പക്ഷി സർവേയിൽ 72 ഇനത്തെ കണ്ടെത്തി
text_fieldsചാരുംമൂട്: നൂറനാട് കരിങ്ങാലി പുഞ്ചയിൽ നടത്തിയ പക്ഷി സർവേയിൽ 72 ഇനം പക്ഷികളെ കണ്ടെത്തി. പാലമേൽ നൂറനാട് പഞ്ചായത്തുകളിലായി ഫെബ്രുവരി നാലിന് ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതി നേതൃത്വത്തിൽ നടത്തിയ പക്ഷി സർവേയിലാണ് ഇത്രയധികം പക്ഷി ഇനങ്ങളെ കണ്ടെത്തിയത്. ഏറ്റവും കൂടുതലായി കണ്ടത് നീർക്കാക്കകളെയാണ്. കരിയാള എന്ന പക്ഷികൾ 129 എണ്ണത്തെ കണ്ടെത്തി. ദേശാടനപ്പക്ഷികളായ പുള്ളിക്കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, കുരുവി മണലൂതി, മഞ്ഞവാലുകുലുക്കി എന്നിവയുടെ വലിയ കൂട്ടത്തെയും സർവേയിൽ രേഖപ്പെടുത്തി.
പെരുമുണ്ടി, ഇടമുണ്ടി, ചിന്ന മുണ്ടി, കാലിമുണ്ടി എന്നീ നാലിനം മുണ്ടികളെയും കണ്ടെത്തി. വെള്ളക്കറുപ്പൻ പരുന്ത്, പാതിരക്കൊക്ക്, ചേരക്കോഴികളുടെ ഒരു സംഘം, മഞ്ഞവാലുകുലുക്കി, ചേരാ കൊക്കൻ, താമരക്കോഴി, നീലക്കോഴി, പുള്ളി പൊന്മാൻ, കാക്ക പൊന്മാൻ, പൊന്മാൻ, ചെറിയ പൊന്മാൻ തുടങ്ങിയ പക്ഷികളുമുണ്ടായിരുന്നു. ഒരു ദിവസം നടത്തിയ കണക്കെടുപ്പിൽ 1670 പക്ഷികളെയാണ് കണ്ടെത്തിയത്. തുടർപഠനം ജൂണിൽ നടത്തും. സർവേ ഫലം 2025 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും. പക്ഷി ഗ്രാമമെന്ന പേരിൽ പ്രസിദ്ധമായ നൂറനാട്ട് പക്ഷി സർവേ നടത്തുന്നത് ഇത് ആദ്യമാണ്.
1987ൽ പക്ഷിക്കൂടുകളുടെ സർവേ നടത്തിയിരുന്നു. സർവേക്ക് തിരുവനന്തപുരം സ്വദേശിയും പക്ഷിനിരീക്ഷകനുമായ സി.ജി. അരുൺ നേതൃത്വം നൽകി. എം.എ. ലത്തീഫ്, ഫൈറോസ് ബീഗം, സുമേഷ് വെള്ളറട, ദേവപ്രിയ, ഗൗരി മുരുക്കുംപുഴ, അഞ്ജു കുമാരപുരം, ഗ്രാമശ്രീ പ്രസിഡന്റ് സി. റഹിം, ജെ. ഹാഷിം, യമുന ഹരീഷ്, ഹരീഷ്, നൂറനാട് അജയൻ, രേഖ എസ്. താങ്കൾ, അമൽ റഹിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.