അവർ ചിന്നംവിളിക്കുന്നതല്ല, പേരുവിളിക്കുകയാണ്
text_fieldsതെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുമ്പോൾ കൂടെയുള്ള ആനകൾ എന്താകും വിളിച്ചിട്ടുണ്ടാവുക? ‘എടാ രാമാ’ എന്നായിരിക്കുമോ, അതോ രാമചന്ദ്രാ എന്നോ? അതെന്തായാലും, ആനകൾ തമ്മിൽ പേരുചൊല്ലിവിളിക്കുന്ന പതിവുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ആനകൾക്ക് അവർക്കിടയിൽ സ്വന്തമായി പേരുണ്ടെന്നും ആ പേരിൽ അവർ പരസ്പരം ‘സംസാരിക്കു’ന്നുവെന്നുമാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 1986 മുതൽ 2022 വരെ ആഫ്രിക്കൻ ആനകളെ നിരീക്ഷിക്കുകയും അവയുടെ ചിന്നം വിളികൾ ശ്രദ്ധിക്കുകയും ചെയ്തശേഷമാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ഗവേഷണ ഫലം ‘നാച്വർ’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആന പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദങ്ങളും ചിന്നം വിളികളല്ല. ആനയുടെ വിവിധ തരത്തിലുള്ള മാനസിക നിലയെക്കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഇക്കാര്യം നേരത്തെതന്നെ ശാസ്ത്രലോകത്തിന് അറിവുള്ളതാണ്. വിഷയം, നിർമിത ബുദ്ധിയുടെ സഹായത്തോടെ പഠിക്കുകയാണ് ഗവേഷകർ ചെയ്തത്. ഇതിനായി, നേരത്തെ ശേഖരിച്ച 469 ചിന്നം വിളി ശബ്ദം എ.ഐ സഹായത്തോടെ വിശകലനം ചെയ്തു. ഇതിൽ ചില ശബ്ദങ്ങൾ ചില ആനകളുമായി മാത്രം ആശയ വിനിമയം നടത്താനാണെന്ന് മനസ്സിലായി. ഇക്കാര്യം സ്ഥിരീകരിക്കാൻ ഈ ശബ്ദങ്ങൾ പിന്നീട് പ്രസ്തുത ആനയെ കേൾപ്പിച്ചപ്പോൾ അത് കൃത്യമായി പ്രതികരിക്കുന്നതായി ബോധ്യപ്പെട്ടു. ഈ പരീക്ഷണം 17 ആനകളിൽ നടത്തിയപ്പോഴും ഫലം പോസിറ്റിവായിരുന്നു. ആ ശബ്ദങ്ങൾ ആ ആനയെ സവിശേഷമായി തിരിച്ചറിയാനുള്ള പേരുകളായിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.