കൈകളിലൂന്നി ഷാജിയെത്തുന്നു; മണ്ണിൽ വേരൂന്നാൻ
text_fieldsഇരിട്ടി: പോളിയോ കഴുത്തിനു താഴെ മുഴുവൻ തളർത്തിയിട്ടും ഒമ്പതു വർഷത്തെ ചികിത്സക്കൊടുവിൽ കൈകളിലൂന്നി ഷാജിയുടെ ജീവിതം തളിർത്തു, സ്വന്തം കൃഷിയിടത്തിൽ വെട്ടിയിട്ടു തളിർത്ത മാവുപോലെ. അഞ്ചാം വയസ്സിൽ പനിയുടെ രൂപത്തിൽ പിടികൂടിയ പോളിയോ സ്വന്തം മനക്കരുത്താൽ തോൽപ്പിച്ച് 15 വയസ്സിൽ 'സ്വന്തം കൈയിൽ' മണ്ണിലിറങ്ങിയ ഷാജി വിളയിച്ചത് നൂറുമേനി.
ഇതിനോടകം വാരിക്കൂട്ടിയതാകട്ടെ നാലു സംസ്ഥാന അവാർഡുകളും ചെറുതും വലുതുമായ നിരവധി ജില്ല പുരസ്കാരങ്ങളും. 1996-97 ലെ കർഷകോത്തമ പുരസ്കാരം ലഭിക്കുന്നതുവരെ ഷാജി മാത്യു എന്ന കർഷകനെ പുറംലോകം അറിഞ്ഞിരുന്നില്ല. ഇടുക്കി തൊടുപുഴയിലെ മലയോര പ്രദേശത്തുനിന്ന് 1966ൽ ജില്ലയിലെ ഉളിക്കലിലേക്ക് കുടിയേറിയതാണ് ഷാജിയുടെ കുടുംബം. കർഷകനായ വി.വി. മാത്യുവിെൻറയും അന്നക്കുട്ടിയുടെയും നാലു മക്കളിൽ ഇളയവൻ.
ഒന്നാം ക്ലാസിൽ പഠിക്കവെ പൊടുന്നനെയുണ്ടായ പനി ഷാജിയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. വിവിധ ആശുപത്രികളിലെ നീണ്ട ചികിത്സകൾക്കൊടുവിൽ കിടക്കയിൽ മാത്രം ഒതുങ്ങിപ്പോയ ഷാജി 15ൽ സ്വന്തം ൈകയിലൂന്നി സൂപ്പർമാനെ പോലെ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. 16ാം വയസ്സിൽ തൂമ്പയുമെടുത്ത് പിതാവിനോടൊപ്പം മണ്ണിലിറങ്ങിയ ഷാജിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1973ൽ കോട്ടപ്പാറയിൽ പിതാവ് തുടങ്ങിയ 15 സെൻറ് സ്ഥലത്തെ നഴ്സറിയിലാണ് ഷാജി കൃഷിയുടെ ബാല പാഠം തുടങ്ങുന്നത്.
പിന്നീട് 1993ൽ 10 സെൻറിൽ സ്വന്തമായി നഴ്സറി ആരംഭിച്ചു. മറ്റുള്ളവരെപോലെ എല്ലാം തനിക്കും ചെയ്യുവാൻ കഴിയും എന്ന ദൃഢനിശ്ചയമുള്ള ഷാജി തന്നെയായിരുന്നു ചെടികളും വിത്തുകളും ശേഖരിക്കാൻ പോയിരുന്നത്. അതിനിടയിൽ ബഡിങ്ങും ഗ്രാഫ്റ്റിങ്ങും സ്വായത്തമാക്കിയതും നേട്ടമായി. വളമിടലിലും നനക്കലിലും ഒതുങ്ങുന്നതല്ല ഷാജിയുടെ കാർഷിക ജീവിതം. തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനും ഷാജിക്ക് ആരുടെയും പിൻബലം വേണ്ട.
13 വർഷമായി സ്വന്തം വണ്ടി ഓടിക്കുന്നതും ഷാജി തന്നെയാണ്. മരത്തോളം ഉയരമുള്ള മനസ്സുണ്ടെങ്കിൽ ഏത് മരത്തിലും കയറാമെന്ന് ഷാജി പറയുന്നു. മികച്ച കായ്ഫലമുള്ള കുരുമുളക് ഉൽപാദിപ്പിച്ചതിനായിരുന്നു 1996ൽ കേരള സർക്കാറിെൻറ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ഷാജിയെ തേടിയെത്തിയത്.
കൃഷിയിടം കാണാനെത്തിയ ഉദ്യോഗസ്ഥർ ഒരുതിരിയിൽ അത്രയധികം മണികളുള്ള കുരുമുളക് വള്ളി അന്നേവരെ കണ്ടിട്ടില്ലെന്നാണ് രേഖപ്പെടുത്തിയത്. ഏറ്റവും വലിയ ചേന ഉൽപാദിപ്പിച്ചതിനുള്ള ആ വർഷത്തെ സംസ്ഥാന സർക്കാറിെൻറ പുരസ്കാരവും ഷാജിക്ക് തന്നെയായിരുന്നു. 1999 ലെ മികച്ച നഴ്സറിക്കുള്ള അവാർഡും 2010 ലെ ഗാന്ധിയൻ സ്റ്റഡി സെൻററിെൻറ കർഷക തിലകം അവാർഡും കരസ്ഥമാക്കിയത് ഉളിക്കലുകാരുടെ സ്വന്തം ഷാജി പാപ്പൻ തന്നെ.
100 കായ്ക്ക് ഒരു കിലോഗ്രാം കിട്ടുന്ന വാണികിഴക്കേൽ ജാതി വികസിപ്പിച്ചതും ഷാജിയുടെ നേട്ടങ്ങളിൽ എടുത്തുപറയേണ്ടതാണ്. 2005 ലാണ് കോക്കാട് രണ്ട് ഏക്കറുള്ള മാതാ നഴ്സറി ഷാജി തുടങ്ങുന്നത്. ഇവിടെ വിവിധയിനങ്ങളിലുള്ള 40 തരം മാവുകളുണ്ട്. കൂടാതെ പ്രിയങ്ക, ധന, കനക തുടങ്ങിയ കശുമാവുകൾ വേറെയും.
വിജയത്തിന് പിന്നിൽ ദൈവ കടാക്ഷവും ഭാര്യ ഷാൻറിയും മക്കളായ ഷിബിനയും ഷെൽഫിയും ഷെന്നുമാണെന്ന് ഷാജി സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.