പുഴയൊഴുകും വഴിയിലെ മൂന്നു പതിറ്റാണ്ട്
text_fieldsചാലക്കുടി: ചാലക്കുടിപ്പുഴയുടെയും നദീതട പ്രദേശത്തിെൻറയും പാരിസ്ഥിതിക ജാഗ്രതയുമായി ചാലക്കുടിപ്പുഴ സംരക്ഷണ സമിതി മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. ഒരു പുഴയെ കേന്ദ്രീകരിച്ച് രൂപംകൊണ്ട സംസ്ഥാനത്തെ ആദ്യ സംഘടനയാണിത്. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ആശങ്കകൾ ഉയർന്ന 1987ലാണ് സമിതി രൂപവത്കരിച്ചത്. പദ്ധതി വന്നാൽ നഷ്ടപ്പെട്ടു പോകുന്ന അതിമനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള വൈകാരിക പ്രതികരണത്തിലൂടെ രൂപംകൊണ്ട പ്രസ്ഥാനമായിരുന്നു. ഇന്നാകട്ടെ, ചാലക്കുടിപ്പുഴയുടെ സമഗ്ര പുനരുജ്ജീവനം ലക്ഷ്യമിട്ട് കർമ പരിപാടികൾ ആവിഷ്കരിക്കുകയാണ് ഈ പ്രസ്ഥാനം.
2018ൽ പ്രളയത്തിന് മുമ്പ് പെരിങ്ങൽക്കുത്ത് അടക്കമുള്ള ഡാമുകൾ തുറന്നു വിടണമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ചാലക്കുടിയിലും പരിസര പ്രദേശത്തും ഇതിനെ തുടർന്ന് വൻ ദുരന്തമുണ്ടായി. ഇപ്പോഴും പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകൾ കേന്ദ്രീകരിച്ച് ജലവിനിയോഗ മാനേജ്മെൻറ് രൂപവത്കരിക്കാൻ ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സമ്മർദം ചെലുത്തി വരുകയാണ്.
പരിസ്ഥിതി വിനാശത്തിനെതിരെ പ്രദേശത്തെ ചെറു പ്രസ്ഥാനങ്ങളുടെ ഉണർവാണ് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ രൂപവത്കരണത്തിൽ കലാശിച്ചത്. കുഴിക്കാട്ടുശ്ശേരി ഗ്രാമ്യ വിചാരവേദി, ചാലക്കുടി ദൃശ്യകലാവേദി, വെറ്റിലപ്പാറ കേന്ദ്രീകരിച്ചുള്ള ചില പരിഷത്ത് പ്രവർത്തകർ, കർഷക സംഘടനകൾ, ഗ്രീൻസ് കോടാലി, അഡ്വ. ജോസഫ് അറങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ ചാലക്കുടിയിലെ ഫോക്കസ് തുടങ്ങിയവയുടെ പ്രവർത്തകരാണ് സമരത്തിന് അണിനിരന്നത്.
ആദ്യഘട്ടത്തിൽ പത്മഭൂഷൺ രാഘവൻ തിരുമുൽപ്പാട്, കുഴിക്കാട്ടുശ്ശേരി ഗ്രാമ്യ വിചാരവേദിയുടെ പി.കെ. കിട്ടൻ എന്നിവർ സംഘാടനത്തിന് നേതൃത്വം വഹിച്ചു.
അതിരപ്പിള്ളി വിഷയത്തിൽ വൻ പ്രതിഷേധം സൃഷ്ടിച്ചതോടെ 1989ൽ പദ്ധതിക്ക് കേന്ദ്രാനുമതി നിഷേധിച്ചു. ഇതോടെ പ്രവർത്തനം മന്ദഗതിയിലായ പ്രസ്ഥാനം പ വൈദ്യുതി ബോർഡ് വീണ്ടും ശ്രമങ്ങൾ തുടർന്നപ്പോൾ എസ്.പി. രവിയുടെയും ഡോ. എ. ലതയുടെയും എം. മോഹൻദാസിെൻറയും നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. ചാലക്കുടിപ്പുഴ സംരക്ഷിക്കാൻ ജനകീയ പോരാട്ടങ്ങളും നിയമപോരാട്ടങ്ങളും നടത്തി. ഇതിനിടയിൽ ചാലക്കുടി പുഴയിലെ മണലെടുപ്പിനെതിരെയും പുഴയിലെ മലിനീകരണത്തിനെതിരെയും പുഴയോരത്ത് പ്രാദേശിക കൂട്ടായ്മകൾ ഉയർത്തിയ സമരങ്ങൾക്കും ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു.
മുപ്പത്തഞ്ചോളം വർഷമായി ചാലക്കുടി പുഴ സംരക്ഷണ സമിതി വലിയ പാരിസ്ഥിതിക ജാഗ്രതയാണ് ഉയർത്തിയത്. ഇതിെൻറ ഭാഗമായി രൂപംകൊണ്ട റിവർ പ്രൊട്ടക്ഷൻ ഫോറവും നദീ പഠനകേന്ദ്രവും മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാനത്ത് കാഴ്ചവെച്ചത്. എസ്.പി. രവിയും കെ. മുരാരിയും ആണ് ഇപ്പോഴത്തെ സാരഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.