200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ; കനത്ത ചൂടിൽ വെന്തുരുകി ആഫ്രിക്ക
text_fieldsഡാക്കാര്‍: ആഫ്രിക്കയുടെ സാഹീല്‍ പ്രദേശത്ത് ഏപ്രിലിന്റെ തുടക്കത്തില്‍ ഉണ്ടായ ഉഷ്ണതരംഗത്തിന് പിന്നില്‍ മനുഷ്യപ്രേരിതമായ കാലാവസ്ഥ മാറ്റമെന്ന് പുതിയ പഠനം. 200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഇത്തരം ഉഷ്ണതരംഗങ്ങൾക്ക് കാഠിന്യമേറാന്‍ കാരണം മനുഷ്യര്‍ തന്നെയെന്നും വേള്‍ഡ് വെതല്‍ ആട്രിബ്യൂഷന്‍റ (ഡബ്ല്യു.ഡബ്ല്യ.എ). പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗം ആഗോള താപനത്തിന്റെ വേഗത കൂട്ടിയതാണ് ഇത്രവലിയ ഉഷ്ണത്തിലേക്ക് നയിക്കാൻ കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് പോലുള്ള മനുഷ്യ പ്രവർത്തനങ്ങൾ താപനിലയെ സാധാരണയേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് വരെ വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തേക്കാൾ എൽ നിനോയാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമെന്നും മറ്റൊരു പഠനം പറയുന്നു. കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ദീർഘകാല ഉപയോഗവും വനനശീകരണം പോലുള്ള മറ്റ് പ്രവർത്തനങ്ങളും താപനില ഉയരാൻ കാരണമാകുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയിലും ബുർക്കിനാ ഫാസോയിലും ഏപ്രില്‍ ഒന്നിനും അഞ്ചിനുമിടയില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. സാഹീല്‍ പ്രദേശത്ത് മാര്‍ച്ചിനും ഏപ്രിലിനും കടുത്ത തോതിലുള്ള ഉഷ്ണതരംഗമുണ്ടാകാനുള്ള പ്രധാന കാരണം ആഗോളതാപനമാണെന്നും പഠനം വ്യക്തമാക്കുന്നു. കടുത്ത ഉഷ്ണതരംഗം 200 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഇനിയും സംഭവിക്കാമെന്ന ആശങ്കയും ഗവേഷകര്‍ പങ്കുവെയ്ക്കുന്നു. മാലിയിലും ബുർക്കിനാ ഫാസോയിലും ജനങ്ങള്‍ പ്രതികൂല കാലാവസ്ഥയോട് പൊരുത്തപ്പെട്ടുവെങ്കിലും ചൂട് കാരണമുള്ള മരണങ്ങൾ നിരവധിയാണ്. വിവരശേഖരണത്തിലെ പരിമിതികള്‍ മൂലം ഈ രാജ്യങ്ങളിലെ യഥാര്‍ത്ഥ മരണനിരക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യു.ഡബ്ല്യു.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.