ബട്ടർഫ്ലൈ ഫിഷ്; ഇന്ത്യയിലെ ഔദ്യോഗിക ജീവികളിലെ ഒരേയൊരു മത്സ്യം
text_fieldsഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗിക ജീവികളുണ്ട്. എന്നാൽ മത്സ്യം ഔദ്യോഗിക ജീവിയായുള്ള ഒരേയൊരു പ്രദേശം ലക്ഷദ്വീപാണ്. മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക, ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങൾ തുടങ്ങി പലയിടങ്ങളിലും കാണാവുന്ന ഇവയുടെ യഥാർത്ഥ നാമം ഇന്ത്യൻ വാഗബോണ്ട് ബട്ടർഫ്ലൈ ഫിഷ് എന്നാണ്.
വെള്ളി നിറമുള്ള ശരീരത്തിൽ ചാരനിറമുള്ള വരകളാണ് ഇവയ്ക്ക്. 20 സെന്‍റിമീറ്റർ വരെ നീളത്തിൽ വളരുന്ന ഇത് പവിഴപ്പുറ്റുകളിലും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലുമാണ് പൊതുവെ കാണപ്പെടുന്നത്. ചില പായലുകളും മറ്റുമാണ് ഇവയുടെ പ്രധാന ആഹാരം. മുട്ടയിട്ടാണിവ പ്രജനനം നടത്തുന്നത്. ആൻഡമാനിൽ ഡുജോങ് എന്ന കടൽജീവിയാണ് ഔദ്യോഗിക ജീവിയെങ്കിലും ഇത് മീനല്ല.
1829-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോർജ് കുവിയറാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. 'ബട്ടർഫ്ലൈ ഫിഷ്' എന്ന വിഭാഗത്തിൽ 115 സ്പീഷീസുകളിലുള്ള മീനുകളുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ബട്ടർഫ്ലൈ മീനുകളുടെ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകൾ ധാരാളമുള്ളതിനാൽ ലക്ഷദ്വീപിൽ കപ്പലപകടങ്ങൾ നിരവധിയാണ്. 2001ൽ ഗോവയിലെ നാഷനൽ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ലക്ഷദ്വീപിലെ കടലപകടങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.