അട്ടപ്പാടിയിൽ വീട്ടികൂണ്ട് ഊരിന് സമീപം ആദിവാസി ഭൂമി കൈയേറിയെന്ന് പരാതി
text_fieldsകോഴിക്കോട്: അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഷോളയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വീട്ടികൂണ്ട് ഊരിന് തൊട്ടടുത്ത് ആദിവാസി ഭൂമി കൈയേറിയെന്ന് പരാതി. വനം- റവന്യൂ ഭൂമി ചേർന്നു കിടക്കുന്ന സ്ഥലത്ത് അനധികൃതമായി കൈയേറ്റം നടത്തി ആദിവാസി ഭൂമി തട്ടിയെടുത്തുവെന്നാണ് ഊരു നിവാസികൾ പറയുന്നത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രാത്രിയും പകലുമായി കുന്നുകൾ ഇടിച്ചുനിരപ്പാക്കുന്നു. വന്യമൃഗങ്ങളുടെയും പ്രത്യേകിച്ച് ആനകളുടെയും വഴിതാരകൾ തടസപ്പെടുത്തി സൗരോർജ വേലികൾ സ്ഥാപിക്കുകയും ചെയ്തു. പരിസ്ഥിതിക്ക് വിരുദ്ധമായ കെട്ടിടങ്ങൾ നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടും സർക്കാർ സംവിധാനം മൗനത്തിലാണ്. സ്വാഭാവികമായി കാലാവസ്ഥ വ്യതിയാനം നേരിട്ടു കൊണ്ടിരിക്കുന്ന പ്രദേശം കൂടിയാണ് കിഴക്കൻ അട്ടപ്പാടി.
ഊരിന് അടുത്തുള്ള തോടിന് കിഴക്കുഭാഗത്തായി കോട്ടത്തറ വില്ലേജ് സർവേ നമ്പർ 634/4 ൽ 7.95 ഹെക്ടർ ഭൂമി സംസ്ഥാനം എന്ന പേരിലും 634/5 സർവേ നമ്പരിൽ 1.39 ഹെക്ടർ സ്വകാര്യ വ്യക്തി വേലുസ്വാമി ഗൗഡർ പേരിലുമായിരുന്നു. യഥാർഥത്തിൽ ആദിവാസികളുടെ കൊത്തുകാട് ഭൂമിയാണിത്. ഈ ഭൂമി സ്വകാര്യ വ്യക്തികളുടെ പേരിലാണ് സർവേ ചെയ്ത് രജിസ്റ്റർ ആക്കി വെച്ചു. വട്ടലക്കി ഊരിലെ വനാവകാശ (എഫ്.ആർ.സി) പരിധിയിൽ വരുന്ന ഭൂമിയാണിത്. ആദിവാസികൾക്ക് സാമൂഹിക വനവകാശം ലഭിക്കേണ്ട ഭൂപ്രദേശവുമാണിത്. നിലവിൽ ഇവിടെ റിസോർട്ട് നിർമാണമാണ് നടക്കുന്നത്. വനമേഖലയും ഭാഗികമായ റവന്യൂ ഭൂമിയും ചേർന്ന സ്ഥലത്താണ് നിർമാണം.
അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്മെൻറ് സൊസൈറ്റിയുടെ (അഹാഡ്സ്) നേതൃത്വത്തിൽ 219 കോടി രൂപ പദ്ധതി വനവൽക്കരണം, മണ്ണ് സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ മേഖലയുമാണ്. ഇപ്പോൾ അധികാരകേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തിയാണ് വനഭൂമി ഉൾപ്പെടെയുള്ള കണ്ണായ സ്ഥലങ്ങളും കുന്നും നശിപ്പിച്ചു നിർമാണം നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും അതുപോലെ തന്നെ രാഷ്ട്രീയപാർട്ടികളുടെയും മറ്റും പിന്തുണയോടെ കൂടിയാണ് കുന്നിടിക്കൽ തുടരുന്നത്.
വർഷങ്ങളായി തരിശ് കിടക്കുന്ന ഭൂമികൾ നിരീക്ഷണം നടത്തി മാഫിയകൾ കണ്ടെത്തുകയും വ്യാജ രേഖകളുടെ (ആധാരങ്ങളുടെ) മറവിൽ ആൾമാറാട്ടം നടത്തിക്കൊണ്ട് വ്യാപകമായി തോതിൽ അട്ടപ്പാടിയിൽ അനധികൃതമായി ഭൂമി കൈയേറ്റം നടത്തുകയാണ്. ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിന് ഭൂമാഫിയ സംഘത്തിന് റവന്യു ഉദ്യോഗസ്ഥർ സഹായം നൽകുന്നു. വ്യാജരേഖകൾ നിർമിച്ചു നൽകുകയും വില്ലേജിലെയും സബ് രജിസ്ട്രാർ ഓഫിസിലെയും പഴയരേഖകൾ നശിപ്പിക്കുകയും ചെയ്യുന്ന സംഘം അട്ടപ്പാടിയിൽ സജീവമാണ്.
വ്യാജരേഖകളുടെ മറവിൽ സ്വകാര്യ വ്യക്തി ആദിവാസികളുടെ ഭൂമി അനധികൃതമായി കൈയേറി റിസോർട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ്. പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം റോഡ് നിർമിച്ച പ്രദേശമാണിത്. ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതിനെതിരെ പരാതി കൊടുക്കുന്നവരെയും കേസുമായി മുന്നോട്ടു പോകുന്നവരെയും ഭൂമാഫിയകൾ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയും ഒതുക്കുകയുമാണ് ചെയ്യുന്നത്. പശ്ചിമഘട്ട സംരക്ഷണമേഖലയെ ഇടിച്ചുനിരപ്പാക്കുന്ന അധിനിവേശമാണിവിടെ നടക്കുന്നതെന്ന് വട്ടലക്കി ഊരിലെ മുരുകനും അട്ടപ്പാടി സംരക്ഷണ സമിതി കൺവീനർ എം.സുകുമാരനും 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.