ദുരന്തസാക്ഷരത കാമ്പയിനുകള്‍ സംഘടിപ്പിക്കും -മന്ത്രി കെ. രാജന്
text_fieldsപത്തനംതിട്ട: പൊതുജനങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. പ്രവചനാതീത കാലാവസ്ഥ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2018 മുതല്‍ പത്തനംതിട്ട ജില്ല വലിയ ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. വലിയ പാഠമാണ് 2018ലെ വെള്ളപ്പൊക്കം നൽകിയത്. ജില്ല ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപവത്കരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യൂ ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഭാവിയില്‍ പുതിയ നയരൂപവത്കരണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ഭവനനിര്‍മാണം നടത്തേണ്ടതും വാസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കേണ്ടതും. ദുരന്തനിവാരണം എന്നതിനപ്പുറം ഒരു ദുരന്തത്തിന് ഇടവരുത്താതെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
50 വർഷം മുന്നിൽകാണണം -മുരളി തുമ്മാരുകുടി
50 വര്‍ഷം മുന്നിലേക്ക് നോക്കിയുള്ള കാര്യങ്ങള്‍ ഇനി നമ്മള് ചെയ്യേണ്ടതുണ്ടെന്ന് യു.എന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. ഒരു വെള്ളപ്പൊക്കമുണ്ടായാല്‍ ആ സ്ഥലത്ത് വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം പ്രദേശങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമാക്കണം. മാത്രമല്ല, വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശത്ത് പുതുതായി ഭവനനിര്‍മാണം നടത്താനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
അങ്ങനെവരുമ്പോള്‍ ആ പ്രദേശങ്ങളില്‍ പുതുതായി താമസിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയോ കരുതലോടെയുള്ള ഭവന നിര്‍മാണമോ നടത്തും. യഥാസമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് ദുരന്ത മുന്നറിയിപ്പുകള്‍ കൊടുക്കണം. അതിനായി ഒരു സമഗ്രരീതിയിലുള്ള പ്ലാന്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ദുരന്തനിവാരണത്തിനുള്ള ഉപകരണങ്ങളുടെ ലഭ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ഡി.സി വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.