
ജൈവവൈവിധ്യം അതിെൻറ സ്വഭാവികത നിലനിർത്തി ഭാവി തലമുറക്കായി സംരക്ഷിക്കുകയും വികസനത്തിൽ ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയുമാണ് കർമപദ്ധതിയുടെ ലക്ഷ്യം. കാർഷിക വൈവിധ്യം, നാടൻ ഇനങ്ങൾ, പരമ്പരാഗത അറിവുകൾ, നദീതട ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണവും സസ്യങ്ങളെയും മൃഗങ്ങളെയും സംബന്ധിച്ച പഠനവും ഇതിെൻറ ഭാഗമാണ്. വനം, കൃഷി, മൃഗസംരക്ഷണം, ടൂറിസം, ഗതാഗതം, വിദ്യാഭ്യാസം, ആദിവാസി ക്ഷേമം തുടങ്ങിയ വകുപ്പുകൾക്ക് പദ്ധതിയിൽ നിർണായക പങ്കാളിത്തമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.