ദോഹ: എക്സ്പോയിൽ പരിസ്ഥിതിചിന്തകളുടെ ഇസ്ലാമിക അധ്യാപനങ്ങൾ
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ചിന്തകളും ആശയങ്ങളുമായി സമ്പന്നമാണ് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷൻ. കൃഷിരീതികളും പുതുമയേറിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമെല്ലാംകൊണ്ട് ശ്രദ്ധേയമാകുന്ന എക്സ്പോ സെന്ററിലെ സന്ദർശകരെ കാത്തിരിക്കുന്നൊരു കാഴ്ചയാണ് വശങ്ങളിലായി വിവിധ സന്ദേശങ്ങൾ നൽകുന്ന ബോർഡുകൾ.
പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന മതമായ ഇസ്ലാമിന്റെ വിവിധ ഉദ്ബോധനങ്ങളാണ് സ്വദേശികളും വിദേശികളുമായ സന്ദർശകർക്ക് അറിവ് നൽകുന്നതരത്തിൽ പ്രദർശിപ്പിക്കുന്നത്.
ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പരിസ്ഥിതി പ്രാധാന്യമുൾക്കൊള്ളുന്ന ഇസ്ലാമിക അധ്യാപനങ്ങളടങ്ങിയ ബോർഡുകൾ എക്സ്പോ വേദിയിൽ സ്ഥാപിച്ചിരിക്കുന്നത്.ഖുർആൻ വചനങ്ങളിലൂടെയും പ്രവാചക അധ്യാപനങ്ങളിലൂടെയും ഇസ്ലാം പരിസ്ഥിതിയെ എങ്ങനെ പരിപാലിക്കുന്നുവെന്നും ഈ നിർദേശങ്ങൾ ലംഘിക്കുന്നതിലൂടെ ഭൂമിയിലെ സന്തുലിതാവസ്ഥ എങ്ങനെ താറുമാറാകുന്നുവെന്നും സന്ദേശങ്ങൾ ചിത്ര സഹിതമാണ് പ്രദർശിപ്പിക്കുന്നത്.
ഭൂമിയുടെ പുനർനിർമാണവും സുസ്ഥിരത കൈവരിക്കലും പരിസ്ഥിതി മലിനീകരണവും ജലവും പ്രകൃതി വിഭവങ്ങളും പാഴാക്കുന്നത് ഇസ്ലാം എന്തിന് നിരോധിച്ചുവെന്നും ഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ സമൂഹത്തെ എങ്ങനെ പ്രേരിപ്പിക്കുന്നുവെന്നും വിശദീകരിക്കുന്നു. എക്സ്പോ വേദികൾ നടന്നു സന്ദർശിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ നടപ്പാതകളിലും പവിലിയനുകൾക്കിടയിലും മറ്റുമായാണ് ആകർഷകമായ രൂപകൽപനയോടെ സന്ദേശ ബോർഡുകൾ പ്രദർശിപ്പിക്കുന്നത്.
ഇസ്ലാം വെബ് വെബ്സൈറ്റിന്റെ ഭാഗമായി ഹോർട്ടികൾച്ചർ ആൻഡ് എൻവയൺമെന്റൽ കെയർ എന്ന പേരിൽ ഒരു ഇ-പേജിന് ഔഖാഫ് റിലീജിയസ് കോൾ ആൻഡ് ഗൈഡൻസ് വകുപ്പ് തുടക്കം കുറിച്ചു. ഖത്തർ ദേശീയ 2030 കൈവരിക്കുന്നതിന്, പരിസ്ഥിതി, ഹോർട്ടികൾച്ചർ, കൃഷി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.