Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപരിസ്ഥിതി ദിനം; ഒരു...

പരിസ്ഥിതി ദിനം; ഒരു കോവിഡ്കാല വിചാരം

text_fields
bookmark_border
പരിസ്ഥിതി ദിനം; ഒരു കോവിഡ്കാല വിചാരം
cancel

'മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍, മനുഷ്യന്‍റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല'- ഗാന്ധിജി

പ്രാദേശിക ഗ്രാമസഭ ചര്‍ച്ചകള്‍ മുതല്‍ അന്താരാഷ്​ട്ര ഉച്ചകോടികളില്‍ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നുവരുന്നു. കവി വര്‍ണനകളിലൊതുങ്ങുന്ന നിര്‍ജീവമായ ആഖ്യാനങ്ങളല്ല വേണ്ടതെന്നും പ്രകൃതിയെ സംരക്ഷിക്കാൻ സജീവമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ ജനതയില്‍നിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്തെത്തുമ്പോള്‍ എവിടെവെച്ചാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന്‍റെ തുടക്കമെന്ന് സൂക്ഷ്​മാർഥത്തില്‍ നിരീക്ഷിക്കേണ്ടതുണ്ട്. ജീവൻ നിലനിർത്താൻ ലോകം ഒരു മഹാമാരിക്കെതിരെ പോരാടുന്ന ഈ അതിജീവന കാലത്ത് കടന്നുവരുന്ന പരിസ്ഥിതി ദിനത്തില്‍ ഇത്തരത്തിലൊരു അന്വേഷണത്തിന്‍റെ പ്രസക്തി വർധിക്കുന്നുണ്ട്.

'മനുഷ്യനും പരിസ്ഥിതിയും' എന്ന വിഷയത്തിൽ 1972 ജൂൺ അഞ്ചുമുതൽ 16 വരെ സ്റ്റോക്ക് ഹോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനമുണ്ടായത്. 1973 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം. പരിസ്ഥിതി ദിനാചരണം തുടങ്ങിയതിന്‍റെ 45ാം വാർഷികമാണിന്ന്. യു.എൻ പൊതുസഭയുടെ തീരുമാനപ്രകാരം യുനൈറ്റഡ് നേഷൻസ് എൻവയോൺമെന്‍റ്​ പ്രോഗ്രാം നിലവിൽ വന്നതും ജൂൺ അഞ്ചിനായിരുന്നു.

ലോക ജനതയ്ക്കിടയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്​കരണം നടത്തുക, ലോക ഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഖലയിലേക്കു തിരിച്ചുവിടുക, അവരെ വിവിധ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തലൂടെ യു.എൻ ലക്ഷ്യമിടുന്നത്. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സുനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ്.

വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? ആയതിനാല്‍ പരിസ്ഥിതി സൗഹൃദ പരമായ വികസനത്തിന്‌ സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം. ഭൗതികമായ സൗകര്യങ്ങള്‍ വർധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും.

പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നത്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിട്ട്​ കാലങ്ങളായി. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി. വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്‍റെ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്.

മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യ​ന്‍റെ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാർബൺ ന്യൂട്രാലിറ്റി' കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ, ലോക്​ഡൗൺ സർവ മേഖലയെയും പ്രതികൂലമായി പിടിമുറുക്കിയ വർത്തമാന സാഹചര്യത്തിൽ പരിസ്ഥിതി ദിന ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും ഏറെ പ്രസക്തിയുണ്ട്. പ്രകൃതിയെ അതിരറ്റ് സ്നേഹിക്കാനും അടുത്തറിയാനും ഈ ലോക്ഡൗൺ കാലം നമ്മെ പഠിപ്പിച്ചു. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് മണ്ണിലും മനസിലും പുതിയ കണ്ടുപിടിത്തങ്ങൾക്കും പരീക്ഷണങ്ങൾക്കും നാം മനുഷ്യർ കുറച്ചെങ്കിലും ശ്രമിച്ചിട്ടുണ്ട്. അലസത കൈവെടിഞ്ഞ് പ്രകൃതിയുടെ താളത്തിനൊപ്പം ഏറെ സമയം നമുക്ക് സമരസപ്പെടാനായത് ഈ പ്രത്യേക കാലത്തിന്‍റെ ഒരു നേട്ടമായി വേണം കണക്കാക്കാൻ.

ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്‌ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക. ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കില്‍ കൃത്രിമമായി നിര്‍മ്മിച്ച മഴയും ഓക്‌സിജനുമായി അധികകാലം ഈ ഭൂമിയില്‍ നമുക്ക് ജീവിക്കാനാവില്ല എന്നത് തീര്‍ച്ചയാണ്. അതിനാല്‍ മനുഷ്യനെ പ്രകൃതിയുമായി എന്തുവിലകൊടുത്തും ഇണക്കിചേര്‍ക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്.

(ഫാറൂഖ് ​ട്രെയ്​നിങ്​ കോളേജ് എം.എഡ് രണ്ടാം വർഷം വിദ്യാർഥിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world enviornment dayworld environment day 2021
News Summary - Environment protection thoughts in covid days
Next Story