ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ഡോ. എസ്.ഡി. ബിജുവിന്
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാര ജേതാവായി ഡൽഹി സർവകലാശാലയിലെ പാരിസ്ഥിതിക പഠന വിഭാഗം സീനിയർ പ്രൊഫസറും അമേരിക്കയിലെ ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി അസോസിയേറ്റുമായ ഡോ. എസ്.ഡി. ബിജുവിനെ തെരഞ്ഞെടുത്തു. ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസ്, എഴുത്തുകാരി ഒ.വി. ഉഷ, ഡോ. മധുസൂദനൻ വയലാ, ഡോ. സുഹ്റ ബീവി എന്നിവരടങ്ങുന്ന ജൂറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ആഗോള തലത്തിൽ അറിയപ്പെടുന്ന ഉഭയജീവി ശാസ്ത്രജ്ഞനാണ് ഡോ. എസ്.ഡി. ബിജു. ഉഭയജീവി വൈവിധ്യ സംബന്ധമായ ഗവേഷണങ്ങൾ വിവിധ ശാസ്ത്ര ശാഖകളെ ഏകോപിപ്പിച്ച്, ജൈവ വൈവിധ്യ സംരക്ഷണത്തിൽ ഇന്ത്യയിലാകമാനവും ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ചെലുത്തിയ സ്വാധീനം കണക്കിലെടുത്താണ് അവാർഡിനായി തെരഞ്ഞെടുത്തത്. ഈ രാജ്യങ്ങളിൽ നടത്തിയ ജൈവ വൈവിധ്യ ഗവേഷണ പഠനങ്ങളിലൂടെ 2 ഉഭയജീവി കുടുംബങ്ങൾ, 10 ജനുസ്സുകൾ, 104 സ്പീഷീസുകൾ ഉൾപ്പെടെ 116 പുതിയ ഉഭയജീവി ടാക്സകളെയാണ് അദ്ദേഹം ശാസ്ത്രലോകത്തിന് സംഭാവന ചെയ്തത്.
25,000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയ പുരസ്ക്കാരമാണ് സമ്മാനിക്കുകയെന്ന് ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ (കെ.എഫ്.ബി.സി.) പ്രസിഡന്‍റ് ഡോ. ബി.ബാലചന്ദ്രനും സെക്രട്ടറി സാലി പാലോടും അറിയിച്ചു. നവംബർ 13 ബുധനാഴ്ച രാവിലെ 10ന് കേരള സർവകലാശാല കാര്യവട്ടം ബോട്ടണി ഡിപ്പാർട്ടുമെന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഞ്ചാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം 2024 സംസ്ഥാന വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ്. വിതണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.