സുന്ദരിയും എട്ടു കൊമ്പന്മാരും
text_fieldsകൽപറ്റ: കാടിറങ്ങി ആക്രമണം നടത്തുകയും മനുഷ്യരുടെ ജീവനും കൃഷിക്കും നാശം വരുത്തുകയും ചെയ്യുന്ന കാട്ടാനകളെ തുരത്തുന്ന കുങ്കിയാനകൾക്ക് പരിശീലനം നൽകുന്ന കേരളത്തിലെ ഏക ക്യാമ്പാണ് മുത്തങ്ങയിലുള്ളത്. നിലവിൽ ഒമ്പത് കുങ്കിയാനകളാണ് ക്യാമ്പിലുള്ളത്. കുഞ്ചു, സൂര്യൻ, സുരേന്ദ്രൻ, വിക്രം, ഭരത്, ചന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ, ചന്തു എന്നിവരാണ് ക്യാമ്പിലെ കൊമ്പന്മാർ.
ക്യാമ്പിലെ എട്ടു കൊമ്പന്മാർക്കൊപ്പമുള്ള ഏക പിടിയാനയാണ് സുന്ദരി. തമിഴ് നാട്ടിലെ ഗൂഡല്ലൂർ മേഖലയെ വിറപ്പിച്ച മോഴയാന പി. എം. ടുവിനെ പിടികൂടി മുത്തങ്ങയിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഹൈകോടതിയിൽ കേസ് നടക്കുന്നതിനാൽ തുടർ നടപടികളൊന്നുമായിട്ടില്ല. കൂടാതെ ഒമ്പതു വയസ്സുകാരി അമ്മു അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആനപ്പന്തിയിൽ ആഗസ്റ്റ് 12ന് ചരിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന പ്രമുഖ, അഗസ്ത്യൻ എന്നീ കുങ്കിയാനകളെ പാലക്കാട് ധോണിയിലെ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.
വന്യസ്വഭാവം നിലനിർത്തി പ്രത്യേക പരിശീലനം കിട്ടിയ പാപ്പാന്മാരുടെ നിയന്ത്രണത്തിൽ ജീവിക്കുന്ന കുങ്കിയാനകൾ ഒരിക്കലും നാട്ടാനകളുടെ സ്വഭാവ സവിശേഷതകളുള്ളവയല്ല. നാട്ടാനകളെ ചട്ടം പഠിപ്പിക്കുന്നതുപോലയല്ല, കുങ്കിയാനകൾക്ക് പരിശീലനം നൽകുന്നത്. കാടിളക്കി വരുന്ന കൊമ്പന്മാരെ കാട്ടിലേക്ക് തുരത്താനും വേണമെങ്കിൽ പിടിച്ചുകെട്ടി കൊണ്ടുവരാനും പ്രാപ്തരാണ് കുങ്കിയാനകൾ. ആക്രമിക്കാൻ വരുന്ന എതിരാളികളെ ഭയപ്പാടില്ലാതെ പ്രതിരോധിക്കാനുള്ള കഴിവ് നീണ്ടകാല പരിശീലനത്തിലൂടെയാണ് കുങ്കികൾ സ്വായത്തമാക്കുന്നത്.
കാട്ടാനകളെ പിടികൂടിയോ, ചെറുപ്പത്തിൽ കിട്ടുന്ന കുട്ടിയാനകളെ മെരുക്കിയെടുത്ത് കുങ്കിയാനകളാക്കുക നീണ്ട കാല പരിശീലനം വേണ്ട പ്രക്രിയയാണ്. പരിശീലനം മുടക്കാതെ തുടരുകയും വേണം. ആനയും പാപ്പാന്മാരും തമ്മിലുള്ള മാനസിക അടുപ്പം പ്രധാനമാണ്. പാപ്പാന്മാരുടെ പ്രത്യേക ശബ്ദങ്ങളും സൂചനകളും മനസ്സിലാക്കിയാണ് ആനകൾ പെരുമാറുക.
ക്യാമ്പിലെ കുങ്കിയാനകൾ
1. കുഞ്ചു: വയസ്സ്-35 2005ൽ കോടനാട് ക്യാമ്പിൽനിന്നും മുത്തങ്ങയിലെത്തിച്ചു. ആദ്യമായി കുങ്കിയാക്കിയ ആന. വനംവകുപ്പിന്റെ ഏറ്റവും കൂടുതൽ ദൗത്യത്തിൽ പങ്കെടുത്തതും കുഞ്ചുവാണ്.
