ചൂട് കനത്തു: പാലക്കാട് ജില്ല വെന്തുരുകുന്നു
text_fieldsപാലക്കാട്: കനത്ത ചൂടിൽ ജില്ല വെന്തുരുകുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 40 ഡിഗ്രി സെൽഷ്യസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. ഇക്കുറി വേനലിന്റെ ആദ്യവാരങ്ങളിൽ തന്നെ ജില്ലയിൽ ചൂടുയരുന്ന പ്രവണതയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഈ സീസണിലെ ശരാശരി ചൂട് ജില്ലയിൽ 35 ഡിഗ്രിക്ക് മുകളിലാണ്. ജലവിഭവ വകുപ്പിന്റെ മലമ്പുഴ അണക്കെട്ടിലുള്ള താപമാപിനിയും ഏതാനും ദിവസങ്ങളായി 35 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷതാപം രേഖപ്പെടുത്തുന്നത്. മാർച്ച് അവസാനം, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ജില്ലയിൽ പൊതുവെ ചൂട് കൂടുതൽ അനുഭവപ്പെടാറുള്ളത്. എന്നാൽ, ഈ വർഷം നേരത്തേതന്നെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ജനജീവിതത്തെ ബാധിച്ചു തുടങ്ങി. രാത്രി കുറഞ്ഞ താപനിലയിലും വർധനയുണ്ട്. സംസ്ഥാനത്ത് സ്ഥിരം ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ലകൂടിയായ പാലക്കാട് മുൻവർഷങ്ങളിൽ സൂര്യാഘാതത്താലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദേശമിറക്കി. ചൂട് സ്ഥിരം 35 ഡിഗ്രിക്കു മുകളിലാകുന്നതിനാൽ ജില്ലയിൽ തൊഴിൽസമയം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൂട് വർധിച്ചതോടെ പകർച്ചവ്യാധി മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ചൂടിനോടൊപ്പം, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും കൂടുതലായതിനാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണം താരതമ്യേന കുറവാണ്.
ശീതളപാനീയങ്ങളുടെ വിൽപന കുത്തനെ ഉയർന്നു
ജില്ലയിൽ ചൂട് കൂടിയതോടെ ശീതളപാനീയങ്ങളുടെ വിൽപന കുത്തനെ ഉയർന്നു. യാത്രക്കാരെ ലക്ഷ്യംവെച്ച് പ്രധാന പാതയുടെ വശങ്ങളിലും നഗരത്തിലും ശീതളപാനീയങ്ങളും പഴവർഗങ്ങളും വിൽപന നടത്തുന്ന വഴിയോര കച്ചവട സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു. യാത്രക്കിടയിൽ ചൂട് ശമിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചു. മായം തീരെ കലരാത്ത ജില്ലയുടെ തനത് വിഭവമായ പനനൊങ്ക് തേടിയെത്തുന്നവർ നിരവധിയാണ്. ചൂടിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് പനനൊങ്ക്. തണ്ണിമത്തൻ, ഓറഞ്ച് എന്നിവക്കും ആവശ്യക്കാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.