എക്കൽ നിറയുന്നു, കനത്ത ചൂടും: കായലുകൾ വറ്റുന്നു
text_fieldsപള്ളുരുത്തി: എക്കൽ നിറഞ്ഞതിനൊപ്പം പൊള്ളുന്ന ചൂടും മൂലം കായലുകളുടെ കൈവരികൾ വരളുന്നു. കൊച്ചിയുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന വേമ്പനാട്ടു കായലിന്റെ ഭാഗമായ പെരുമ്പടപ്പ് കായൽ, കുമ്പളങ്ങി കായൽ എന്നിവയുടെ കൈവരികളാണ് വറ്റുന്നത്. വേലിയേറ്റ സമയത്ത് മാത്രമാണ് ചെറിയ തോതിൽ വെള്ളം ദൃശ്യമാകുന്നത്. പരമ്പരാഗത മത്സ്യതൊഴിലാളികളാണ് മീൻ പിടിക്കാനാകാതെ ദുരിതത്തിലായിരിക്കുന്നത്. ചെറുവള്ളങ്ങൾ പോലും തുഴഞ്ഞുപോകാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് കോവളം മേഖലയിൽ ചെറുവള്ളം എക്കലിൽ പെട്ട് മണിക്കൂറുകൾ കുടുങ്ങിയിരുന്നു. അഗ്നി രക്ഷാ സേന എത്തിയാണ് രക്ഷിച്ചത്.
പെരുമ്പടപ്പ്, കുമ്പളങ്ങി കായലുകളിൽ ധാരാളം ചീനവലകൾ ഉണ്ടെങ്കിലും വലകൾ താഴ്ത്തിയാൽ ചെളിയിൽ തടഞ്ഞ് കിടക്കും. ശക്തമായ വേലിയേറ്റ സമയം നോക്കിയാണ് ഇപ്പോൾ മീൻപിടിത്തം. കടുത്ത ചൂട് മത്സ്യസമ്പത്തിനും ഭീഷണിയാണ്. സുലഭമായിരുന്ന തെള്ളി ചെമ്മീൻ വരെ നാമമാത്രമായാണ് ലഭിക്കുന്നത്. വർഷങ്ങളായി മത്സ്യ തൊഴിലാളികളും തീരവാസികളും എക്കൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമരമുഖത്താണെങ്കിലും സർക്കാർ ഭാഗത്ത് നിന്ന് നടപടിയൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.