മൈക്രോപ്ലാസ്റ്റിക്കുകൾ ഏറ്റവും കൂടുതൽ അടിയുന്നത് മനുഷ്യ മസ്തിഷ്കത്തിൽ
text_fieldsലണ്ടൻ: മനുഷ്യ മസ്തിഷ്കത്തിൽ പ്ലാസ്റ്റിക്കിന്റെ അടിഞ്ഞുകൂടൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ 50 ശതമാനം വർധിച്ചതായി പഠനം. ഭൂമിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അനിയന്ത്രിതമായ വ്യാപനത്തെ പ്രതിഫലിപ്പിക്കുന്നു ഇത്.
പോളിമറുകളുടെ ചെറിയ കഷ്ണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അവ വായു, ജലം, മണ്ണ് എന്നിവയിൽ കലരുന്നതോടെയാണ് മനുഷ്യശരീരത്തിലേക്കുള്ള വഴി കണ്ടെത്തുന്നത്. മനുഷ്യന്റെ കരൾ, വൃക്കകൾ, മറുപിള്ള, വൃഷ്ണങ്ങൾ എന്നിവയിലും ഇവ കണ്ടെത്തിയതായി നേച്ചർ മെഡിസിൻ പഠനത്തിൽ പറയുന്നു.
എന്നാൽ, തലച്ചോറിലെ ഇവയുടെ ശേഖരണം മറ്റ് അവയവങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വർധിക്കുന്നതായി കാണുന്നു. ഇത് യഥാർത്ഥത്തിൽ ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും മനുഷ്യരിലേക്ക് കൂടുതൽ അടിഞ്ഞുകുടുകയും ചെയ്യുന്നുവെന്ന് ന്യൂ മെക്സിക്കോ സർവകലാശാലയിലെ ശാസ്ത്രജ്ഞനും പേപ്പറിന്റെ രചയിതാവുമായ മാത്യു കാമ്പൻ പറഞ്ഞു. തലച്ചോറിലെ പ്ലാസ്റ്റിക് കഷ്ണങ്ങളിൽ ഭൂരിഭാഗവും മുമ്പ് കരുതിയിരുന്നതിനേക്കാൾ ചെറുതായി കാണപ്പെടുന്നു. ഇത്തരം ചില കഷ്ണങ്ങൾ ഒരു വൈറസിന്റെ രണ്ടോ മൂന്നോ ഇരട്ടി മാത്രമാണെന്നും പഠനം അഭിപ്രായപ്പെട്ടു.
ഡിമെൻഷ്യ ബാധിച്ചവരിൽ നിന്നുള്ള മസ്തിഷ്ക കോശങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് 10 മടങ്ങ് പ്ലാസ്റ്റിക്ക് പഠനം കണ്ടെത്തി. രോഗം പുരോഗമിക്കുമ്പോൾ പ്ലാസ്റ്റിക് കഷണങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
2016-24 കാലത്തിലെ മനുഷ്യ മസ്തിഷ്കങ്ങളാണ് സംഘം പഠനത്തിനു വിധേയമാക്കിയത്. ഇവയിൽ 12 വ്യത്യസ്ത പോളിമറുകൾ സംഘം കണ്ടെത്തി. പോളിത്തിലീൻ ഏറ്റവും സാധാരണമാണ്. കുപ്പികളും കപ്പുകളും ഉൾപ്പെടെയുള്ള പാക്കിങ്ങിലും കണ്ടെയ്‌നറുകൾക്കും പ്രസ്തുത പോളിമർ പലപ്പോഴും ഉപയോഗിക്കുന്നു.
മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെയൊക്കെ ഇത് ബാധിക്കുമെന്ന് പഠനം വ്യക്തമാക്കിയിട്ടില്ല. സ്റ്റെന്റുകളും കൃത്രിമ സന്ധികളും പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ മസ്തിഷ്ക പ്ലാസ്റ്റിക് വർധനക്ക് കാരണമാകുമോ എന്നതും ഗവേഷകർക്ക് ഉറപ്പില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.