റവന്യൂ ഭൂമി വനഭൂമിയാക്കിയത് വിവാദത്തിൽ, കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി
text_fieldsഅടിമാലി: കുഞ്ചിത്തണ്ണി വില്ലേജില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് പാട്ടത്തിന് നല്കിയതും വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലിരുന്നതുമായ ഭൂമി സംരക്ഷിത വനമാക്കി ഇറക്കിയ ഉത്തരവ് വിവാദത്തില്‍. റവന്യൂ രേഖയില്‍ ഭൂമി ഇപ്പോഴും റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലാണ്. ഇത് സംബന്ധിച്ച് കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
ഭൂമിയുടെ നിയന്ത്രണം വൈദ്യുതി വകുപ്പിനാണെന്ന് ബി.ടി.ആര് രേഖയില്‍ കാണുന്നതായി വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിലുണ്ട്. പള്ളിവാസല്‍ വൈദ്യുതി നിലയം, ചെങ്കുളം ഡാം എന്നിവ ഉള്‍പ്പെടെ വന്നപ്പോള്‍ വൈദ്യുതി വകുപ്പിന് വിട്ടുനല്‍കിയതായാണ് വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഭൂമി സംരക്ഷിത വനമേഖലയാക്കി വനം-വന്യജീവി വകുപ്പ് വിജ്ഞാപനം ഇറക്കിയത്.
കാലങ്ങളായി വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ഉണ്ടായിരുന്ന 87.37 ഹെക്ടര്‍ ഭൂമിയാണ് സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചത്. വനഭൂമിയുടെ സെറ്റില്‍മെന്റ് ഓഫിസറായി മൂന്നാര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെ നിയമിക്കുകയും ചെയ്തു.
ഇതോടെ ആനച്ചാല്‍ ടൗണും പരിസരവും സമ്പൂര്‍ണ സംരക്ഷിത മേഖലയായി. 2010ത്തില്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി കുടിയിറക്കിയ 50ഓളം കര്‍ഷകര്‍ക്ക് വൈദ്യുതി ബോര്‍ഡ് നല്കിയ ഒന്നരയേക്കര്‍ ഭൂമിയും സംരക്ഷിത വനമേഖലയിലാണ്. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വനം വകുപ്പ് ദേവികുളം റേഞ്ച് ഓഫിസ് പരിധിയിൽപെടുന്ന കുഞ്ചിത്തണ്ണി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ ഒമ്പതിലും പത്തിലും ഉള്‍പ്പെട്ട 87.37 ഹെക്ടര്‍ സ്ഥലമാണ് സംരക്ഷിത മേഖല. ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വനം വകുപ്പും വൈദ്യുതി ബോര്‍ഡും തമ്മില്‍ നാളുകളായി തര്‍ക്കം നിലവിലുണ്ട്. ഇതിനിടയാണ് പുതിയ വിജ്ഞാപനം. 1993ല്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് പാട്ടവ്യവസ്ഥയില്‍ യൂക്കാലി കൃഷിക്ക് വനം വകുപ്പ് കൈമാറിയതാണ് ഈ ഭൂമി. ഇവിടെ 1994 മുതല്‍ 1999 വരെ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
2020 മാര്‍ച്ച് 31ന് പാട്ടക്കാലാവധി കഴിഞ്ഞു. വിവിധ ഇനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും സമൃദ്ധമായി വളരുന്ന ഭൂമി വന്യമൃഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയുടെ ആവാസസ്ഥലമായതിനാലാണ് സംരക്ഷിത പ്രദേശമായി വിജ്ഞാപനമിറക്കിയതെന്നാണ് വനം വകുപ്പിന്റെ വാദം. എന്നാല്‍, ഈ നടപടി വൈദ്യുതി ബോര്‍ഡ് കുടിയിരുത്തിയ 50 കുടുംബങ്ങളെ പെരുവഴിയിലാക്കുമെന്നാണ് വാദം. ഒരു കുടുംബത്തിന് മൂന്ന് സെന്റ് വീതം ഒന്നരയേക്കര്‍ ഭൂമിയാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയത്.
ഗൂഢനീക്കമെന്ന് ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കുഞ്ചിത്തണ്ണി വില്ലേജിൽ പുതിയ റിസർവ് വനം പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് ഇടതുസർക്കാറിന്റെ ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.
റവന്യൂ ഭൂമി വ്യാപകമായി ഏറ്റെടുത്ത് വനഭൂമിയാക്കുകയും പുതിയ റിസർവ് വനപ്രഖ്യാപനം നടത്തുകയും ചെയ്യുന്നത് കർഷകരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കും. റവന്യൂ രേഖകൾ പ്രകാരം കുഞ്ചിത്തണ്ണി വില്ലേജിലെ നിർദിഷ്ട റിസർവ്, റവന്യൂ വകുപ്പിന്റെ അധീനതയിലുള്ളതായാണ് കാണുന്നത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിങ് പാട്ടത്തിന് നൽകിയ ഭൂമി പാട്ടക്കരാർ തീർന്നപ്പോൾ വനംവകുപ്പ് ഏറ്റെടുത്ത് റിസർവായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല. നാട്ടിൻപുറങ്ങളിലെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് വനംവകുപ്പ് അധീശത്വം സ്ഥാപിക്കുന്നതും തർക്കഭൂമിയാക്കി ഏറ്റെടുക്കുന്നതും നേരത്തേ തന്നെ ജനങ്ങൾ എതിർത്തിട്ടുണ്ട്. കുഞ്ചിത്തണ്ണിയിലെ റിസർവ് പ്രഖ്യാപനം അനാവശ്യവുമാണ്.
ബഫർസോൺ ഉത്തരവും നിർമാണ നിരോധനവും കരിനിയമങ്ങളും കൊണ്ട് ഇടുക്കി ജില്ലയെ തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.