എൻഡോസൾഫാൻ സമരം: ദയാബായി അറസ്റ്റിൽ -VIDEO
text_fieldsതിരുവനന്തപുരം : എൻഡോ സൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിയ സാമൂഹിക പ്രവർത്തക ദയാബായിയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 5.40 ഓടെയാണ് ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് അററസ്റ്റ് ചെയ്തതെന്ന് സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.
എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈമാസം രണ്ടിനാണ് അവർ നിരാഹാര സമരം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോക്ടർ എത്തി ദയാബായിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
എന്നാൽ, വൈകീട്ടോടെ പൊലീസ് എത്തിയപ്പോൾ കെ റെയിൽ സമരത്തിൽ സ്ത്രീകളെ വലിച്ചിഴച്ചതുപോലെ തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ദയാബായി പറഞ്ഞു. പൊലീസുമായി തർക്കമുണ്ടായെങ്കിലും ബലംപ്രയോഗിച്ച് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരും. കാസർകോട് ദുരിതം അനുഭവിക്കുന്ന ഇരകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ മനുഷ്യത്വപരമായി ഇടപെടൽ നടത്തണം. അതിന് പകരം പൊലീസ് ഇടപെടൽ നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ച രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിൽ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ ഉൾപ്പെടുത്തുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കൂടംകുളം ആണവനിലയ വിരുദ്ധ സമരനേതാവ് എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.