മുടക്കുന്നത് മൂന്ന് കോടി, മൊഞ്ചാകുമോ അഞ്ചീനിക്കുളം ?
text_fieldsമലപ്പുറം: നഗരത്തിലെ പ്രധാന നീന്തല്‍ പരിശീലനകേന്ദ്രമായ മേൽമുറി കോണോംപാറയിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അഞ്ചീനിക്കുളത്തിന്റെ സമഗ്ര നവീകരണത്തിന് അന്തിമ രൂപരേഖയായി.
നഗരസഞ്ചയം പദ്ധതിയിൽ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണിത് നടപ്പാക്കുന്നത്. നഗരത്തിന് പുറത്തുനിന്നുള്ളവരെ അടക്കം ആകര്‍ഷിക്കുന്ന തരത്തിൽ കുളം നവീകരിക്കുന്നതോടൊപ്പം അനുബന്ധ സൗകര്യങ്ങൾകൂടി ഉൾപ്പെടുത്തിയായിരിക്കും പദ്ധതി പൂർത്തിയാക്കുക. കുളത്തിന് ചുറ്റും നടപ്പാത, ഓപണ്‍ ജിം, മുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓപണ്‍ ഗാലറി, കോഫി ഷോപ്, ഇരിപ്പിട സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ശൗചാലങ്ങള്‍ തുടങ്ങിയവ ഒരുക്കും. ഇതിനുപുറമെ അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുകയും കുളത്തിന് ചുറ്റും അലങ്കാരച്ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും.
വികസനം പൂർത്തിയാകുന്നതോടെ ജില്ല, സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പുകൾക്ക് അഞ്ചീനിക്കുളം വേദിയാക്കാൻ സാധിക്കുമെന്ന് നഗരസഭ അധികൃതർ അവകാശപ്പെട്ടു. നിലവിൽ 36 മീറ്റര്‍ നീളമുള്ള കുളം മലപ്പുറം ഉപജില്ല നീന്തല്‍ മത്സരത്തിന് സ്ഥിരം വേദിയാകാറുണ്ട്. ചെറിയ മൈതാനമായിരുന്ന പ്രദേശത്ത് മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് കുളം നിര്‍മിച്ചത്. ചുറ്റും അഞ്ച് ചീനിമരങ്ങൾ ഉള്ളതിനാൽ 'അഞ്ചീനിക്കുളം' ആയെന്നാണ് പറയപ്പെടുന്നത്.
നവീകരണ പദ്ധതിക്കായി ലെന്‍സ്ഫെഡ് തയാറാക്കിയ രൂപരേഖ ശനിയാഴ്ച നഗരസഭ കൗണ്‍സില്‍ യോഗത്തിന് മുമ്പ് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. രൂപരേഖ ലെന്‍സ്ഫെഡ് മലപ്പുറം ഏരിയ പ്രസിഡന്റ് പി. അബ്ദുല്‍ ലത്തീഫ് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിക്ക് കൈമാറി. പദ്ധതിയുടെ വിഡിയോ പ്രസന്റേഷനും ചടങ്ങിൽ നടന്നു. പി. ഉബൈദുല്ല എം.എല്‍.എ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിന് നിര്‍മിക്കുന്ന പ്രവേശന കവാടത്തിന്റെ രൂപരേഖ ലെന്‍സ്ഫെഡ് മലപ്പുറം യൂനിറ്റ് പ്രസിഡന്റ് കെ. അന്‍സാര്‍ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.