വെള്ളപ്പൊക്ക അപകട സാധ്യത; പ്രതിരോധ ദുർബലത സൂചികയുമായി കാർഷിക സർവകലാശാല
text_fieldsകൽപറ്റ: വെള്ളപ്പൊക്ക അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നഗരാസൂത്രണം, പരിഹാരമായി തീരുമാനമെടുക്കേണ്ട സാഹചര്യങ്ങൾ എന്നിവക്കുള്ള ഉപാധിയായി വെള്ളപ്പൊക്ക പ്രതിരോധ ദുർബലത സൂചികയുമായി കേരള കാർഷിക സർവകലാശാല.
വെള്ളപ്പൊക്ക ലഘൂകരണ ശ്രമങ്ങൾക്ക് മുൻഗണന, വിഭവങ്ങൾ വേണ്ടിടങ്ങളില്‍ എത്തിക്കുക, പ്രളയബാധിത പ്രദേശങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ആസൂത്രണം വികസിപ്പിക്കുക എന്നിവക്ക് ഭൂപടം സഹായകമാവും. ആദ്യഘട്ടമായി എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാർഷിക-പരിസ്ഥിതി മേഖലകൾക്കായുള്ള വെള്ളപ്പൊക്ക പ്രതിരോധ ദുർബലത ഭൂപടങ്ങളാണ് സർവകലാശാല പഠനം നടത്തി തയാറാക്കിയത്.
മറ്റ് ജില്ലകളിലും കൂടി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. സർക്കാറിന്റെ 2021-22ലെ ആസൂത്രണ പദ്ധതിക്ക് കീഴിൽ കേരളത്തിന്റെ ദുർബലത മാപ്പിങ്ങിനെക്കുറിച്ചുള്ള നെറ്റ്വർക് പ്രോജക്റ്റിന്റെ ഭാഗമായാണ് വിവിധ കാർഷിക-പരിസ്ഥിതി മേഖലകൾക്കായി ഇത്തരത്തിലുള്ള പഠനം സർവകലാശാല നടത്തിയത്.
വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ പ്രതിരോധ നടപടി നടപ്പാക്കുക, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, മുൻകൂർ മുന്നറിയിപ്പ് സംവിധാനം വർധിപ്പിക്കുക, സമൂഹത്തിന്റെ കൂട്ടായ്മ മെച്ചപ്പെടുത്തുക എന്നിവക്ക് ഭൂപടം സഹായകമാവും.
ഒരുപ്രദേശത്തെ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ആഘാതവും വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന രീതിശാസ്ത്രമാണ് വെള്ളപ്പൊക്ക പ്രതിരോധ ദുർബലത സൂചിക. ഭൂപ്രദേശത്തിന്റെ സവിശേഷത, ജനസാന്ദ്രത, അടിസ്ഥാന സൗകര്യം, ഭൂവിനിയോഗ രീതികൾ, മുന്‍കാലങ്ങളിലുണ്ടായ വെള്ളപ്പൊക്കങ്ങള്‍, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ എന്നിവ പരിശോധിച്ചാണ് ഇത് കണക്കാക്കുന്നത്.
ഭൗതിക പരിസ്ഥിതി പ്രതിരോധ ദുർബലതയും സാമൂഹിക-സാമ്പത്തിക പ്രതിരോധ ദുർബലതയും സമന്വയിപ്പിച്ചാണ് വെള്ളപ്പൊക്ക പ്രതിരോധ ദുർബലത സൂചികകൾ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.