ബഫർ സോൺ: വിവരങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടും വിധം പ്രദർശിപ്പിക്കണമെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമിതികൾ സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടും വിധം പ്രദർശിപ്പിക്കണമെന്ന് തദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. ഈ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇക്കോ സെൻസിറ്റീവ് സോൺ ബഫർ സോൺ ഉൾപ്പെടുന്ന വാർഡ് അടിസ്ഥാനത്തിൽ പ്രചാരണം നടത്തണമെന്നും സർക്കുലറിൽ അറിയിച്ചു.
പൊതുജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദേശസ്ഥാപനങ്ങൾ ഹെൽപ് ഡെസ്‌ക്ക് ആരംഭിക്കും. വിട്ടു പോയ നിർമിതികളെ കുറിച്ച് വിവരം നൽകാനുള്ള സഹായം ഹെൽപ് ഡെസ്‌ക്കിൽ ലഭിക്കും. കൂടാതെ ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ ഇക്കോ സെൻസിറ്റീവ് സോണിൽ ഏതെല്ലാം പ്രദേശങ്ങൾ ഉൾപ്പെടുന്നു എന്ന വിവരം ഹെൽപ് ഡെസ്‌ക്കിൽ നിന്ന് മനസിലാക്കാം.
സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ നിർമിതികൾ ഉണ്ടെങ്കിൽ അവയുടെ വിവരം നിർദിഷ്ട പ്രൊഫോർമയിൽ 23നകം eszexpertcommittee@gmail.com ലേക്ക് അറിയിക്കാം. ജോയിന്റ് സെക്രട്ടറി, വനംവന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് രണ്ട്, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലും വിവരങ്ങൾ നൽകാം.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ഫീൽഡ്തല വാലിഡേഷൻ നടപടികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്വീകരിക്കും. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കുന്നതിനുള്ള വിലാസവും വിശദാംശങ്ങൾ കൈമാറേണ്ട പ്രൊഫോർമയും http://www.kerala.gov.in/subdetail/MTAzNDg5MDcyLjl4/MjlwNjM2NjAuMDg= എന്ന ലിങ്കിൽ ലഭിക്കും.
കെ.എസ്.ആർ.ഇ.സി തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ പഞ്ചായത്ത്-വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള സംക്ഷിപ്ത രൂപവും റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയിട്ടുള്ള വിവരങ്ങൾ ജനങ്ങൾക്ക് അറിയിക്കാനുള്ള പ്രൊഫോർമയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്വീകരിക്കും. കേരള സർക്കാർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ വെബ്സൈറ്റിൽ റിപ്പോർട്ടിന്റെ വിശദാംശം ലഭ്യമാണെന്നും അറിയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.