ഖത്തർ: പക്ഷിവേട്ട സീസൺ; ഒന്നിന് ആരംഭിക്കും
text_fieldsദോഹ: പക്ഷി വേട്ടയാടൽ സീസണിന് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. ചില പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്ന സീസൺ സംബന്ധിച്ച പ്രഖ്യാപനം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ അലി ആൽഥാനി പുറപ്പെടുവിച്ചു. 24ാം നമ്പർ ഉത്തരവിന്റെ ആദ്യ വകുപ്പിൽ ദേശാടന പക്ഷികളെ (ടർട്ടിൽ ഡോവ്) വേട്ടയാടുന്നതിനുള്ള സീസൺ അടുത്ത മാസം ഒന്നു മുതൽ ആരംഭിക്കുമെന്ന് അറിയിച്ചു. 2024 ഫെബ്രുവരി 24 വരെയാണ് വേട്ടയാടാൻ അനുമതി ലഭിക്കുക.
പുതിയ തീരുമാനം നടപ്പാകുന്നതു മുതൽ രണ്ടു വർഷത്തേക്ക് ഇനി പറയുന്ന പക്ഷികളെ വേട്ടയാടാം. ഏഷ്യൻ ബസ്റ്റാർഡ്സ്, യൂറേഷ്യൻ സ്റ്റോൺ-ചുരുൾ (കട്ടിയുള്ള കാൽമുട്ട്), മലാർഡ്/ വൈൽഡ് ഡക്ക്, ബ്ലൂറോക്ക്-ത്രഷ്, സോങ് ത്രഷ്, യൂറേഷ്യൻ ഗോൾഡൻ ഒറിയോൾ, ക്രസ്റ്റഡ് ലാർക്ക്, ഇസബെലി വീറ്റർ, ഡെസെർട്ട് വീറ്റർ, നോർത്തേൺ വീറ്റർ എന്നിവയാണവ.
പക്ഷികളെ വേട്ടയാടുന്നവർ പാലിക്കേണ്ട നിർദേശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ബസ്റ്റാർഡുകളെ വേട്ടയാടാൻ ഫാൽക്കണുകളെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പാരമ്പര്യേതര വേട്ടയാടൽ ഉപകരണങ്ങളും രീതികളും ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്, പ്രത്യേകിച്ച് പക്ഷികളുടേതിന് സമാനമായ ശബ്ദമുണ്ടാക്കുന്ന മെഷീനുകൾ ഉൾപ്പെടെ ഉപയോഗിക്കരുത്. മുട്ടകളും കൂടുകളും ശേഖരിക്കുന്നവർ പുൽമേടുകൾക്കും കാട്ടുചെടികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കരുത്.
സൂര്യോദയം മുതൽ അസ്തമയം വരെയാണ് വേട്ടയാടാൻ അനുവദിക്കപ്പെട്ട സമയം. അതോടൊപ്പം, വേട്ടയാടപ്പെട്ട പക്ഷികളുടെ വ്യാപാരവും നിരോധിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ദ്വീപുകൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, പൊതു പാർക്കുകൾ എന്നിവയുടെ പരിധിയിലും പൊതു റോഡുകളിൽനിന്ന് കുറഞ്ഞത് 500 മീറ്റർ പരിധിക്കുള്ളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും ഫാമുകളിലും അനുമതിയില്ലാതെ വേട്ടയാടാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.