2. സുരേന്ദ്രൻ: വയസ്സ്: 24. പി. എം. 2, പി. ടി. 7 ആനകളെ പിടികൂടിയ ദൗത്യ സംഘത്തിലെ നേതാവ്. 2018ൽ കോന്നി ആന ക്യാമ്പിൽനിന്നും മുത്തങ്ങയിൽ എത്തിച്ചു.1999 ൽ ശബരിമലയിലെ രാജാ പാറ വനത്തിൽ നിന്നും ആനക്കൂട്ടം ഉപേക്ഷിച്ചനിലയിലാണ് ഏഴു മാസം പ്രായമുള്ള കുട്ടിയാനയെ കണ്ടെത്തുന്നത്.
3. വിക്രം: വയസ്സ്: 32 ഒരിക്കൽ വയനാട്ടുകാരുടെ ഉറക്കം കെടുത്തിയ വടക്കനാട് കൊമ്പൻ. 2019ൽ കുറിച്യാട് റേഞ്ചിലെ വടക്കനാട് ഭാഗത്തും നിന്നും പിടികൂടി. രണ്ടുപേരെ കൊന്നിട്ടുണ്ട്.
4. സൂര്യൻ: വയസ്സ്: 31 1995ൽ മുത്തങ്ങ റേഞ്ചിലെ ചെട്ട്യാലത്തൂരിൽ നിന്നും പിടികൂടിയ ആന. 2019ൽ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുണ്ടായിരുന്നു.
5. ഭരത്: വയസ്സ്: 3 2016ൽ മുത്തങ്ങക്ക് സമീപത്ത് നിന്നു കിട്ടിയ ആന. കല്ലൂർ കൊമ്പൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
6. സുന്ദരി: വയസ്സ്-14 2008ൽ മൂന്നുമാസം പ്രായമുള്ളപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ മുത്തങ്ങ വനമേഖലയിൽ കണ്ടെത്തി.
7. ചന്തു: വയസ്സ്: 8 2015ൽ ആറുമാസം പ്രായമുള്ളപ്പോൾ അനാഥമായി കണ്ടെത്തിയത്.
8. ചന്ദ്രനാഥ്: വയസ്: 36 രേഖയില്ലാതെ കൊണ്ടുവന്ന നാട്ടാനയെ പിടികൂടി എത്തിച്ചത്.
9. ഉണ്ണികൃഷ്ണൻ: വയസ്സ്:16 പാലക്കാട് വനമേഖലയിൽനിന്നും കൊണ്ടുവന്നത്. 2019ൽ മുത്തങ്ങയിൽ എത്തി.
കുങ്കിയാന പരിശീലനം
പിടികൂടി കൊണ്ടുവരുന്ന കാട്ടാനകളെ ആനക്കൊട്ടിലിലാക്കും. യൂക്കാലിപ്റ്റ്സ് തടിക്കൊണ്ടാണ് കൂടൊരുക്കുന്നത്. തുടക്ക സമയത്ത് പരാക്രമണങ്ങൾ കാട്ടുന്ന ആനകൾക്ക് പരിക്കേൽക്കാതിരിക്കാൻ കൂടിയാണ് യൂക്കാലിപ്റ്റസ് തടികൾ ഉപയോഗിക്കുന്നത്. തുടർന്ന് പാപ്പാന്മാർ അനുസരണ പഠിപ്പിച്ചുതുടങ്ങും. പാപ്പാന്മാരെ എന്ന് അനുസരിക്കാൻ ആന തുടങ്ങുന്നുവോ അതോടെ ശക്തമായ ബന്ധനത്തിൽ ആനയെ ആനക്കൊട്ടിയിൽ നിന്നും പുറത്തിറക്കും. പിന്നെ പുറത്ത് വെച്ചാണ് പരിശീലനം. ആനപ്പാപ്പാന്മാരെ പൂർണമായി അനുസരിച്ച് തുടങ്ങിയാൽ ബന്ധനങ്ങളിൽനിന്ന് മെല്ലെ മോചനമാകും.
രാവിലെ ആറുമണിയോടെയാണ് ആന ക്യാമ്പിന്റെ പ്രവർത്തനം തുടങ്ങുക. ഓരോ ആനക്കും രണ്ടു പാപ്പാന്മാർ ഉണ്ടാവും. രാവിലെ എത്തുന്ന പാപ്പാന്മാർ തറി (ആനകളെ തളക്കുന്ന സ്ഥലം) വൃത്തിയാക്കും. തുടർന്ന് ആനകളെ സമീപത്തുള്ള പുഴയിൽ കൊണ്ടുപോയി കുളിപ്പിക്കും. തിരിച്ച് ക്യാമ്പിലേക്ക്.
