‘ഭൂമിയിലെ ഏറ്റവും ചൂടേറിയ മൂന്ന് മാസങ്ങളാണ് കടന്നുപോയത്’; മുന്നറിയിപ്പ്
text_fieldsഇതുവരെയുള്ളതിൽ വെച്ചേറ്റവും ചൂടേറിയ മൂന്ന് മാസക്കാലയളവിലൂടെയാണ് നമ്മുടെ ഭൂമിയും നമ്മളും കടന്നുപോയത്. യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ് (C3S) ആണ് ഭയാനകമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് .
ആഗോള സമുദ്രോപരിതല താപനില തുടർച്ചയായ മൂന്നാം മാസവും അഭൂതപൂർവമായ ഉയർന്ന നിലയിലാണെന്ന് ഇ.യു ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതുപോലെ, 45 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഈ വർഷത്തെ അന്‍റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ വിസ്തീർണവും ഏറ്റവും കുറഞ്ഞ നിലയിലാണ്.
“ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ചൂടേറിയ ആഗസ്ത് മാസമായിരുന്നു കടന്നുപോയത് - അതും വളരെ വലിയ മാർജിനിൽ - കൂടാതെ 2023 ജൂലൈയ്ക്ക് ശേഷമുള്ള എക്കാലത്തെയും ഏറ്റവും ചൂടേറിയ രണ്ടാമത്തെ മാസം കൂടിയായിരുന്നു അതെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിന്റെ ERA 5 ഡാറ്റാസെറ്റിൽ പറയുന്നു. 1850-1900 പ്രീ-ഇൻഡസ്ട്രിയിൽ ശരാശരിയേക്കാൾ ഏകദേശം 1.5 ഡിഗ്രി സെൽഷ്യസ് ചൂട് ആഗസ്ത് മാസം കൂടിയതായി കണക്കാക്കപ്പെടുന്നു. -ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കണക്കുകൾ പ്രകാരം 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവ് 2016-ന് പിന്നിൽ രണ്ടാമത്തെ ഏറ്റവും ചൂടേറിയ കാലയളവാണ്. 2016ലായിരുന്നു അവസാനമായി എൽ നിനോ സ്ഥിരീകരിച്ചത്. അതേസമയം, എൽ നിനോ പ്രതിഭാസം തുടങ്ങിയെന്നും വരുംമാസങ്ങളിൽ ചൂട് കുതിച്ചുയരുമെന്നും കഴിഞ്ഞ ജൂലൈ മാസത്തിൽ യുഎൻ കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
‘രേഖപ്പെടുത്തപ്പെട്ട താപനില റെക്കോഡുകളെല്ലാം തകർക്കപ്പെട്ടേക്കും. വരുംമാസങ്ങൾക്കായി സർക്കാരുകൾ കരുതിയിരിക്കണം. കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യം, പരിതസ്ഥിതി, സാമ്പത്തികരംഗം എന്നിവയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം’–- യുഎൻ കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറൽ പെട്ടെറി താലസ് അന്ന് പറഞ്ഞു.
ഇതുവരെയുള്ളതിൽ വെച്ചേറ്റവും കൂടിയ സമുദ്രോപരിതല താപനിലയാണ് ആഗസ്ത് മാസത്തിൽ മൊത്തമായി രേഖപ്പെടുത്തിയത് (20.98 ഡിഗ്രി സെൽഷ്യസ്). ആഗസ്ത് മാസത്തിലെ എല്ലാ ദിവസങ്ങളിലും മാർച്ച് 2016-ൽ രേഖപ്പെടുത്തിയ റെക്കോർഡ് താപനില മറികടന്നിരുന്നു. അതുപോലെ, നാഷണൽ സ്‌നോ ആൻഡ് ഐസ് ഡാറ്റാ സെന്‍റിന്‍റെ (എൻഎസ്ഐഡിസി) കണക്കുകൾ പ്രകാരം 2022-ലെ ശൈത്യകാല റെക്കോഡിനേക്കാൾ 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (0.6 ദശലക്ഷം ചതുരശ്ര മൈൽ) താഴെയാണ് ഇത്തവണ അന്റാർടിക് സമുദ്രദത്തിലെ മഞ്ഞുപാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.