മഴ കുറഞ്ഞു; ചാലക്കുടിപ്പുഴയോരത്ത് ജലക്ഷാമം
text_fieldsചാലക്കുടി: മഴ മാറിയതോടെ ചാലക്കുടിപ്പുഴയോരത്ത് ജലക്ഷാമം. ജലനിരപ്പ് താഴ്ന്നതോടെ പുഴയോരത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും കുറഞ്ഞു. പുഴയിൽ പൊടുന്നനെ വെള്ളം കുറയുന്നത് പ്രളയകാലത്തിന് ശേഷമുള്ള പ്രതിഭാസമാണ്.
ഇതിന് കാരണം പുഴയിൽ കൂടുതലായി അടിഞ്ഞ ചളിയും മണ്ണുമാണ്. പുഴയുടെ ആഴം 2018ന് മുമ്പത്തെക്കാൾ വളരെ കുറഞ്ഞതായാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് വെള്ളം കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല. പെരിയാറിൽ ചെയ്തതുപോലെ ഇവിടെയും ചളി നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വേനൽക്കാലത്ത് ഇതിന് ചെറിയ ശ്രമങ്ങൾ പലയിടത്തും നടന്നിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പ് നേരിടേണ്ടിവന്നു.
വെള്ളം കവിഞ്ഞൊഴുകിയ പുഴയോരത്തെ പുല്ലുകളും കാട്ടുപടർപ്പുകളും ഇപ്പോൾ കരിഞ്ഞ നിലയിലാണ്. ഒരാഴ്ച മുമ്പ് 7.27 മീറ്ററോളം ഉണ്ടായിരുന്ന ജലനിരപ്പ് രണ്ടുമീറ്ററിൽ താഴെയായി പൊടുന്നനെ കുറഞ്ഞത് ആശങ്കക്കിടയാക്കി. മുകൾത്തട്ടിലെ ഡാമുകളുടെ ഷട്ടറുകൾ അടച്ചതിനാൽ കാര്യമായ രീതിയിൽ നീരൊഴുക്കില്ല. പെരിങ്ങൽക്കുത്തിലെ സ്ലൂയിസ് ഗേറ്റുകൾ പൂർണമായും അടച്ചു. ഷോളയാറിലെയും ഷട്ടറുകൾ അടച്ചതിനാൽ വൈദ്യുതി ഉൽപാദനത്തിന് ശേഷമുള്ള ചെറിയ രീതിയിലെ വെള്ളം മാത്രമേ പെരിങ്ങലിൽ എത്തുന്നുള്ളൂ. പറമ്പിക്കുളത്തുനിന്ന് 300 ക്യുസെക്സ് വെള്ളം വരുന്നുണ്ട്. ദിവസങ്ങളോളം സംഹാരഭാവത്തിൽ കവിഞ്ഞൊഴുകിയ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോൾ സാധാരണ ഗതിയിലാണ്.
അതേസമയം, പ്രളയഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് പുഴയോരവാസികൾ. 2018 ലെയും '19 ലെയും പ്രളയത്തിന് ശേഷം ആഗസ്റ്റ് 14, 15 തീയതികൾ പുഴയോരവാസികളുടെ പേടിസ്വപ്നമാണ്. എന്നാൽ, വലിയ കുഴപ്പമില്ലാതെ ഈ ദിവസങ്ങൾ കടന്നുപോയതോടെ ജനം ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.