കാലാവസ്ഥ വ്യതിയാനം നേരിടണം -പ്രഫ. അരവിന്ദകുമാർ
text_fieldsകോട്ടയം: പ്രകൃതിയിലെ വർധിച്ച ഇടപെടലുകൾ കാലാവസ്ഥ വ്യതിയാനത്തിനും അതിനെ തുടർന്നുള്ള പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു എന്ന് സുവ്യക്തമായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ ജനങ്ങളെ ശരിയായി ബോധവത്കരിക്കുന്നതിന് അക്കാദമിക സമൂഹം ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് എം.ജി സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദ്കുമാർ.
സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് വിഭാഗം സംഘടിപ്പിച്ച 'പാരിസ്ഥിതിക വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യേക പ്രഭാവം' വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒരുവർഷമായി നടന്നുവരുന്ന ഗവേഷണപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശിൽപശാലയിൽ പഞ്ചായത്ത് അംഗങ്ങൾ, ദുരന്ത പീഡിതരുടെ പ്രതിനിധികൾ, കുട്ടികൾ, സർവകലാശാല ഗവേഷകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. അരുൺ റെജി, ഡോ. എം.വി. ബിജുലാൽ, കൃഷ്ണവേണി, സി.എൻ. സുനിൽകുമാർ (തിരുവാർപ്പ് പഞ്ചായത്ത്), പി.പി. ജോൺ (തൊഴിലാളി പ്രതിനിധി), ഹബീബ് റഹ്മാൻ (കൂട്ടിക്കൽ പഞ്ചായത്ത്), സി.ജെ. തങ്കച്ചൻ (സാമൂഹിക പ്രവർത്തകൻ) തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.