പരിസ്ഥിതി ദിനമെന്നാൽ ചെടിനടൽ മാത്രമല്ല; ഭൂമി തുരക്കുന്ന ചെങ്കൽ ക്വാറികൾ കാണുന്നുണ്ടോ?
text_fieldsബദിയടുക്ക: പരിസ്ഥിതി ദിനമെന്നാൽ എവിടെയും ചെടികൾ നട്ടുപിടിപ്പിക്കലാണ്. കുന്നും മലയും ഇടിച്ചുനിരത്തുന്നതും തുരന്നെടുക്കുന്നതുമെല്ലാം പരിസ്ഥിതിയിൽ വരില്ലെന്നാണ് പലരും ധരിച്ചുവെക്കുന്നത്. ചട്ടവിരുദ്ധ നടപടികൾ കാണേണ്ടവർ സർക്കാർ ഓഫിസുകൾക്കുമുന്നിൽ ഒരു ചെടിനട്ട് ദിനമാചരിക്കുന്ന തിരക്കിലാണ്.
ജില്ലയിൽ ഒട്ടേറെ അനധികൃത ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ബദിയടുക്ക പഞ്ചായത്തിൽതന്നെ ബദിയടുക്ക, ബേള, നീർച്ചാൽ വില്ലേജുകളിൽ 500ഓളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. പകുതിലേറെയും ചട്ടവിരുദ്ധമായാണ്. ചെങ്കല്ല് എടുത്തുകഴിഞ്ഞാൽ മണ്ണിട്ടുമൂടണമെന്ന നിയമം പലരും പാലിക്കുന്നില്ല. മഴക്കാലത്ത് വലിയ വെള്ളക്കെട്ടുണ്ടാകാൻ ഇത്തരം ക്വാറികൾ കാരണമാകുന്നു. വേനൽക്കാലത്താകട്ടെ പൊടിപൂരമാണ്. നാട്ടുകാരും പരിസരവാസികളും എതിർപ്പുമായി വരാറുണ്ടെങ്കിലും എല്ലാവരും അവഗണിക്കുന്നുവെന്നാണ് പരാതി. കണ്ണൂർ, കാസർകോട് ജില്ലകളിലേക്കാണ് കല്ലുകൾ കടത്തുന്നത്. ടിപ്പർ ലോറികളുടെ മത്സരയോട്ടവും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ചെങ്കല്ലും തൊഴിലവസരവും വേണമെന്നതിനാൽ എതിർക്കുന്നവരുടെ വാക്കുകൾ എവിടെയുമെത്തുന്നില്ല.
വീരമലക്കുന്നിന് മരണമണി
ചെറുവത്തൂർ: വികസനത്തിനുമുന്നിൽ ഈ കുന്ന് എത്രകാലം പിടിച്ചുനിൽക്കും?. നിരവധി ജന്തുസസ്യജാലങ്ങളുടെ ആവാസകേന്ദ്രമായ ചെറുവത്തൂരിലെ വീരമലക്കുന്നാണ് ഇല്ലാതാവുന്നത്. ദേശീയപാതക്കായി മണ്ണിടിച്ച് മൃതപ്രായമാക്കിയ വീരമലക്കുന്നിന്റെ ദയനീയ ചിത്രം ഈ പരിസ്ഥിതി ദിനത്തിലെ ദുരന്തകാഴ്ചകളിലൊന്നാണ്.
ടൂറിസം പദ്ധതിക്കായി സ്ഥലം കണ്ടെത്തിയ കുന്നാണ് ദേശീയപാത വികസനത്തിനായി ഇടിച്ചുനിരത്തിയത്. പടിഞ്ഞാറുഭാഗം പൂർണമായും ഇല്ലാതായി. കനത്ത മഴയിൽ കുന്നിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയ പാതയിൽ കെട്ടിനിന്ന് ഗതാഗത തടസ്സവും ഉണ്ടാക്കുന്നുണ്ട്. കനത്തമഴയുള്ള സമയത്ത് കുന്നിടിച്ചിലും പതിവായി. കുന്നിൽനിന്ന് കൂറ്റൻ കല്ലുകൾ പതിക്കുന്നതും ഭീഷണിയായിട്ടുണ്ട്. നിരവധി ജന്തു സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ് വീരമലക്കുന്ന്. ഒപ്പം ഒട്ടേറെ ദേശാടന പക്ഷികളും ഇവിടെ എത്താറുണ്ട്. എന്നാൽ, കുന്നിടിക്കൽമൂലം ഇവയെല്ലാം താറുമാറായി. താഴ്ന്ന പ്രദേശമായ മയ്യിച്ച, വെങ്ങാട്ട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സ്ഥാപിച്ച ആശ്വാസകേന്ദ്രവും നിലംപൊത്തി. കാര്യങ്കോടുപുഴക്ക് കുറുകെ റോപ് വേ സ്ഥാപിച്ചും വീരമലയിൽ കുട്ടികളുടെ പാർക്ക് പണിതും വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഉദ്ദേശിച്ച പദ്ധതിയെല്ലാം കുന്നിനൊപ്പം ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.