മാലിന്യം തള്ളല്‍: പൊലീസും തദ്ദേശവകുപ്പും ചേർന്ന് സംയുക്ത നിരീക്ഷണ പദ്ധതി
text_fieldsകൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി പൊലീസും തദ്ദേശ വകുപ്പും സംയുക്ത നിരീക്ഷണ പദ്ധതി നടപ്പാക്കുന്നു. മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.
'ഒരു കുറ്റകൃത്യം തടയുക അല്ലെങ്കില്‍ ഒരു നിയമവിരുദ്ധ പ്രവര്‍ത്തനം തടയുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി ഉടന്‍ നടപ്പാക്കണം. പൊലീസ്, തദ്ദേശ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ പദ്ധതി നടപ്പിലാക്കാന്‍ സഹകരിക്കണമെന്നും പൊലീസിന്റെ സഹായത്തോടെ വളരെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളില്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തില്‍ പറഞ്ഞു.
രാത്രിയില്‍ വ്യക്തമായ നിരീക്ഷണം സാധ്യമാകുന്നതിന് ഐ.പി കാമറകളും ഐ.ആര്‍ കാമറകളുമാണ് സ്ഥാപിക്കേണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സി.സി.ടി.വി കാമറകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പൊലീസിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും സാധിക്കും.
കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം. ഷെഫീഖ്, പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.