വറ്റിവരണ്ട് ഏഷ്യയിലെ ഏറ്റവും വലിയ നദി; കടുത്ത പ്രതിസന്ധിയിൽ ചൈന
text_fieldsബെയ്ജിങ്: സമീപകാലത്തെ ഏറ്റവും വലിയ വരൾച്ച വരിഞ്ഞുമുറുക്കിയ ആധിയിൽ ചൈന. ഏഷ്യയിലെ ഏറ്റവും വലിയ പുഴയായ യാങ്സി ഉൾപ്പെടെ നിരവധി പുഴകൾ വറ്റിവരണ്ടതോടെ വൈദ്യുതി ഉൽപാദനം ഗണ്യമായി തടസ്സപ്പെട്ടു. ജല-വൈദ്യുതി ക്ഷാമത്തിൽ കുരുങ്ങി മുൻനിര കമ്പനികൾ പ്രവർത്തനം നിർത്തിവെച്ചു. സെപ്റ്റംബർ വരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന.
കഴിഞ്ഞ ജൂലൈക്കുശേഷം ലഭിക്കേണ്ട മഴയിൽ 45 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് കണക്ക്. ഇതോടൊപ്പം അത്യുഷ്ണം കൂടിയായതോടെ വരൾച്ച പിടിമുറുക്കുകയായിരുന്നു. 80 ശതമാനം വൈദ്യുതിയും ജലവൈദ്യുതി പദ്ധതിയിലൂടെ ലഭിക്കുന്ന സിച്വാനിലാണ് സ്ഥിതി കൂടുതൽ സങ്കീർണം. വേനൽചൂടിൽ വൈദ്യുതി ആവശ്യം കൂടിയ സമയത്ത് ഉൽപാദനം വെട്ടിക്കുറക്കാൻ നിർബന്ധിതമായത് സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്. പ്രവിശ്യയിലെ ആയിരക്കണക്കിന് ഫാക്ടറികളിലേക്ക് വൈദ്യുതി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട, ഫോക്സ്കോൺ, ടെസ്ല ഉൾപ്പെടെ കമ്പനികൾ പ്രവർത്തനം നിർത്തിവെച്ചവയിൽപെടും.
ലോകത്തെ ഏറ്റവും നീളംകൂടിയ മൂന്നാമത്തെ നദി കൂടിയാണ് യാങ്സി. 40 കോടി ജനങ്ങൾക്ക് കുടിവെള്ളം നൽകുന്ന പുഴ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ആശ്രയവുമാണ്. പുഴയുടെ കൈവഴികളിലേറെയും വറ്റിവരണ്ട നിലയിലാണ്. പുഴയിലാകട്ടെ, കഴിഞ്ഞ അഞ്ചുവർഷത്തേതിന്റെ പകുതിയിൽതാഴെ മാത്രമാണ് നിലവിലെ ജലം. യാങ്സെയുടെ താഴ്ഭാഗത്ത് വെള്ളം കുറവായതിനാൽ ജലഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.
ഹെബെയ്, ഹുനാൻ, ജിയാങ്ഷി, അൻചുയി, ചോങ്ക്വിങ് തുടങ്ങിയ മേഖലകളും ജലക്ഷാമത്തിന്റെ പിടിയിലാണ്. ചോങ്ക്വിങ് പട്ടണത്തിൽ പുഴവെള്ളം താഴ്ന്നതോടെ 600 വർഷം പഴക്കമുള്ള ബുദ്ധപ്രതിമ പുറത്തെത്തിയത് കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.