Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right‘ഇരുണ്ട ഓക്സിജൻ’:...

‘ഇരുണ്ട ഓക്സിജൻ’: ശാസ്ത്രജ്ഞരെ ഭിന്നിപ്പിച്ച് ആഴക്കടൽ കണ്ടെത്തൽ; കണ്ണെറിഞ്ഞ് ഖനന കമ്പനികൾ

text_fields
bookmark_border
‘ഇരുണ്ട ഓക്സിജൻ’: ശാസ്ത്രജ്ഞരെ ഭിന്നിപ്പിച്ച് ആഴക്കടൽ കണ്ടെത്തൽ; കണ്ണെറിഞ്ഞ് ഖനന കമ്പനികൾ
cancel

സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ സമുദ്രത്തിന്റെ ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ ഭാഗങ്ങളിലുള്ള കട്ടിയായ ലോഹ പാറകൾ (പോളിമെറ്റാലിക് നോഡ്യൂളുകൾ) ഓക്സിജൻ ഉൽപാദിപ്പിക്കുന്നുണ്ടോ​? ഇവ കടലിന്റെ പ്രകാശമില്ലാത്ത അഗാധതയിൽ ‘ഡാർക്ക് ഓക്സിജൻ’ ഉത്പാദിപ്പിക്കുന്നുവെന്നാണ് ഒരു പറ്റം ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ, മറ്റൊരു വിഭാഗം ഇത് നിരസിക്കുകയും ചെയ്യുന്നു.

മെക്സിക്കോക്കും ഹവായിക്കും ഇടയിലുള്ള പസഫിക് സമുദ്രത്തിലെ വിശാലമായ കടൽമേഖലയായ ക്ലാരിയൻ-ക്ലിപ്പർട്ടൺ സോണിലാണ് ‘സ്കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസി’ലെ ശാസ്ത്രജ്ഞർ ഈ കണ്ടെത്തൽ നടത്തിയത്.

കഴിഞ്ഞ ജൂലൈയിൽ നേച്ചർ ജിയോസയൻസ് ജേണലിൽ വിശദമായി പ്രതിപാദിച്ച കണ്ടെത്തൽ ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ദീർഘകാല അനുമാനങ്ങളെ ചോദ്യം ചെയ്യുകയും തീവ്രമായ ശാസ്ത്രീയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. ഈ പോളിമെറ്റാലിക് നോഡ്യൂളുകളിൽ അടങ്ങിയിരിക്കുന്ന വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഖനന കമ്പനികൾക്കും ഈ കണ്ടെത്തലുകൾ താൽപര്യമുണർത്തി.

ഉപരിതലത്തിന് നാലു കിലോമീറ്റർ താഴെ കടലിൽ ചിതറിക്കിടക്കുന്ന പോളിമെറ്റാലിക് നോഡ്യൂളുകളിൽ മാംഗനീസ്, നിക്കൽ, കൊബാൾട്ട്, ഇലക്ട്രിക് കാർ ബാറ്ററികളിലും മറ്റ് കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകളിലും ഉപയോഗിക്കുന്ന ലോഹങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിന്റെ വലിപ്പത്തിലുള്ള ഈ ‘നോഡ്യൂളുകൾ’ കടൽവെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാൻ ആവശ്യമായ വൈദ്യുത പ്രവാഹം ഉത്പാദിപ്പിക്കുമെന്നാണ് ഗവേഷകരുടെ വാദം. വൈദ്യുതവിശ്ലേഷണം എന്നറിയപ്പെടുന്ന പ്രക്രിയയാണിത്.

ഏകദേശം 2.7 ബില്യൺ വർഷങ്ങൾക്കു മുമ്പ്, സൂര്യപ്രകാശം ആവശ്യമുള്ള പ്രകാശസംശ്ലേഷണം വഴി ഓക്സിജൻ ഉത്പാദിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ജീവൻ സാധ്യമായതെന്ന ദീർഘകാല വീക്ഷണത്തെ ഈ കണ്ടെത്തൽ സംശയാസ്പദമാക്കി. ‘ആഴക്കടൽ കണ്ടെത്തൽ ജീവന്റെ ഉത്ഭവത്തെ ചോദ്യം ചെയ്യുന്നു’വെന്ന് സ്കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസ് ഗവേഷണത്തിന്റെ പ്രസിദ്ധീകരണത്തോടൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു.

എന്നാൽ, ഈ അവിശ്വസനീയമായ കണ്ടെത്തൽ ആഴക്കടൽ സംരക്ഷണത്തിന്റെ അനിവാര്യത അടിവരയിടുന്നുവെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ വാദം. ഡാർക്ക് ഓക്സിജന്റെ സാന്നിധ്യം അങ്ങേയറ്റത്തെ ആഴങ്ങളിലെ ജീവജാലങ്ങളെക്കുറിച്ച് എത്രമാത്രം ​പ്രാധാന്യ​മുള്ളതണെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. ആഴക്കടൽ ഖനനം പാരിസ്ഥിതിക അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന അവരുടെ വാദത്തെയും ഇത് പിന്തുണക്കുന്നു.

