Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപെട്രോ സ്റ്റേറ്റുകള്‍...

പെട്രോ സ്റ്റേറ്റുകള്‍ ആധിപത്യം നേടിയ കോപ്-29 കാലാവസ്ഥാ ഉച്ചകോടിക്ക് ബാകുവില്‍ തിരശ്ശീല വീഴുമ്പോള്‍

text_fields
bookmark_border
COP-29 climate summit in Baku
cancel

കോപ് 29 ഇന്നലെ അവസാനിച്ചു. 'ഫിനാന്‍സ് കോപ്' എന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബാകു ഉച്ചകോടി അവികസിത/ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതും അപമാനിക്കുന്നതുമായി മാറി. കോപ് 29ന്റെ അവസാന മണിക്കൂറുകളില്‍ അവതരിപ്പിക്കപ്പെട്ട ധനകാര്യ കരട് രേഖ - New Collective Quantified Goal-NCQG - കാലാവസ്ഥാ പ്രതിസന്ധിയുടെ നേരിട്ടുള്ള ഇരകളായ ദക്ഷിണാര്‍ധഗോള രാജ്യങ്ങളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിന്നുവെന്ന് മാത്രമല്ല, കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം (historical emission responsibility) ഏറ്റെടുക്കാന്‍ ഉത്തരാര്‍ധ ഗോളത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ വിസമ്മതിക്കുകയാണെന്ന പരസ്യപ്രഖ്യാപനം കൂടിയായി മാറി.

ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാന്‍ അവികസിത/വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണയായി പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍ എന്ന ആവശ്യത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് 250 ബില്യണ്‍ ഡോളറായി ചുരുക്കുകയാണ് ഫിനാന്‍സ് കോപില്‍ ഉണ്ടായത്. അതോടൊപ്പം തന്നെ കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന സാമ്പത്തിക തകര്‍ച്ചകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യങ്ങളെ - ലോസ് ആന്റ് ഡാമേജ്- മുഖവിലയ്‌ക്കെടുക്കാനും വികസിത രാഷ്ട്രങ്ങള്‍ തയ്യാറായതുമില്ല.

ഈയൊരൊറ്റ തീരുമാനം, അല്ലെങ്കില്‍ തീരുമാനമില്ലായ്മ -പുതിയ കാലാവസ്ഥാ സാമ്പത്തിക ലക്ഷ്യങ്ങള്‍ അംഗീകരിക്കാനുള്ള വിസമ്മതം - നമ്മുടെ ഗ്രഹത്തിന്റെ ഭാവി കൂടുതല്‍ അനിശ്ചിതത്വം നിറഞ്ഞതും ഇരുളടഞ്ഞതുമാക്കിത്തീര്‍ക്കുന്നുവെന്നതാണ് വാസ്തവം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കാലാവസ്ഥാ ഉച്ചകോടി പെട്രോ-സ്റ്റേറ്റുകളില്‍ നടക്കുന്നത് എന്നത് പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗങ്ങളില്‍ വെട്ടിക്കുറക്കലുകള്‍ നടത്തുന്നതിന് വിഘാതമായി വരുന്നുണ്ടെന്നത് വാസ്തവമാണ്.

വികസ്വര രാജ്യങ്ങള്‍ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍ ആവശ്യപ്പെടാന്‍ ആരംഭിച്ചിട്ട് ഏറ്റവും കുറഞ്ഞത് മൂന്ന് ഉച്ചകോടികളെങ്കിലും കടന്നുപോയി. ഏറ്റവും പുതിയ കരട് രേഖ പോലും നഷ്ടപരിഹാരത്തുക ട്രില്ല്യണില്‍ ആയിരിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായി കാണാം. എന്നിട്ടും, എണ്ണമറ്റ ഉന്നതതല യോഗങ്ങള്‍ക്കും ശേഷം, വികസിത രാജ്യങ്ങള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവികസിത/വികസ്വര രാജ്യങ്ങളിലെ മിക്കവാറും ഭരണകൂടങ്ങളും- പ്രത്യേകിച്ച് സബ്‌സഹാറന്‍, തെക്കനേഷ്യന്‍ രാജ്യങ്ങള്‍- സാമൂഹിക സംഘടനകളും കോപ് 29ന്റെ തീരുമാനമില്ലായ്കയെ അപലപിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്. ഏഴ് ലക്ഷത്തോളം വരുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍ ഒപ്പുവെച്ച മെമ്മോറാണ്ടം കോപ് 29ന്റെ ഗ്രീന്‍ സോണില്‍ വെച്ച് ഇന്നലെ പ്രകാശിപ്പിക്കപ്പെട്ടു.

''ഈ ഡ്രാഫ്റ്റ് ടെക്സ്റ്റ് അത് രൂപപ്പെടുത്താന്‍ ഉപയോഗിച്ച ബാക്ക്റൂം രഹസ്യത്തെ പ്രതിഫലിപ്പിക്കുന്നു. പാരീസ് ഉടമ്പടിയുടെ ആത്മാവിനെ മാനിക്കുന്നതില്‍ ഈ വാചകം പരാജയപ്പെടുന്നു, ചരിത്രപരമായ ഉദ് വമനത്തിന് ഉത്തരവാദികള്‍ അവര്‍ വരുത്തിയ ദോഷത്തിന് സാമ്പത്തിക നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. നമ്മുടെ ജനങ്ങളെയും ഗ്രഹത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ സാമ്പത്തിക ലക്ഷ്യത്തില്‍ നിന്ന് വളരെ അകലെയാണിത്. $250b എന്ന തുക തികച്ചുംഅപര്യാപ്തവും ലജ്ജാകരവുമാണ്.'' എന്ന് വിവിധ ദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയിലൂടെ തുറന്നടിക്കുകയുണ്ടായി.

''ഭൂമിയിലെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് പാരീസിലെ 1.5 ഡിഗ്രി ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്, അതിനാല്‍ ഈ ബഹുമുഖ പ്രക്രിയ നിര്‍ണായകമാണ്. യൂറോപ്യന്‍ യൂണിയന് ട്രില്യണ്‍ ഡോളറിന്റെ കാലാവസ്ഥാ കടമുണ്ട്. നിലവിലെ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ NCQG അസ്വീകാര്യവും ഭൂമിയെയും മനുഷ്യജീവനെയും രക്ഷിക്കാന്‍ നമുക്ക് ആവശ്യമുള്ളതില്‍ നിന്ന് വളരെ അകലെയുമാണ്. കത്തുന്ന ഗ്രഹത്തില്‍ ഏറ്റവും ദുര്‍ബലരായവരെ ഉപേക്ഷിക്കുന്ന ഈ നടപടി അസ്വീകാര്യമാണ്''.

ചർച്ചകൾ തുടരുന്നു; ഉദ് വമനവും

COP29 ബാക്കുവിന്റെ ആദ്യ ദിവസങ്ങളില്‍, ആഗോള കാര്‍ബണ്‍ ബജറ്റ് സംബന്ധിച്ച ഏറ്റവും പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയുണ്ടായി - കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കാനുള്ള രാജ്യങ്ങളുടെ പ്രതിജ്ഞകള്‍ ഉണ്ടായിരുന്നിട്ടും, 2024ല്‍ ആഗോള ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള CO2 ഉദ്വമനം 0.8% ഉയരുമെന്നാണ് ആ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ ദശകത്തിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കിനേക്കാളും കൂടുതലാണെന്നതാണ് സത്യം. കൂടാതെ പാരീസ് ഉടമ്പടിക്ക് മുമ്പുള്ളതിനേക്കാളും CO2 ഉദ്വമനം 8% കൂടുതലുമാണ്.

120 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സംഘം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, നിലവിലെ നിരക്കില്‍, ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള, 50% സാധ്യതയുള്ള, ശേഷിക്കുന്ന കാര്‍ബണ്‍ ബജറ്റ് 2025 ജനുവരി മുതല്‍ ആറ് വര്‍ഷത്തേക്ക് മതിയാകുകയുള്ളൂ. നിലവിലെ ഉദ് വമനം കുറയ്ക്കുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഇപ്പോള്‍ തുടരുന്ന വഴികള്‍ 2100 ആകുമ്പോഴേക്കും ആഗോള താപനത്തോത് 3.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ എന്ന് യുഎന്‍ഇപിയും മുന്നറിയിപ്പ് നല്‍കുന്നു. ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ശാസ്ത്രസംഘടനകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോഴും പുതിയ ഫോസില്‍ ഇന്ധന പദ്ധതികളില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് പ്രവചിക്കുന്നു.

COP29 നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ പുറത്തിറക്കിയ ഗ്ലോബല്‍ വിറ്റ്നെസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏറ്റവും ലാഭകരമായ 30 ഫോസില്‍ ഇന്ധന കമ്പനികള്‍ മാത്രം പാരീസ് ഉടമ്പടിക്ക് ശേഷം പ്രതിവര്‍ഷം ശരാശരി 400 ബില്യണ്‍ ഡോളര്‍ ലാഭം നേടി - കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങള്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നാശനഷ്ടം നികത്താന്‍ ഇത് മതിയാകും. കൂടാതെ, പുതിയ എണ്ണ, വാതക ശേഖരം കണ്ടെത്തുന്നതിനായി എണ്ണ, വാതക കമ്പനികള്‍ പ്രതിവര്‍ഷം ശരാശരി 61 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതായും ഗ്ലോബല്‍ വിറ്റ്‌നെസ്സ് റിപ്പോര്‍ട്ട് കണ്ടെത്തി.

Exxon Mobilഉം, Shellഉം, British Petroleumഉം അടങ്ങുന്ന പെട്രോളിയം കാർട്ടലുകളുടെ 1700 പ്രതിനിധികളാണ് ബാകു ഉച്ചകോടിയുടെ ബാക് റൂം ചർച്ചകളെ നിയന്ത്രിച്ചു കൊണ്ടിരുന്നത് എന്നത് ഒരു രഹസ്യമേ അല്ലാതായിരിക്കുന്നു. പെട്രോളിയം കമ്പനികൾ അരങ്ങ് തകർത്ത കാലാവസ്ഥാ ചർച്ചകളുടെ അന്ത്യം ഇതല്ലാതെ മറ്റെന്താകാൻ ?!

ശാസ്ത്രം ശാസ്ത്രത്തിന്റെ വഴിക്കും, രാഷ്ട്രീയ ഭരണകൂടങ്ങള്‍ അവയുടെ വഴിക്കും സഞ്ചരിക്കുന്നു എന്നതാണ് കാലാവസ്ഥാ ഉച്ചകോടികള്‍ നമുക്ക് കാണിച്ചുതരുന്നത്. അടുത്ത കാലാവസ്ഥാ ഉച്ചകോടി - കോപ് 30ക്ക് ബ്രസീല്‍ ആതിഥ്യം നല്‍കും. കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരിക എന്നത് മാത്രമാണ് വിവേകശൂന്യരായ ഭരണാധികാരികളെ ശരിയായ തീരമാനങ്ങളിലേക്കെത്തിക്കാനുള്ള ഫലപ്രദമായ മാര്‍ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate summitBakuCOP 29
News Summary - COP-29 climate summit in Baku
Next Story