യൂക്കാലിത്തോട്ടം ആരുടെ തലവേദന...?
text_fieldsഇറച്ചിക്കടക്ക് ചുറ്റും തെരുനായ നടക്കുന്നപോലെയാണ് കാടരികിലുള്ള കൃഷിയിടങ്ങളിൽ ആന നടക്കുന്നത്. കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചുന്നതിലും എളുപ്പത്തിൽ കന്നുകാലികളെ കടുവയും പുലിയും അടിച്ചുമാറ്റുന്നു. പന്നിയും മറ്റും മെനു നോക്കി കൃഷി നശിപ്പിക്കുന്നു. എന്തുകൊണ്ട് വന്യമൃഗങ്ങൾ വനംവിട്ടിറങ്ങുന്നു എന്ന ചോദ്യത്തിന് ഉത്തരം പലതുണ്ട്. അതിൽ ഒരു കണ്ടെത്തൽ യൂക്കാലി, അക്കേഷ്യ തുടങ്ങിയ മരങ്ങൾ വനത്തിൽ പെരുകുന്നുവെന്നതായിരുന്നു. ഇതിൽ കാര്യമുണ്ടെന്നതിനാൽ ഇത്തരം മരങ്ങൾ വനത്തിൽ നടുന്നതു വിലക്കി 2017 ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നിട്ടും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ രേഖാമൂലമുള്ള എതിർപ്പിനെ മറികടന്നും ചില രേഖകളിൽ തിരുത്തൽ വരുത്തിയും വനത്തിൽ പിന്നെയും യൂക്കാലി നടാൻ തീരുമാനമുണ്ടായി.
കേരളത്തിന്റെ വനങ്ങളെയും വന്യജീവികളെയും വനത്തോടുചേർന്നുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് കർഷക കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് വനത്തിനുള്ളിൽ യൂക്കാലി പ്ലാന്‍റേഷനുകൾ വീണ്ടും സ്ഥാപിക്കാനുള്ള നീക്കമെന്ന് വ്യക്തം. ഇതോടെ കേരളത്തിലെ 1562.64 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ എന്തിനാണ് യൂക്കാലിയും അക്കേഷ്യയും മാഞ്ചിയവുമടക്കമുള്ള പരിസ്ഥിതി വിരുദ്ധ മരങ്ങൾ നടുന്നതെന്ന ചോദ്യം ഉയർന്നു. വനംവികസന കോർപറേഷൻ എം.ഡിയും വനംവകുപ്പിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ജോർജ് പി. മാത്തച്ചൻ ന്യായീകരണവുമായി എത്തി. ‘വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വനംവികസന കോർപറേഷന്‍റെ നിലനിൽപ്പിനെ ബാധിക്കുന്നതിനാലാണ് വനത്തിൽ യൂക്കാലി നടാൻ വീണ്ടും അനുവദിച്ചത്. വനനയം നിലവിൽ വരുന്നതിനു മുൻപുതന്നെ കേന്ദ്രസർക്കാർ ആംഗീകരിച്ച വനം വികസന കോർപറേഷന്‍റെ വർക്കിങ് പ്ലാൻ പ്രകാരമാണ് യൂക്കാലി നടാൻ അനുമതി നൽകിയത് എന്ന വനംമന്ത്രിയുടെ വിശദീകരണവും എത്തി. വർക്കിങ് പ്ലാനുകൾ ഉള്ളത് വനം ഡിവിഷനുകൾക്കാണ്. വനം വികസന കോർപറേഷനല്ല എന്നത് വനംമന്ത്രി ഓർക്കാത്തതാണോ അതോ മറന്നതാണോ ആവോ.
ഇതൊക്കെയറിയുമ്പോൾ പലതരത്തിലുള്ള നാശംവിതച്ച് നിലനിർത്താൻ മാത്രം പ്രാധാന്യമുള്ളതാണോ വനംവികസന കോർപറേഷൻ എന്നു സംശയം തോന്നിയേക്കാം. കേരളത്തിൽ ആകെ 163 പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഇതിൽ, പൊതുജനങ്ങൾക്ക് ലഭ്യമായ തൊഴിൽ പ്രവർത്തന വിശകലന റിപ്പോർട്ടുള്ളത് 131 എണ്ണത്തിനാണ്. അതും 2021–22 വർഷത്തേത്. ഇതുപ്രകാരം ഈ പൊതുമേഖല സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാർ മുടക്കിയിരിക്കുന്നത് 1,86,960.04 കോടി രൂപയാണ്.
