ചൂട് കൂടുന്നു; കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsആലപ്പുഴ: ചൂട് കൂടുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) നിര്‍ദേശിച്ചു. കനത്ത ചൂടിൽ ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് താപശരീര ശോഷണമുണ്ടാക്കുന്നു. കടുത്ത വെയിലത്ത് ജോലി ചെയ്യുന്നവര്‍, പ്രായാധിക്യമുള്ളവര്‍, രക്തസമ്മർദം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ ഇത് അധികമായി കണ്ടുവരുന്നു. വര്‍ധിച്ച വിയര്‍പ്പ്, വിളറിയ ശരീരം, പേശിവലിവ്, കഠിനമായ ക്ഷീണം, തലവേദന, തലക്കറക്കം, ഓക്കാനവും ഛര്‍ദിയും തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇതേതുടര്‍ന്ന് ശരീരത്തിന്റെ പല പ്രധാന പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന സ്ഥിതിയാണ് സൂര്യാഘാതം.
ശ്രദ്ധിക്കേണ്ടവ
രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിലുള്ള വെയില് നേരിട്ട് ഏൽക്കരുത്
വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ തണലത്തേക്ക് മാറിനിൽക്കണം. വെള്ളവും കുടിക്കണം
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ശീലമാക്കുക
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
കാറ്റ് കടക്കുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്
വെയിലത്ത് ഇറങ്ങുമ്പോൾ അസ്വസ്ഥത തോന്നിയാല്‍ തണുത്ത വെള്ളംകൊണ്ട് ദേഹം തുടക്കുക. കാറ്റ് കൊള്ളുന്നതിനൊപ്പം ഫാനും എ.സിയുമുള്ള സ്ഥലത്ത് ഇരിക്കുകയും വേണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.