കാറ്റും മഴയും: അരീക്കോട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കാവനൂർ പഞ്ചായത്തുകളിൽ അഞ്ച് ഹെക്ടർ കൃഷിനാശം, 34 ലക്ഷം രൂപ നഷ്ടം
text_fieldsഅരീക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും അരീക്കോടും പരിസര പഞ്ചായത്തുകളിലുമായി വ്യാപക കൃഷിനാശം. അരീക്കോട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കാവനൂർ പഞ്ചായത്തുകളിലായി അഞ്ച് ഹെക്ടർ കൃഷിയാണ് നശിച്ചത്. പ്രധാനമായും വാഴ കൃഷിക്കാണ് അടിയേറ്റത്. 11,000 കുലച്ച വാഴയാണ് നിലംപതിച്ചത്. അരീക്കോട് പഞ്ചായത്ത് പരിധിയിൽ മാത്രം 5000 കുലച്ച നേന്ത്രവാഴയാണ് നിലംപതിച്ചത്.
പഞ്ചായത്തിലെ താഴത്ത്മുറി, മുള്ളൻ ചാലി, പെരാണത്തുമ്മൽ, കട്കുറ്റി, പൂങ്കുടി ഭാഗങ്ങളിലാണ് പ്രധാനമായും കൃഷിനാശം സംഭവിച്ചത്. പാട്ടകൃഷി ഇറക്കിയ പ്രദേശത്തെ ഇരുപതോളം കർഷകരുടെ കൃഷിയാണ് വിളവെടുപ്പിന് ഒരുങ്ങുന്നതിനു മുമ്പ് വെള്ളത്തിനടിയിലായത്. അരീക്കോട് പഞ്ചായത്തിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കുന്നുണ്ടെന്ന് അരീക്കോട് കൃഷി ഓഫിസർ നജ്മുദ്ദീൻ പറഞ്ഞു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒന്നേകാൽ ഹെക്ടർ കൃഷിഭൂമിയിൽ ഇരുപതോളം കർഷകരുടെ 3000 കുലച്ച വാഴയാണ് നശിച്ചത്.
തൃക്കളയൂർ, ചാലിപാടം ഭാഗത്താണ് പ്രധാനമായും കൃഷിനാശമുണ്ടായത്. ഏകദേശം ഒമ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ടെന്ന് കീഴുപറമ്പ് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
കാവനൂർ പഞ്ചായത്ത് പരിധിയിൽ മൂന്ന് കർഷകരുടേതായി ആയിരത്തോളം വാഴകളാണ് നശിച്ചത്. ചെങ്ങര ഭാഗത്താണ് പ്രധാനമായും കൃഷിനാശമുണ്ടായത്. മൂന്നു ലക്ഷത്തോളം രൂപയുടെ നാശം കണക്കാക്കുന്നു.
ഊർങ്ങാട്ടിരി പഞ്ചായത്തിലും പ്രധാനമായി വാഴകൃഷി തന്നെയാണ് നശിച്ചത്. തെരട്ടമ്മൽ, ഈസ്റ്റ് വടക്കുംമുറി, മൈത്ര, കൂത്തുപറമ്പ്, കക്കാടംപൊയിൽ, വെണ്ടയ്ക്കുംപൊയിൽ, മരത്തോട്, കൂനൂർകണ്ടി ഭാഗങ്ങളിലായി 1800 വാഴയാണ് നിലംപതിച്ചത്.
ഇതിനു പുറമേ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഒരേക്കർ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. ഏകദേശം ആറ് ലക്ഷം രൂപയുടെ കൃഷിനാശമാണ് ഊർങ്ങാട്ടിരിയിലുണ്ടായത്.ചവാഴക്ക് പുറമെ രണ്ട് ഏക്കറോളം മറ്റു കൃഷികളും നാല് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി നശിച്ചിട്ടുണ്ട്. നിലവിൽ കർഷകർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കർഷകർക്കുള്ള ഇൻഷുറൻസ് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് നാല് പഞ്ചായത്തുകളിലെയും കൃഷി ഓഫിസർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.