സീലകാന്ത്; ദിനോസറുകൾക്കൊപ്പം ജീവിച്ച മത്സ്യത്തെ വീണ്ടും കണ്ടെത്തി
text_fieldsകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നുവെന്നും പിന്നീട് വംശനാശം സംഭവിച്ചുവെന്നും ശാസ്ത്രലോകം കരുതിയ സീലകാന്ത് മത്സ്യങ്ങളെ ഒരിക്കൽ കൂടി കണ്ടെത്തി. ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കർ തീരത്തിനു സമീപത്ത് വെച്ചാണ് ഇവയെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
ജീവിക്കുന്ന ഫോസിലുകൾ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ജീവിവർഗങ്ങളിൽ ഉൾപ്പെട്ടതാണ് സീലകാന്ത് മത്സ്യം. ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചതിനാൽ ഇവയെ ഡൈനോ ഫിഷ് എന്നും വിളിക്കാറുണ്ട്.
ആറര കോടി വർഷം മുമ്പ് സീലകാന്ത് മത്സ്യങ്ങൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. ദിനോസറുകളുടെ വംശത്തെ നശിപ്പിച്ച കാലാവസ്ഥാമാറ്റങ്ങൾ ഈ മത്സ്യങ്ങളെയും നശിപ്പിക്കാം എന്നായിരുന്നു നിഗമനം.
1938ലാണ് മഡഗാസ്കറിന് സമീപത്തുവച്ച് സീലകാന്ത് മത്സ്യങ്ങളെ വീണ്ടും കണ്ടെത്തുന്നത്. പിന്നീട് 1952ല്‍ മറ്റൊരു മത്സ്യത്തെ കൂടി കണ്ടെത്തി. അതിനുശേഷം എട്ടോളം തവണ പലയിടങ്ങളിലായി മത്സ്യങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഡഗാസ്കർ തീരത്തുനിന്ന് വീണ്ടും സീലാകാന്ത് മത്സ്യങ്ങളെ കണ്ടെത്തിയത് ശാസ്ത്ര പ്രസിദ്ധീകരണമായ മൊംഗാബേ ന്യൂസ് ആണ് സ്ഥിരീകരിച്ചത്. സ്രാവുകളെ വേട്ടയാടുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾക്ക് സീലകാന്തിനെ ലഭിച്ചത്.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന മത്സ്യ വർഗ്ഗം ഇന്നും തുടരുന്നു എന്നത് പരിണാമ പഠനത്തിൽ വളരെ നിർണായകമായ കണ്ടെത്തലാണ്. അത്യന്തം അപകടകരമായ വിധത്തിൽ വംശനാശഭീഷണി നേരിടുകയാണ് സീലകാന്തുകളെന്നും ഇവയെ സംരക്ഷിക്കാൻ നടപടി വേണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ വാദിക്കുന്നു.
സാധാരണ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സീലകാന്തുകൾക്ക് എട്ട് ചിറകുകൾ ആണുള്ളത്. കാലുകൾക്ക് സമാനമായ നാല് ചിറകുകളുണ്ട്. ഇവയുടെ നീന്തലും നാൽക്കാലികളുടെ ചലനവും തമ്മിൽ ഏറെ സാമ്യമുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സീലകാന്തുകളുടെ ബന്ധുക്കളിൽ നിന്നാണ് ഉഭയജീവികൾ പരിണമിച്ചുണ്ടായതെന്ന് ശാസ്ത്രം അനുമാനിക്കുന്നു. ശരീരഭാരം 80 കിലോഗ്രാം വരുന്ന ഇവയ്ക്ക് രണ്ടു മീറ്ററോളം നീളം ഉണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.