യൂക്കാലി വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന വനം വികസന കോർപറേഷനായി കൊടുത്തത് 9.20 കോടി രൂപ മാത്രം. അതായത് ആകെ മുടക്കിന്‍റെ 0.005 ശതമാനം. 131 സ്ഥാപനങ്ങളുടെ 2021–22 ലെ വിറ്റുവരവ് 36648.97 കോടി രൂപ. അതിൽ വനം വികസന കോർപ്പറേഷന്‍റെ വിഹിതം 13.22 കോടിയാണ്. 2021 –22 ൽ 60 പൊതുമേഖല സ്ഥാപനങ്ങൾ 1570.21 കോടിരൂപാ ലാഭമുണ്ടാക്കിയപ്പോൾ 61 സ്ഥാപനങ്ങൾ വരുത്തിവച്ച നഷ്ടം 3289.16 കോടിയാണ്. അറ്റ നഷ്ടം 1718.94 കോടി രൂപാ. വനം വികസന കോർപ്പറേഷൻ സൃഷ്ടിച്ച ലാഭം 33 ലക്ഷം രൂപാ. എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലുമായി പണിയെടുക്കുന്നത് 127416 തൊഴിലാളികളാണ്. അതിൽ 30,078 പേർ താൽക്കാലികക്കാർ. വനം വികസന കോർപറേഷനിൽ പണിയെടുക്കുന്നത് 486 തൊഴിലാളികൾ (0.4 ശതമാനം). കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ അര ശതമാനം പോലും പ്രസകതിയില്ലാത്തതും ജനങ്ങൾക്ക് പ്രത്യക്ഷത്തിൽ ഉപകാരവുമില്ലാത്തതായ ഒരു സ്ഥാപനത്തിന്റെ നിലനിൽപിനായാണ് കാടുമുടിച്ചുള്ള യൂക്കാലി നടൽ എന്ന് വ്യക്തം. 28.2 ചതുരശ്ര കിലോമീറ്റർ അക്കേഷ്യ, 77.28 ചതുരശ്ര കിലോമീറ്റർ വനത്തിൽ അക്കേഷ്യ ഒൗറിക്കുളിഫോംസ് 68.21 ചതുരശ്ര കിലോമീറ്ററിൽ യൂക്കാലി എന്നിങ്ങനെയാണ് നട്ടിരിക്കുന്നത്. ഏറെ രസകരമായ മറ്റൊരു കാര്യം 68.21 ചതുരശ്ര കിലോമീറ്റർ യൂക്കാലി തോട്ടത്തിൽ നിന്നും 7.773 മെട്രിക് ടൺ തടി മാത്രമെ വിൽപന നടത്തിയിട്ടുള്ളൂ എന്നതാണ്.
കാടിനെയും കാട്ടുമൃഗങ്ങളെയും കർഷകരെയും കുരുതികൊടുക്കുന്നതിൽ വനം സെക്രട്ടറിയും കേരളത്തിലെ അഞ്ച് അഡീഷണൽ ചീഫ് സെക്രട്ടറിമാരിൽ ഒരാളുമായ ജ്യോതിലാൽ, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് എന്നിവർക്കും ഉത്തരവാദിത്വമുണ്ട്. 70 ഐ.എഫ്.എസ്. ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന വനംവകുപ്പു ഒന്നും അറിഞ്ഞില്ലെന്നതും അവിശ്വസനീയമാണ്. അഞ്ച് പ്രിൻസിപ്പൽചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്), ആറ് അഡീഷണൽ പി.സി.സി.എഫ് മാർ, 11 സി.സി.എഫ് മാർ, 13 കൺസർവേറ്റർമാർ, ഐ.എഫ്.എസ്. കേഡറിലുള്ള 35 ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അടക്കം 70 പേരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘമാണ് കേരളത്തിലെ 11524.91 ചതുരശ്ര കിലോമീറ്റർ വനം ഭരിക്കുന്നത്. വനത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന മരങ്ങൾ നട്ടുവളർത്തുന്നതാണ് വന്യജീവി ആക്രമണങ്ങൾക്കു കാരണമെന്നറിഞ്ഞിട്ടും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കത്തുകളിൽ കൃത്രിമത്വം നടത്തി വീണ്ടും അവ നടാൻ അനുവാദം നൽകിയത് ആരുടെ ഗൂഢാലോചനയാണെന്നാണ് ഇനി അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.