സൈലൻറ് വാലിയില്‍നിന്ന് നാല് പുതിയ രത്നവണ്ടുകളെ കണ്ടെത്തി
text_fieldsതേഞ്ഞിപ്പലം: രത്നവണ്ടുകളുടെ (ബ്യൂപ്രെസ്റ്റിഡെ) കുടുംബത്തിലേക്ക് സൈലൻറ് വാലി ദേശീയോദ്യാനത്തില്‍നിന്ന് നാല് പുതിയ ഇനങ്ങള്‍ കൂടി. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസോ. പ്രഫസര്‍ ഡോ. വൈ. ഷിബുവര്‍ധനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടെത്തിയത്. യു.ജി.സിയുടെ പ്രത്യേക സഹായ പരിപാടിയുടെ (എസ്.എ.പി) ധനസഹായമുപയോഗിച്ച് തെരഞ്ഞെടുത്ത സംരക്ഷിത വനമേഖല കേന്ദ്രീകരിച്ചുള്ള പഠനമാണ് കണ്ടെത്തലിന് വഴിയൊരുക്കിയത്. ഗവേഷണ വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി എസ്. സീന, പാലക്കാട്ടുനിന്നുള്ള പി.പി. ആനന്ദ് എന്നിവരാണ് പഠനസംഘത്തിലെ മറ്റുള്ളവര്‍. അത്യാകര്‍ഷകമായ വര്‍ണങ്ങളും ബാഹ്യഘടനയുമുള്ള നിരവധി വർഗങ്ങളുള്ള കുടുംബമാണ് ബ്യൂപ്രെസ്റ്റിഡെ. പ്രകാശത്തെ വ്യത്യസ്ത രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പുറന്തോടിന്റെ ഘടന കാരണമാണ് ഈ കുടുംബത്തിലുള്ളവയെ രത്നവണ്ടുകള്‍ എന്ന് വിളിക്കുന്നത്. അഗ്രില്ലസ് ജനുസ്സിലെ അഗ്രില്ലസ് വിറ്റാമാണീ വർഗത്തിലാണ് പുതിയ നാല് വണ്ടിനങ്ങള്‍ വരുന്നത്. ഇതുവരെ ലോകത്താകമാനം ആറ് വർഗങ്ങളെ ഈ ഗ്രൂപ്പില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ഷിബുവര്‍ധനന്‍ പറഞ്ഞു. അതില്‍ രണ്ടെണ്ണം ദക്ഷിണേന്ത്യയില്‍ പ്രാദേശികമായി കാണുന്നവയാണ്.
നാല് മില്ലി മീറ്ററില്‍ താഴെയാണ് വലുപ്പം. അഗ്രില്ലസ് കേരളന്‍സിസ്, അഗ്രില്ലന്‍സ് പാലക്കാടന്‍സിസ്, അഗ്രില്ലസ് സഹ്യാദ്രിയന്‍സിസ്, അഗ്രില്ലന്‍സ് സൈലന്റ് വാലിയന്‍സിസ് എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. ജേണല്‍ ഓഫ് ഏഷ്യ പസഫിക് എന്റമോളജിയുടെ പുതിയ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രത്നവണ്ടുകളില്‍ കുറച്ചെണ്ണത്തെ മാത്രമേ കീടങ്ങളായി കണക്കാക്കിയിട്ടുള്ളൂ. മരത്തടികള്‍ ജീര്‍ണിക്കാൻ സഹായിക്കുന്നവയാണ് ഇവയിൽ കൂടുതലും. ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമേ ഈ വണ്ടുകളുടെ ജൈവ വൈവിധ്യം മനസ്സിലാക്കാനാകൂ. പ്രകാശ പ്രതിഫലനത്തിന്റെ ആഴത്തിലുള്ള പഠനങ്ങള്‍ രത്നനിര്‍മാണമേഖലയിലും ഫോട്ടോണിക് വസ്തുക്കള്‍ രൂപകൽപന ചെയ്യുന്നതിലും സഹായകമാകുമെന്ന് ഡോ. ഷിബുവര്‍ധനന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.