‘സിഗരൈറ്റിസ് മേഘമലയെൻസ്’; പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയൊരു ചിത്രശലഭം
text_fieldsകൊല്ലങ്കോട്: 33 വർഷത്തിന് ശേഷം പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയൊരു ചിത്രശലഭത്തെ കണ്ടെത്തി ഗവേഷകർ. പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെള്ളിവരയൻ വിഭാഗത്തിൽപെട്ട സിഗരൈറ്റിസ് മേഘമലയെൻസ് എന്ന ചിത്ര ശലഭത്തെയാണ് തിരിച്ചറിഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട പഠനം ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരതതെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്) ലെ റിസർച്ച് അസോസിയേറ്റ്സ് ഡോ. കലേഷ് സദാശിവന്റെ നേതൃത്വത്തിലാണ് കണ്ടെത്തൽ.
മേഘമലയുടെ, പെരിയാറിലെ ഉയർന്ന പ്രദേശത്തെ ഉപഉഷ്ണമേഖല നിത്യഹരിത മേഘവനങ്ങളിലാണ് ഈ ശലഭം കാണപ്പെടുന്നത്. മേഘമല എന്ന വാക്കിന്റെ അർത്ഥം ‘മേഘപർവ്വതം’ എന്നാണ്. ഇക്കാരണത്താലാണ് ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ എന്ന പൊതുനാമം നൽകിയത്.
2021ലെ പഠനത്തിൽ ഈ ഇനം തമിഴ്‌നാട്ടിലെ മേഘമലയിലും കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും സാധാരണമാണെന്ന് കണ്ടെത്തി. മുതിർന്ന ചിത്രശലഭത്തിന്റെ മുൻ ചിറകിന്റെ അടിഭാഗത്തുള്ള വരകൾ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന മറ്റെല്ലാ വെള്ളി വരയൻ ചിത്രശലഭങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും ഡോ. കലേഷ് സദാശിവൻ പറഞ്ഞു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണെന്ന് തേനിയിലെ വനം ട്രസ്റ്റ് എന്ന സംഘടന അംഗമായ രാമസ്വാമി നായ്ക്കർ പറഞ്ഞു.
ഈ ചിത്രശലഭത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ക്രിമാറ്റോഗാസ്റ്റർ വ്രൊട്ടോണിയി എന്ന ഉറുമ്പുകളുമായി സഹവസിക്കുന്നതായി പശ്ചിമഘട്ടത്തിലെ ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന കെ. മനോജ് സ്ഥിരീകരിച്ചു. ഉറുമ്പുകളുമായുള്ള സഹവാസം പ്രാരംഭ ഘട്ടങ്ങളെയും, ശലഭത്തെ കാണപ്പെടുന്ന പരിസ്ഥിതിയെക്കുറിച്ചും കുടുതൽ വിവരങ്ങൾ നൽകുമെന്ന് കേരള സർവകലാശാല പോസ്റ്റ്-ഡോക്ടറൽ ഫെലോ ഡോ. പി.സി. സുജിത അറിയിച്ചു.
കടുത്ത പാരിസ്ഥിതിക സമ്മർദ്ദം നേരിടുന്ന പർവതപ്രദേശങ്ങളിലെ ഷോളകളിലും മേഘക്കാടുകളിലും അഭയം തേടിയേക്കാവുന്ന പുതിയ ഇനം ജീവജാലങ്ങളെ കണ്ടെത്താനുള്ള സാധ്യത ഇതോടെ കൂടുതലായെന്ന് വനം ട്രസ്റ്റ് സ്ഥാപകൻ ഡോ. രാജ്കുമാർ പറഞ്ഞു. ബൈജു കൊച്ചുനാരായണൻ, ജെബിൻ ജോസ്, ടി.എൻ.എച്ച്.എസ് റിസർച്ച് അസോസിയേറ്റ്സ് വിനയൻ, പത്മനാഭൻ നായർ എന്നിവരാണ് കണ്ടെത്തലിന് പിന്നിലുള്ള മറ്റുള്ളവർ. ഇതോടെ പശ്ചിമഘട്ടത്തിലെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 337 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.