ആറാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡൽഹി; മലിനീകരണത്തിൽ ഇന്ത്യ അഞ്ചാമത്
text_fieldsന്യൂഡൽഹി: തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ‘സ്ഥാനം’ ഡൽഹി നിലനിർത്തി. 2024ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഇതനുസരിച്ച്, ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ്. അസം-മേഘാലയ അതിർത്തിയിലുള്ള ബൈർണിഹത്താണ് ഒന്നാംസ്ഥാനത്ത്. ഫരീദാബാദ്, ലോണി (ഗാസിയാബാദ്), ഗുഡ്ഗാവ്, ഗ്രേറ്റർ നോയിഡ, ഭിവാഡി, നോയിഡ, മുസാഫർനഗർ, മധ്യ ഡൽഹി, ഡൽഹി തുടങ്ങിയവയാണ് മറ്റ് നഗരങ്ങൾ.
ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ശരാശരി വായു ഗുണനിലവാര സൂചിക ലോകാരോഗ്യ സംഘടനയുടെ വാർഷിക മാനദണ്ഡത്തേക്കാൾ 10 മടങ്ങ് കൂടുതലാണ്. 2023ൽ, ഏറ്റവും മലിനമായ മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ. ‘ഇന്ത്യയിൽ വായു മലിനീകരണം ഒരു പ്രധാന ആരോഗ്യ ബാധ്യതയായി തുടരുന്നു. ഇത് 5.2 വർഷത്തോളം ആയുർദൈർഘ്യം കുറക്കുന്നു’ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
138 രാജ്യങ്ങളിലെയും 8,954 സ്ഥലങ്ങളിലെയും 40,000ത്തിലധികം വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
*ആഗോള നഗരങ്ങളിൽ 17ശതമാനം മാത്രമേ ലോകാരോഗ്യ സംഘടനയുടെ വായു മലിനീകരണ മാർഗ നിർദേശങ്ങൾ പാലിച്ചിട്ടുള്ളൂ.
*2024ൽ ഇന്ത്യ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശമായി. മധ്യ, ദക്ഷിണേഷ്യ ലോകത്തിലെ ഏറ്റവും മലിനമായ ഏഴ് നഗരങ്ങളുടെ ആസ്ഥാനവുമായി.
*യു.എസിലെ ഏറ്റവും മലിനമായ പ്രധാന നഗരം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ്. കാലിഫോർണിയയിലെ ഒന്റാറിയോ യു.എസിലെ ഏറ്റവും മലിനമായ പ്രദേശമായി.
*ആഫ്രിക്കയിൽ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയുടെ ദൗർലഭ്യം വളരെ ഗുരുതരമാണ്. ഓരോ 3.7 ദശലക്ഷം ആളുകൾക്കും ഒരു നിരീക്ഷണ കേന്ദ്രം മാത്രമേയുള്ളൂ.
*ഡൽഹിയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, എൻ.സി.ആർ മേഖല ഇപ്പോഴും കടുത്ത മലിനീകരണത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.