ലോലമായ ആഴക്കടൽ ആവാസവ്യവസ്ഥകൾക്ക് വരുത്താൻ കഴിയുന്ന നാശനഷ്ടങ്ങൾ കാരണം പസഫിക്കിൽ ഖനനം ആരംഭിക്കുന്നത് നിർത്താൻ വളരെക്കാലമായി പ്രചാരണം നടത്തിവരുന്നതായി പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് പറയുന്നു.

എന്നാൽ, സ്വീറ്റ്മാന്റെ കണ്ടെത്തലുക​ളോട് ശാസ്ത്ര സമൂഹത്തിലെ പലരും സംശയങ്ങൾ പ്രകടിപ്പിക്കുകയോ നിഗമനങ്ങളെ നിരസിക്കുകയോ ചെയ്തു. ജൂലൈ മുതൽ, സ്വീറ്റ്മാന്റെ കണ്ടെത്തലുകളെ നിരാകരിക്കുന്ന അഞ്ച് അക്കാദമിക് ഗവേഷണ പ്രബന്ധങ്ങൾ അവലോകനത്തിനും പ്രസിദ്ധീകരണത്തിനുമായി സമർപ്പിച്ചിട്ടുണ്ട്.

ഡാർക്ക് ഓക്സിജൻ കണ്ടെത്തലിന് കാരണമായ ഗവേഷണത്തിന് ഭാഗികമായി ധനസഹായം നൽകിയത് ഒരു കനേഡിയൻ ആഴക്കടൽ ഖനന കമ്പനിയായ ‘ദി മെറ്റൽസ്’ ആണ്. ‘സ്കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസി’ലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ആൻഡ്രൂ സ്വീറ്റ്മാനും സംഘവും നടത്തിയ പഠനത്തെ ‘രീതിശാസ്ത്രപരമായ പിഴവുകൾ’ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി നിശിതമായി വിമർശിച്ചു. സ്വീറ്റ്മാനും അദ്ദേഹത്തിന്റെ സഹ രചയിതാക്കളും തെളിവുകളുടെ പൂർണ്ണ ചിത്രം നൽകിയിട്ടില്ലെന്നും കമ്പനി പറയുന്നു. മോശം സാങ്കേതിക വിദ്യയും മോശം ശാസ്ത്രവുമാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിലെന്ന് യുക്തിസഹമായി ആരോപിക്കപ്പെടുന്നുവെന്ന് ‘ദി മെറ്റൽസ്’ കമ്പനിയുടെ പരിസ്ഥിതി മാനേജർ മൈക്കൽ ക്ലാർക്ക് പ്രതികരിച്ചു.

സ്വീറ്റ്മാൻ തന്റെ നിരീക്ഷണങ്ങൾക്കും സിദ്ധാന്തത്തിനും വ്യക്തമായ തെളിവ് നൽകിയില്ലെന്ന് ജർമ്മനിയിലെ കിയലിലുള്ള ജിയോമർ ഹെൽഹോൾട്ട്സ് സെന്റർ ഫോർ ഓഷ്യൻ റിസർച്ചിലെ ബയോജിയോകെമിസ്റ്റായ മത്തിയാസ് ഹേക്കൽ പറഞ്ഞു.

ആഴക്കടൽ സാമ്പിളുകൾ ശേഖരിക്കുന്നത് എപ്പോഴും ഒരു വെല്ലുവിളിയാണെന്നാണ് ഫ്രഞ്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ജിയോ കെമിസ്ട്രി ഗവേഷകനായ ഒലിവിയർ റൗക്സൽ പറയുന്നത്. കണ്ടെത്തിയ ഓക്സിജൻ അളക്കൽ ഉപകരണങ്ങളിൽ ‘കുടുങ്ങിക്കിടക്കുന്ന വായു കുമിളകൾ’ ആയിരിക്കാൻ സാധ്യതയുണ്ടെന്നും റൗക്സൽ വാദിക്കുന്നു.

കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആഴക്കടൽ നോഡ്യൂളുകളെക്കുറിച്ചും അദ്ദേഹത്തിന് സംശയമുണ്ട്. ‘വളരെ സാവധാനത്തിൽ രൂപപ്പെടുന്ന ഒരു നോഡ്യൂളിൽ വൈദ്യുത പ്രവാഹം സൃഷ്ടിക്കാനുള്ള ശേഷി എങ്ങനെ നിലനിർത്താൻ കഴിയും? എന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmental Impactocean researchMining CompaniesDark OxygenDeep Sea Discovery
News Summary - Dark Oxygen: A Deep-Sea Discovery That Has Split Scientists; Mining companies are eyeing
Next Story
RADO