എട്ടു മുതൽ ഒമ്പതു വരെ ഒരു മണിക്കൂർ നീണ്ട പരിശീലനം. സ്നേഹത്തോടെയും വടിയെടുക്കാതെയും വളരെ ശാസ്ത്രീയമായാണ് പരിശീലനം നൽകുക. ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം കുങ്കി പരിശീലനത്തിന് ഏറ്റവും പ്രധാന ആവശ്യമാണ്.
ആനയെ ചട്ടം പഠിപ്പിക്കാൻ ഒരു വടിയാണ് ഉപയോഗിക്കുക. പരിശീലനം എല്ലാ ദിവസവും ഉണ്ടായിരിക്കും. പിടികൂടുന്ന ആനയെ തള്ളാനുള്ളത്, പിടികൂടാനുള്ളത്, ചങ്ങല പിടിക്കാനുള്ളത്, അങ്ങനെ നിരവധി വ്യത്യസ്ത തരത്തിലുള്ള പരിശീലനം നൽകും.
തുടർന്ന് ആനകൾക്ക് ഭക്ഷണം നൽകും. ഓരോ ആനക്കും ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഡയറ്റ് ചാർട്ട് ഉണ്ട്. അതുപ്രകാരം ഭക്ഷണം നൽകും. പത്ത് മണിയോടെ പാപ്പാന്മാരുടെ നേതൃത്വത്തിൽ കാട്ടിലേക്ക് മേയാൻ പോകും. കാട്ടിലാണെങ്കിലും നീളത്തിലുള്ള ഒറ്റ ചങ്ങലയിലാണ് ബന്ധിക്കുന്നത്. ചങ്ങലക്ക് 20 മീറ്റർ നീളം ഉണ്ടായിരിക്കും.
കാടിന്റെ ഹരിതാഭയിൽ തന്നെ ജീവിക്കുന്നതുക്കൊണ്ട് ആനകൾക്ക് സ്വതന്ത്രരല്ലെന്ന ചിന്ത നശിക്കുന്നില്ല. വന്യമായ സ്വഭാവം നിലനിർത്താനും സാധിക്കുന്നു. കാട്ടിലാണെന്ന ചിന്ത മാനസിക സമ്പർക്കം കുറക്കുന്നു. മാനസിക ആഘാതമില്ലാതെ തന്നെ കാട്ടിൽ വൈകീട്ടു വരെ മേഞ്ഞു നടക്കുന്നു.
ഈ സമയങ്ങളിൽ മറ്റു കാട്ടാനകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യും. ആക്രമിക്കാൻ എത്തുന്നവയെ ധീരമായി നേരിടും. പാപ്പാന്മാരുടെ നിയന്ത്രണത്തിലാണെങ്കിലും ആനകളുടെ വന്യ സ്വഭാവം ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല.
കാട്ടാനകളെയടക്കം തുരത്താനും പ്രതിരോധിക്കാനും ഈ വന്യജീവി സ്വഭാവമില്ലെങ്കിൽ ആനകൾക്ക് കഴിയില്ല. വൈകീട്ട് മൂന്ന് മണിയോടെ മടക്കം. അതിനുശേഷം വീണ്ടും നീരാടാൻ പുഴയിലേക്ക്. തുടർന്ന് ഒരു മണിക്കൂർ പരിശീലനം. വൈകീട്ട് ഡോക്ടർമാരുടെ നിർദേശാനുസരണമുള്ള ഭക്ഷണം.
ആറു മണിയോടെ തറയിൽ ഒറ്റചങ്ങലയിൽ തളക്കും. പിന്നീട് വിശ്രമവും ഉറക്കവും. ഒരു ദിവസത്തിന് അതോടെ പരിസമാപ്തി. ഒരിക്കലും പിടിയാനകളെ കുങ്കികളാക്കില്ല. എന്നാൽ, കുങ്കി ദൗത്യത്തിന്റെ മറ്റു പല ആവശ്യങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്തുകയും ചെയ്യും.
മുതിർന്ന ആനക്ക് ഒരു ദിവസം ഭക്ഷണ ച്ചെലവ് മാത്രം ഏകദേശം 3500 രൂപയോളം വരും. 200 കി.ഗ്രാം തീറ്റപ്പുല്ല് വേണം. അരി - 4. കി.ഗ്രാം, ഗോതമ്പ് - 3 കി.ഗ്രാം, റാഗി - 2 കി.ഗ്രാം, മുതിര - 1കി.ഗ്രാം. ചെറുപയർ - 500 ഗ്രാം. ഉപ്പ്, മഞ്ഞൾ - ആവശ്യത്തിന്. ഭാരത്തിനനുസരിച്ച് ഭക്ഷണത്തിന്റെ അളവിലും മാറ്റം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.