കാലാവസ്ഥാ വ്യതിയാനത്തിൽ തിളച്ച് സമുദ്രങ്ങൾ; ഈ വർഷം റെക്കോഡ് ചൂട്, ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്
text_fieldsകാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിന് ചൂടുകൂടുന്നു. ഒരു വർഷത്തിനിടെ ഓരോ ദിവസവും ചൂടിന്‍റെ പുതിയ റെക്കോഡാണ് സമുദ്രതാപനിലയിലുണ്ടായതെന്ന് യൂറോപ്യൻ യൂനിയന്‍റെ കോപർനിക്കസ് ക്ലൈമറ്റ് സർവിസിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം, കഴിഞ്ഞ ഏപ്രിൽ മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമാണെന്നും ഇവർ വ്യക്തമാക്കുന്നു.
താപനില വർധനവ് സമുദ്രത്തിലെ ആവാസവ്യവസ്ഥക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കും. 2023 മാർച്ച് മുതൽ ശരാശരി സമുദ്രോപരിതല താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റിലാണ് റെക്കോഡ് ചൂടിലേക്കെത്തിയത്. അതിന് ശേഷം താപനിലവിൽ കുറവുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രതിദിന ശരാശരി താപനില 21.09 ഡിഗ്രീ സെൽഷ്യസായിരുന്നു. താപനില വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസം ദുര്‍ബലമായിരുന്നിട്ടും അസാധാരണമായ ചൂടാണ് കഴിഞ്ഞമാസം ഉണ്ടായത്.
നമ്മൾ കരുതുന്നതിലും വേഗത്തിലാണ് സമുദ്രത്തിന് ചൂട് വർധിക്കുന്നതെന്നും ഇത് കനത്ത ആശങ്കയാണുയർത്തുന്നതെന്നും ബ്രിട്ടീഷ് അന്‍റാർട്ടിക് സർവേ സംഘത്തിലെ പ്രഫസർ മൈക് മെറഡിത്ത് പറയുന്നു. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് കാലാവസ്ഥ മാറുന്നത്. ഈ ദിശയിൽ മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും -അദ്ദേഹം പറയുന്നു.
താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളേയും സാരമായി ബാധിക്കുകയാണ്. അടുത്തിടെ റിപ്പോർട്ട് ചെയ്ത പവിഴപ്പുറ്റുകളുടെ നാശം സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. ചൂടുകാരണം പവിഴപ്പുറ്റുകൾ വെള്ള നിറത്തിലേക്ക് മാറുകയും നശിക്കുകയുമാണ് ചെയ്യുന്നത്. സമുദ്രത്തിലെ ജീവിവർഗങ്ങളിൽ നാലിലൊന്നിന്‍റെയും വാസസ്ഥലങ്ങളായ പവിഴപ്പുറ്റുകളുടെ നാശം ജൈവസമ്പത്തിനെ തകിടം മറിക്കും.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് വർധിക്കുകയാണെന്ന് പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ റോക്സി മാത്യു കോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സമുദ്രജലത്തിന്‍റെ താപനിലയിലെ ഏറ്റവും ഉയർന്ന വർധനവ് കാരണം ഇന്ത്യയിലും പരിസര പ്രദേശങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. സമുദ്രത്തിലെ ചൂട് തരംഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തെ ഒരു സ്ഥിരമായ താപതരംഗാവസ്ഥയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. ഈ ഉഷ്ണതരംഗങ്ങൾ ചുഴലിക്കാറ്റുകളുടെ സഞ്ചാരം വേഗത്തിലാക്കുകയും പവിഴപ്പുറ്റുകളുടെയും സമുദ്ര ആവാസവ്യവസ്ഥയുടെയും നാശത്തിനും കാരണമാകുന്നു. ഇത് മത്സ്യമേഖലക്കും കാര്യമായ ഭീഷണി ഉയർത്തുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.
നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ചൂടുകൂടിയ കാലത്തിലൂടെയാണ് ഭൂമി കടന്നുപോകുന്നതെന്ന് യൂറോപ്യൻ യൂനിയന്‍റെ കോപ്പർനിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ മാർച്ച് മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഓരോ മാസവും ചൂടിന്‍റെ പുതിയ റെക്കോഡിട്ടാണ് കടന്നുപോയത്.
2023 മാർച്ച് മുതൽ 2024 മാർച്ച് വരെ ആഗോള താപനില വ്യാവസായിക കാലഘട്ടത്തിനുമുമ്പുള്ളതിനെക്കാൾ ശരാശരി 1.58 ഡിഗ്രീ സെൽഷ്യസ് വർധിച്ചതായാണ് കണക്ക്. ഇതൊരു ദീർഘകാല പ്രവണതയാണെന്നത് ഏറെ ആശങ്കയുയർത്തുന്നതാണെന്ന് കോപ്പർനിക്കസ് ഏജൻസി ചൂണ്ടിക്കാട്ടി. ആഗോള ശരാശരി താപനില വർധന വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ള നിലയേക്കാൾ ഒന്നരഡിഗ്രി സെൽഷ്യസ് കടക്കാതെ നോക്കണമെന്നതായിരുന്നു 2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യം. അടുത്ത ഒരു വർഷത്തിനിടെ ഈ പരിധി മറികടക്കാനാണ് സാധ്യതയെന്ന് കോപ്പർനിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.