2030ൽ സമുദ്രങ്ങളിലെ കൊക്കകോള പ്ലാസ്റ്റിക് മാലിന്യം പ്രതിവർഷം 60.2 കോടി കിലോ ആവുമെന്ന് പഠനം
text_fieldsലണ്ടൻ: 2030 ആകുമ്പോഴേക്കും കൊക്കകോള ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് ഓരോ വർഷവും 60.2 കോടി കിലോ ആയി ഉയർന്നേക്കുമെന്ന് പഠനം. 1.8 കോടി തിമിംഗലങ്ങളുടെ വയറു നിറക്കാൻ ഇത് മതിയാകും. കോർപ്പറേറ്റ് മലിനീകരണക്കാരെ ലക്ഷ്യം വച്ചുള്ള ഗവേഷക സംഘടനയായ ‘ഓഷ്യാന’ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ വിശകലനത്തിലാണ് ഈ ഭയപ്പെടുത്തുന്ന കണ്ടെത്തൽ.
കാൻസർ, വന്ധ്യത, ഹൃദ്രോഗം എന്നിവയുമായി ശാസ്ത്രജ്ഞർ കൂടുതലായി ബന്ധിപ്പിക്കുന്ന മൈക്രോപ്ലാസ്റ്റിക്സിന്റെ വ്യാപനം മൂലമുണ്ടാകുന്ന മനുഷ്യന്റെ ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് പുതിയ റിപ്പോർട്ട്.
‘ലോകത്തിലെ ഏറ്റവും വലിയ ശീതള പാനീയ നിർമാതാവും വിൽപനക്കാരനുമാണ് കൊക്കകോളയെന്ന് ’ഓഷ്യാന’യുടെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന മാറ്റ് ലിറ്റിൽജോൺ പറഞ്ഞു. അതുകൊണ്ടുതന്നെ സമുദ്രത്തിൽ ഇവയുടെയെല്ലാം സ്വാധീനം കണക്കിലെടുക്കുമ്പോൾ അവ ശരിക്കും പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും അവർ മുന്നറിയിപ്പു നൽകുന്നു.
2024ൽ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണക്കാരിൽ കൊക്കകോളയാണ് ഒന്നാം സ്ഥാനത്ത്. പെപ്സികോ, നെസ്‌ലെ, ഡാനോൺ, ആൾട്രിയ എന്നിവ തൊട്ടുപിന്നിലുണ്ട്.
2018 മുതൽ 2023 വരെയുള്ള കൊക്കകോള റിപ്പോർട്ട് ചെയ്ത പാക്കേജിംഗ് ഡാറ്റയും വിൽപ്പന വളർച്ചാ പ്രവചനങ്ങളും അടിസ്ഥാനമാക്കിയാണ് ഓഷ്യാനയുടെ ഈ കണക്ക്. 2030 ആകുമ്പോഴേക്കും കമ്പനിയുടെ പ്ലാസ്റ്റിക് ഉപയോഗം പ്രതിവർഷം 4.13 മില്യൺ ടൺ കവിയുമെന്നും ഇതിന്റെ ഫലം ചൂണ്ടിക്കാട്ടുന്നു.
ആ പ്ലാസ്റ്റിക്കിന്റെ എത്രത്തോളം ജല ആവാസവ്യവസ്ഥയിൽ എത്തുമെന്ന് കണക്കാക്കാൻ ഗവേഷകർ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം വികസിപ്പിച്ചെടുത്ത ഒരു പിയർ റിവ്യൂഡ് രീതി പ്രയോഗിച്ചു. 2020ൽ കണ്ടെത്തൽ ‘സയൻസ്’ എന്ന അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ചു. ഇത് ഏകദേശം 220 ബില്യൺ അര ലിറ്റർ കുപ്പികൾക്ക് തുല്യമായ അളവിൽ 60.2 കോടി കിലോഗ്രാം ആയിരിക്കുമെന്നും അവർ കണക്കാക്കി.
പ്ലാസ്റ്റിക് ഉത്പാദനം എണ്ണയെ ആശ്രയിച്ചിരിക്കുന്നു. ഇത് കോർപ്പറേറ്റുകളുടെ പ്ലാസ്റ്റിക് ഉപയോഗത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ചാലകമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.