ബഫർസോൺ: സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിടുമെന്ന ആശങ്കയിൽ പ്രദേശവാസികൾ
text_fieldsകോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി വ്യക്തമായ റിപ്പോർട്ട് തയാറാക്കതിനാൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പ്രദേശവാസികളായ ജനങ്ങൾ. ഉപഗ്രഹ സർവേ ഉപയോഗിച്ച് വിവര ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിസന്ധിയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നിയമസഭയിൽ ഈ മാസം ഏഴിന് മന്ത്രി എ.കെ ശശിധരൻ രേഖാമൂലം നൽകിയ മറുപടി.
ആഗസ്റ്റ് 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൗതിക സ്ഥല പരിശോധന കൂടി നടത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇക്കോ സെൻസിറ്റിവ് സോണിൽ ഉൾപ്പെടുന്ന ഒരു കിലോമീറ്റർ പരിധിയിൽ നില നിൽക്കുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ഭൗതിക സ്ഥല പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന സമിതി രൂപികരിച്ചത്.
ഒക്ടോബർ 30ന് വിദഗ്ധ സമിതി ആദ്യ യോഗം ചേർന്നു. പൊതുജന പങ്കാളിത്തത്തോടെ ജനവാസ മേഖലകൾ സംബന്ധിച്ച പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാൻ തീരുമാനിച്ചു. നവംമ്പർ 24നും ഡിസെബർ നാലിനും ചേർന്ന വിദഗ്ധ സമിതി യോഗങ്ങളിൽ ഇതിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഡിസംബർ 11ന് വീണ്ടും യോഗം ചേർന്നു. അപ്പോഴും കാര്യങ്ങൾ എങ്ങുമെത്തിയില്ല.
അടുത്ത വിദഗ്ധ സമിതി യോഗം ഡിസംബർ 20 നാണ് ചേരുന്നത്. സെപ്തംബർ 30 ന് രൂപികരിച്ച വിദഗ്ധ സമിതി മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ നിഷ്കർഷിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിവരങ്ങൾ തയാറാക്കി ഇടക്കാല റിപ്പോർട്ട് നൽകണമെന്ന് വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
വിദഗ്ധ സമിതി യോഗം കൂടിയതിന്റെ മിനിട്ട്സ് മാത്രമാണുള്ളത്. പരാതിയുള്ളവർ ഇ മെയിൽ വഴി അറിയിക്കുന്നതിന് നിർദേശം നൽകി. ജനങ്ങൾ വിവരം അറിയിച്ചുകൊണ്ടിരിക്കുന്നു. സോണിലെ ഭൗതിക പരിശോധന നടത്തുമ്പോൾ ഉണ്ടാകുന്ന കാലതാമസവും ചെലവും ഒഴിവാക്കനാണ് ഉപഗ്രഹ സർവേയെ ആശ്രയിച്ചത്. ഈ മേഖലയിൽ സർവേ സംബന്ധിച്ച് ജോലി ചെയ്യുന്നതിന് തദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന പ്രായോഗിക വൈഷമ്യങ്ങളും തദേശ വകുപ്പ് അഡീഷണൽ സെക്രട്ടറി യോഗത്തിൽ ചൂണ്ടിക്കാണിച്ചരുന്നു. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പ്രദേശവാസികളായ ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.