കൗതുകമായി ഭീമൻ നിശാശലഭം
text_fieldsചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് വിരുന്നെത്തിയ ഭീമൻ നിശാശലഭം കൗതുകമായി. ചങ്ങരംകുളം പന്താവൂർ പാലത്തിനടുത്ത് പുല്ലാരവളപ്പിൽ അമീറിന്റെ വീട്ടുവളപ്പിലാണ് ഇതിനെ കണ്ടത്. അറ്റാക്കസ് അറ്റ്ലസ് എന്ന ശാസ്ത്രനാമമുള്ള ഇവയെ നിബിഡ വനപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്.
ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുണ്ട്. ചിറകുകളിലെ പാമ്പിന്റെ രൂപസാദൃശ്യവും പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുമുള്ളതിനാൽ ഇതിനെ നാഗശലഭം എന്നും വിളിക്കാറുണ്ട്. ഒരടിയിലേറെ വലിപ്പമുള്ള ഈ നിശാശലഭത്തിന്റെ ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള ഡിസൈൻ ഏറെ ആകർഷകമാണ്.
അറ്റാക്കസ് ടാപ്രോബനിസ് എന്നതാണ് ശാസ്ത്രീയ നാമം. അറ്റ്ലസ് ശലഭത്തിന്റെ ഉപവർഗമായി കണക്കാക്കുന്ന ഇവ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമാണ് ധാരാളമായി കാണപ്പെടുന്നത്. ചിറകുകളുടെ വിസ്താരത്താൽ ഇവയെ ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നു. എന്നാൽ, സമീപകാല പഠനങ്ങൾ ഹെർക്കുലീസ് നിശാശലഭം ഇവയേക്കാൾ വലിയതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിലെ പാമ്പിന്റെ കണ്ണുകളെപ്പോലെയുള്ള കറുത്ത പൊട്ടുകൾ ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഉപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.
സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.