സൈലന്റ്വാലിയിൽ നിയമം കാറ്റിൽ പറത്തി വനംവകുപ്പിന്റെ റോഡ്നിർമാണം
text_fieldsതിരുവനന്തപുരം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ഹൃദയ ഭാഗത്തുകൂടി വന്യമൃഗ, വന സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തി വനംവകുപ്പിന്റെ റോഡ് നിർമാണം. ആദിവാസി ഊരിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന്റെ പേരിലാണ് മുക്കാലി മുതൽ സൈരന്ദ്രി വരെയുള്ള 21 കിലോമീറ്റർ വനപാത നബാർഡ് സഹായത്തോടെ കോൺക്രീറ്റ് ചെയ്യുന്നത്. നിത്യഹരിത വനത്തിലെ പാറക്കെട്ടുകൾ വെടിമരുന്ന് ഉപയോഗിച്ചും ഹിറ്റാച്ചി മെഷീൻ കൊണ്ടും ആഴ്ചകളായി പൊട്ടിക്കുകയാണ്. ദേശീയ ഉദ്യാനത്തിൽ ഇത്തരത്തിൽ നിർമാണ പ്രവർത്തനം നടത്തുന്നതിനുമുമ്പ് ദേശീയ വന്യജീവി ബോർഡിന്റെയും കേന്ദ്ര, വന പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ആവശ്യമാണെന്നിരിക്കെ ഇത് വനംവകുപ്പ് തേടിയിട്ടില്ല.
അനുമതിയില്ലാതെയുള്ള നിർമാണങ്ങൾ വനംവകുപ്പിലെ ഉന്നതരുടെ അറിവോടെയാണ്. മുക്കാലിയിലെ ടൂറിസം റിസോർട്ടുകൾക്ക് മാത്രമാണ് നിലവിലെ റോഡ് നിർമാണം കൊണ്ട് ഉപയോഗമെന്നും ആക്ഷേപമുണ്ട്. രഹസ്യമായാണ് നിർമാണം നടക്കുന്നത്. സൈലന്റ്വാലി ഉദ്യാന രൂപവത്കരണം മുതൽ ജൈവ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെയാണ് നിലവിലുണ്ടായിരുന്ന കാനന പാത ആദിവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും കാലങ്ങളായി ഉപയോഗിച്ചുവന്നത്. കറുവാറ ആദിവാസി ഊരിലേക്കും പന്തംതോട്, സൈരന്ദ്രി സംരക്ഷണ ക്യാമ്പുകളിലേക്കുള്ള വരവുംപോക്കും സുഗമമാക്കാൻ നിലവിലെ പാത ഉപയോഗ യോഗ്യമല്ലെന്ന വാദം ഉയർത്തിയാണ് റോഡ് നിർമാണം.
കല്ലുകൾ പാകിയ റോഡ് കനത്ത മഴയത്ത് ഇളകി കുണ്ടും കുഴിയുമായെന്നുമാണ് മറ്റൊരു വാദം. 2018 സെപ്റ്റംബറിലെ പ്രളയത്തിൽ മുക്കാലി-സൈരന്ദ്രി പാതയിൽ 59 മണ്ണിടിച്ചിലാണ് ഉണ്ടായത്. വലിയ പാറകളും മറ്റും ഒലിച്ചുവരികയും ചെയ്തു. ഈ പാതയാണ് നിലവിൽ എക്സ്കവേറ്റർ ഉപയോഗിച്ച് ഉഴുതുമറിക്കുന്നതും പാറകൾ പൊട്ടിക്കുന്നതും.
സൈലന്റ് വാലി ഉദ്യാനത്തിന്റെ ഹൃദയ ഭാഗമായ ഇവിടെ നടക്കുന്ന നിർമാണം ജൈവ ആവാസ വ്യവസ്ഥക്ക് കടുത്ത ആഘാതവും ഭീഷണിയുമാണ്. പാതയുടെ വീതി 15 മീറ്ററായി വർധിപ്പിക്കുകയുമാണ്. ആദിവാസികൾ നിലവിലുള്ള പാത പരാതികൾ ഇല്ലാതെ ഉപയോഗിക്കവെ, പുതിയ പാത അവർക്കുവേണ്ടിയാണെന്നാണ് വനംവകുപ്പ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.